മനസിലായല്ലോ അല്ലേ... ഈരാറ്റുപേട്ടയിലോ പരിസരത്തോ കണ്ടാല്‍ തല്ലുമെന്ന ഭീഷണിക്ക് ശേഷം വീണ്ടും വെട്ടിത്തുറന്ന് പിസി ജോര്‍ജ്; യുഡിഎഫ് അതു ചെയ്‌തെങ്കില്‍ പൂഞ്ഞാര്‍ കിട്ടിയേനെ; ഈരാറ്റുപേട്ടയിലെ വര്‍ഗീയ വാദികളുടെ വോട്ട് വേണ്ട എന്ന പരസ്യ നിലപാട് നുണപ്രചാരണമാക്കി; എന്നെ ഒതുക്കിയെന്നു കരുതേണ്ട

ഞാനും ബിജപിയിലെ ടീച്ചറും കൂടി ആര് കേരളം ഭരിക്കുമെന്ന് തീരുമാനിക്കുമെന്ന് പറഞ്ഞ പിസി ജോര്‍ജ് കനത്ത തോല്‍വിക്ക് ശേഷം കാണാനില്ലായിരുന്നു.
ഈരാറ്റുപേട്ടയിലോ പരിസരത്തോ കണ്ടാല്‍ തല്ലുമെന്ന് പി.സി ജോര്‍ജിനെതിരെ ഭീഷണിയും വന്നു. എന്നാല്‍ അതെല്ലാം അവഗണിച്ച് ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയാണ് പിസി ജോര്‍ജ്. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ് എല്ലാം വെട്ടിത്തുറന്ന് പറയുന്നത്.
ഞാന്‍ ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും തന്നെ കാണും. ചന്തകള്‍ക്ക് മുന്നില്‍ മുഴുത്ത ചന്തതന്നെയാകും. യഥാര്‍ഥ പ്രതിപക്ഷമായി ഇവിടെ കാണുമെന്നും പിസി ജോര്‍ജ് പറഞ്ഞു. അതൊക്കെ പുച്ഛത്തോടെ തള്ളിക്കളയുന്നു. നേരിട്ട് വരാന്‍ ധൈര്യമില്ലാത്തവരാണ് ഇങ്ങനെ ഫോണില്‍ വിളിച്ചും സോഷ്യല്‍ മീഡിയയിലും അധിക്ഷേപം നടത്തുന്നത്. ഞാന്‍ ഇപ്പോഴും ഈരാറ്റുപേട്ടയില്‍ തന്നെയുണ്ട്.
ഈരാറ്റുപേട്ടയിലെ വര്‍ഗീയ വാദികളുടെ വോട്ട് വേണ്ട എന്ന പരസ്യ നിലപാട് എടുത്തിരുന്നു. എന്നാല്‍ വലിയ നുണപ്രചാരണമുണ്ടായി. ഞാന്‍ മുസ്‌ലിം സമുദായത്തിനു മുഴുവന്‍ എതിരാണ് എന്ന തരത്തില്‍ പ്രചാരണം നടന്നു. അതില്‍ അത്തരത്തില്‍ ഒരു വോട്ടു പോലും കിട്ടിയില്ല.
ഞാന്‍ 40 വര്‍ഷം എന്റെ സ്വന്തം പോലെ കൊണ്ടു നടന്നവരാണ്. ഇപ്പോള്‍ ചെറിയ തെറ്റിദ്ധാരണ വന്നു. പക്ഷെ അവര്‍ 6 മാസത്തിനുള്ളില്‍ എന്റെ അടുത്തു തന്നെ തിരിച്ചു വരും. മൂന്നു സ്ഥാനാര്‍ഥികളും ക്രിസ്ത്യാനികള്‍ ആയി. അതോടെ ക്രിസ്ത്യന്‍ വോട്ടുകള്‍ വിഭജിച്ചു. അത് തിരിച്ചടിയായി. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ മുന്‍ നിര്‍ത്തി ഹിന്ദുക്കളില്‍ നല്ല വിഭാഗവും എനിക്ക് വോട്ട് തന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരായും അവര്‍ എനിക്കു വോട്ട് ചെയ്തതാണ്.
ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് 2016ല്‍ കിട്ടിയത് അപേക്ഷിച്ച് നാമമാത്രമായ വോട്ടുകളാണ് ഇക്കുറി ലഭിച്ചത്. ബിജെപി വോട്ടുകള്‍ എനിക്കുതന്നെയാണ് ലഭിച്ചത്. അത് ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ എടുത്ത നിലപാടിനു ലഭിച്ചതാണ്. ഞാന്‍ ഒരു ബിജെപി നേതാവിനോടും സഹായം അഭ്യര്‍ഥിച്ചില്ല. ഇതു സ്വാഭാവികമായി ലഭിച്ചതാണ്.
ദൈവം തമ്പുരാന്‍ അനുവദിച്ചാല്‍ പൂഞ്ഞാറില്‍ ഇനിയും മത്സരിക്കും. ഞാന്‍ പൂഞ്ഞാര്‍ ഇട്ടിട്ട് പോകില്ല. 1987ല്‍ ഇതു പോലെ എന്നെ എണ്ണിപ്പറഞ്ഞ് തോല്‍പിച്ചതാണ്. അന്ന് എല്ലാവരും പറഞ്ഞു. പി.സി.ജോര്‍ജ് തീര്‍ന്നു. പിന്നീട് 1991ല്‍ കേരള കോണ്‍ഗ്രസിനു(ജെ) സീറ്റ് ലഭിച്ചില്ല. മന്ത്രിയായിരുന്ന എന്‍.എം. ജോസഫിനെ മാറ്റി മത്സരിക്കണം. ഞാന്‍ തന്നെ അത് വേണ്ടെന്ന് പറഞ്ഞു.
അന്ന് ഞങ്ങളുടെ നേതാവ് പി.ജെ.ജോസഫ് തൊടുപുഴയില്‍ ചെന്ന് മത്സരിക്കാന്‍ പറഞ്ഞതാണ്. ഇതൊക്കെ അന്ന് പത്രങ്ങളില്‍ വന്നിരുന്നു. എന്റെ നാടായ പൂഞ്ഞാര്‍ വിട്ട് എങ്ങോട്ടുമില്ലെന്ന് ഞാന്‍ പറഞ്ഞു 1996ല്‍ വീണ്ടും മത്സരിച്ചു. ജയിച്ചു. ഇപ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ ആ ജയം തുടര്‍ന്നു. അതു കൊണ്ട് എന്നെ ഒതുക്കി എന്നു കരുതേണ്ട. ഞാന്‍ ശക്തമായി തിരിച്ചു വരും.
രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തിരഞ്ഞെടുപ്പിന് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പുതന്നെ യുഡിഎഫിലേക്ക് വരണം, ഒരുമിച്ച് പോകണം എന്നു പറഞ്ഞിരുന്നു. ഞാന്‍ അതിനു വേണ്ടി കാത്തിരിക്കുകയും ചെയ്തു. അത് എനിക്ക് പറ്റിയ അബദ്ധമാണ്. കാഞ്ഞിരപ്പള്ളി താലൂക്കിലെ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ശക്തമാണ്.
മുന്നണി ആകുമല്ലോ എന്നു വിചാരിച്ച് അവിടെ കാര്യമായ പ്രവര്‍ത്തനം ആദ്യ ഘട്ടത്തില്‍ നടത്താനായില്ല. അവിടെയാണ് തിരിച്ചടി വന്നതും. ആന്റോ ആന്റണിയാണ് മുന്നണി പ്രവേശനത്തിന് എതിരായത്. ആന്റോ ആന്റണിക്ക് വഴങ്ങി ഉമ്മന്‍ ചാണ്ടിയും മുന്നണിയില്‍ എത്തുന്നത് എതിര്‍ത്തു. ഈരാറ്റുപേട്ടയിലെ ചില കള്ളത്തരങ്ങള്‍ക്ക് കൂട്ടു നില്‍ക്കാത്തതാണ് ഈ എതിര്‍പ്പിനു കാരണം. യുഡിഎഫില്‍ എത്തിയിരുന്നെങ്കില്‍ പൂഞ്ഞാര്‍ അവര്‍ക്ക് കിട്ടിയേനെ. കാഞ്ഞിരപ്പള്ളിയും ഏറ്റുമാനൂരും അവര്‍ ജയിക്കുമായിരുന്നു. ഇങ്ങനെ എത്ര സീറ്റ് യുഡിഎഫ് കളഞ്ഞു എന്ന് അവര്‍ നോക്കട്ടെ.
പാലായില്‍ മാണി സി.കാപ്പനെ തീര്‍ച്ചയായും സഹായമുണ്ടായി. പഴയ പൂഞ്ഞാര്‍ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ പാലായിലുണ്ട്. അവിടെയൊക്കെ നമ്മുടെ ആളുകളോടു മാണി സി.കാപ്പനെ സഹായിക്കാന്‍ പറഞ്ഞിരുന്നു. അവര്‍ അത് ചെയ്തു.
മകന്‍ ഷോണ്‍ പത്തുനാല്‍പതു വയസുള്ള ചെറുപ്പക്കാരനാണ്. ഇപ്പോള്‍ ജില്ലാ പഞ്ചായത്തംഗമാണ്. ഷോണിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ നോക്കാം. അങ്ങനെയെങ്കില്‍ പാലായിലോ കാഞ്ഞിരപ്പള്ളിയിലോ മാറി മത്സരിക്കുന്ന സാധ്യതയും നോക്കാം.
https://www.facebook.com/Malayalivartha
























