ഇങ്ങനെയാവണം സര്‍... തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും ജയിച്ചവനെപ്പോലെ പാലക്കാട് ഏറ്റെടുത്ത് മെട്രോമാന്‍ ഇ ശ്രീധരന്‍; ഷാഫി പറമ്പില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട് പാലക്കാടിനുള്ള സേവനം തുടരുമെന്ന് ശ്രീധരന്‍; വിജയവും തോല്‍വിയും ഒരുപോലെ കണ്ട് ശീലം

മലയാളികള്‍ ഏറെ അഭിമാനിക്കുന്ന ഇ ശ്രീധരന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും ജയിച്ചയാളെപ്പോലെയാണ്. ഷാഫി പറമ്പിനെ അവസാന നിമിഷം വരെ ശ്രീധരന്‍ വിറപ്പിച്ചു. പലപ്പോഴും ശ്രീധരന്‍ ജയിച്ചു എന്നുവരെ തോന്നിച്ചു. പക്ഷെ അവസാന നിമിഷമാണ് ഷാഫി കയറി വന്നത്. തോറ്റു കഴിഞ്ഞിട്ടും മാറി നില്‍ക്കാന്‍ ശ്രീധരന്‍ തയ്യാറല്ല.
തോറ്റാലും ജയിച്ചാലും പാലക്കാടിനു തന്റെ സേവനമുണ്ടാകുമെന്നു പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നുവെന്നും ഇനിയങ്ങോട്ട് അതിനാണു പരിഗണനയെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി. സമഗ്രമായ അടിസ്ഥാന വികസനമാണു ലക്ഷ്യം. നഗരസഭാംഗങ്ങളുമായി വിഷയം നേരിട്ടു ചര്‍ച്ച ചെയ്യും. ഷാഫി പറമ്പില്‍ എംഎല്‍എ വിളിച്ചിരുന്നു. വികസനപ്രവര്‍ത്തനങ്ങളില്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പു പരാജയത്തില്‍ ആരെയും കുറ്റം പറയാനില്ല. സംഘടനയിലെ എല്ലാവരും നന്നായി പ്രവര്‍ത്തിച്ചു. പിന്നെ, ചില രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടാകാം. വിജയവും തോല്‍വിയും ഒരുപോലെ കാണാനാണു ശീലിച്ചിട്ടുള്ളത്. അതുകൊണ്ടാകാം ലീഡ് നില ഉയര്‍ന്നപ്പോള്‍ അത്യാഹ്ലാദവും താഴോട്ടു പോന്നപ്പോള്‍ കടുത്ത നിരാശയുമുണ്ടായില്ല.
ഭാരതപ്പുഴ നവീകരണത്തിനുള്ള ഫ്രന്‍ഡ്‌സ് ഓഫ് ഭാരതപ്പുഴയുടെ പ്രവര്‍ത്തനത്തിനു പരമാവധി സമയം ചെലവഴിക്കണമെന്നാണ് ആഗ്രഹം. ജമ്മു കശ്മീരിലെ ദാല്‍ തടാകം ശുചീകരിക്കാനുള്ള വിദഗ്ധസമിതിയുടെ അധ്യക്ഷസ്ഥാനം കഴിഞ്ഞ ദിവസം ഒഴിഞ്ഞു. കോവിഡ് കാലത്ത് അനുബന്ധ നടപടികളുടെ പ്രയാസം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി.
രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ വിദ്യാര്‍ഥികളിലും സ്ഥാപനങ്ങളിലും എത്തിക്കാനായി ഡല്‍ഹി കേന്ദ്രീകരിച്ചു തുടങ്ങിയ എഫ്ആര്‍എന്‍വിയുടെ അതായത് ദ് ഫൗണ്ടേഷന്‍ ഫോര്‍ റസ്റ്ററേഷന്‍ ഓഫ് നാഷനല്‍ വാല്യൂസ് എന്ന സ്ഥാപക അധ്യക്ഷനാണു ശ്രീധരന്‍. മൂല്യങ്ങളുമായി ബന്ധപ്പെട്ടു സംഘടന നല്‍കിയ നിര്‍ദേശങ്ങള്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഉള്‍പ്പെടുത്തിയതു നേട്ടമാണെന്നും അധ്യാപകര്‍ക്കായി തയാറാക്കിയ മാന്വല്‍ കര്‍ണാടക സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ച നടത്തിയപ്പോള്‍ അനുകൂല മറുപടി ലഭിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല.
ജയിക്കാനായില്ലെങ്കിലും പാര്‍ട്ടിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ എ ക്ലാസ് പ്രകടനവുമാണ് ബിജെപി നടത്തിയത്. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങള്‍ ബിജെപിയുടെ എ ക്ലാസ് പട്ടികയിലാണ്. രണ്ടിടത്തും ഇത്തവണ ബിജെപി നേടിയത് അരലക്ഷത്തിലേറെ വോട്ടുകളാണ്.
ഒപ്പം രണ്ടാം സ്ഥാനവും നിലനിര്‍ത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു ജില്ലയില്‍ ആദ്യമായാണ് നിയോജക മണ്ഡലത്തില്‍ അരലക്ഷത്തിലേറെ വോട്ടുകള്‍ കിട്ടുന്നത്. മെട്രോമാന്‍ ഇ. ശ്രീധരന്‍ മത്സരിച്ച പാലക്കാട്ട് ബിജെപിക്ക് 50,220 വോട്ടുകള്‍ ലഭിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ മത്സരിച്ച മലമ്പുഴയില്‍ അദ്ദേഹം 50,200 വോട്ടുകള്‍ നേടി. രണ്ടു മണ്ഡലങ്ങള്‍ തമ്മിലുള്ള വോട്ടു വ്യത്യാസം 20.
2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ നേടിയത് 40,076 വോട്ടാണ്. ഇത്തവണ അത് 50,220 ആയി. 10,144 വോട്ടിന്റെ വര്‍ധന. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ 6,239 വോട്ടിന്റെ ഭൂരിപക്ഷം നേടാനും പാര്‍ട്ടിക്കു സാധിച്ചു.
മലമ്പുഴ മണ്ഡലത്തില്‍ 2016ല്‍ ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ നേടിയത് 46,157 വോട്ട്. ഇത്തവണ അദ്ദേഹം വോട്ട് 50,200ലേക്ക് ഉയര്‍ത്തി. 4043 വോട്ടിന്റെ വര്‍ധന. ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ മത്സരിച്ച ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാരിയര്‍ 36,973 വോട്ടു നേടി.
എന്തായാലും മെട്രോമാന്റെ പ്രകടനം ബിജെപി ക്യാമ്പിലും വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയത്. ഒന്നാഞ്ഞ് പിടിച്ചാല്‍ കിട്ടാവുന്നതാണ് പാലക്കാടെന്ന നിരാശയും ബിജെപിക്കുണ്ട്.
"
https://www.facebook.com/Malayalivartha
























