പാലാ തോല്‍വി: സിപിഎം വെട്ടില്‍... പാലായില്‍ ജോസ് കെ മാണിയുടെ തോല്‍വിക്കു പിന്നില്‍ സിപിഎം വോട്ടുകളുടെ ചോര്‍ച്ചയുണ്ടായെന്നിരിക്കെ കോട്ടയം ജില്ലയിലെ ഒരു നിര നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിക്കു സാധ്യയേറുന്നു

പാലായില്‍ ജോസ് കെ മാണിയുടെ തോല്‍വിക്കു പിന്നില്‍ സിപിഎം വോട്ടുകളുടെ ചോര്‍ച്ചയുണ്ടായെന്നിരിക്കെ കോട്ടയം ജില്ലയിലെ ഒരു നിര നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിക്കു സാധ്യയേറുന്നു. പാലായിലെ സിപിഎം പ്രാദേശികനേതാക്കളില്‍ ചിലര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
പാലായില്‍ സിപിഎമ്മിലെ ഒട്ടേറെ സഖാക്കള്‍ ജോസ് മാണിയെ പിന്നില്‍ നിന്നു ചവിട്ടിയെന്നതില്‍ തോമസ് ചാഴികാടന്‍ എംപിയും ശരിവെച്ചിരിക്കുന്നു. തദ്ദശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇരുപതിനായിരം വോട്ടുകളുടെ മുന്‍തൂക്കംഎല്‍ഡിഎഫിന് ലഭിച്ചിരുന്നു. പാലായില്‍ ഇക്കുറി ജോസ് കെ മാണി ഇടതുസ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ പതിനാറായിരത്തില്‍പരം വോട്ടുകളുടെ കുറവുണ്ടായതിനെതിരെയാണ് തോമസ് ചാഴികാടന്‍ സിപിഎമ്മിനെതിരെ വെടിപൊട്ടിച്ചിരിക്കുന്നത്.
സിപിഎമ്മുമായി താഴെത്തട്ടില്‍ യോജിക്കാനാകാത്തതാണ് ജോസ് കെ മാണിയുടെ അപ്രതീക്ഷിത തോല്‍വിക്ക് കാരണമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴികാടന്‍ തുറന്നടിച്ചു. മാത്രമല്ല ഓരോ പഞ്ചായത്തിലെയും വാര്‍ഡു തല വോട്ട് കണക്കുകള്‍ അത് ശരിവയ്ക്കുന്നതായി വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.
പാലായില്‍ ജോസ് കെ മാണിയുടെ തോല്‍വിയെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടു നല്‍കാന്‍ പിണറായി വിജയന്‍ സിപിഎം ജില്ലാ സെക്രട്ടറിയോട് നേരിട്ട നിര്‍ദേശിച്ചതിനു പിന്നാലെയാണ് തോമസ് ചാഴികാടന്‍ രംഗത്തുവന്നിരിക്കുന്നത്. ജോസ് കെ മാണിക്ക് ഏറ്റവും മുന്തിയ വകുപ്പില്‍ മന്ത്രിസ്ഥാനം നല്‍കാന്‍ ഉറച്ചിരുന്ന പിണറായി വിജയന് അപ്രതീക്ഷിതമായ ആഘാതമായിരുന്നു പാലായിലെ തോല്‍വി.
പ്രാദേശികമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് തോമസ് ചാഴിക്കാടന്‍ വ്യ്ക്തമാക്കിയതോടെ കേരള കോണ്‍ഗ്രസ് നേതൃത്വത്തില്‍ സിപിഎമ്മിനെതിരെ സംശയം ഉയര്‍ന്നു കഴിഞ്ഞു തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുന്‍പ് പാലാ നഗരസഭയില്‍ സിപിഎം അംഗവും കേരള കോണ്‍ഗ്രസ് എം അംഗവുമായി നടന്ന കയ്യാങ്കളി സിപിഎം പ്രാദേശിക നേതൃത്വം മാണി സി കാപ്പന് കളം അനുകൂലമാക്കാന്‍ ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് മുന്‍പേ സംശയം ഉണര്‍ത്തിയിരുന്നു.
എല്‍ഡിഎഫ് ഭരിക്കുന്ന പാലാ നഗരസഭയിലും ആറു പഞ്ചായത്തുകളിലും സിപിഎം വോട്ടുകള്‍ കാപ്പന് അനുകൂലമായി ചോര്‍ന്നതായാണ് കേരള കോണ്‍ഗ്രസ് കകണ്ടെത്തിയിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി പിണറായിക്കു നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലും വോട്ടു ചോര്‍ച്ച ശരിവച്ചിട്ടുണ്ട്.
ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്തില്‍ ഒഴികെ മറ്റൊരിടത്തും ജോസ് കെ മാണിക്ക് കേവല ഭൂരിപക്ഷം കിട്ടാതെ വന്നതില്‍ കാലുവാരലും വോട്ടു ചോര്‍ച്ചയും വ്യക്തമാക്കിയിരുന്നു. കെഎം മാണിയുടെ മരണശേഷം പാലായില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന് മൂവായിരം വോട്ടുകളില്‍ താഴെയായിരുന്നു ഭൂരിപക്ഷം.
ഒന്നര വര്‍ഷത്തിനുശേഷം ആ ഭൂരിപക്ഷം അഞ്ചിരട്ടിയിലേറെ മാണി സി കാപ്പന്അനുകൂലമായി വര്‍ധിച്ചതിനു പിന്നില്‍ ഇടതുമുന്നണിയിലെ ഒരു വിഭാഗത്തിന്റെ ആസൂത്രിതമായ നീക്കമാണെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമായി സംശയിക്കുന്നു.
സിപിഎം വോട്ടുകളും എല്‍ഡിഎഫ് അനുഭാവ വോട്ടുകളും മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും വ്യാപകമായി കാപ്പന്‍ ക്യാമ്പിലേക്ക് പോയെന്നാണ് കേരളാ കോണ്‍ഗ്രസ് വിലയിരുത്തല്‍. സിപിഎമ്മിന് കേവല ഭൂരിപക്ഷമുള്ള 45 വാര്‍ഡുകളില്‍ നേര്‍പ്പകുതി വോട്ടുകള്‍ മാത്രമാണ് ജോസ് കെ മാണിക്കു ലഭിച്ചിരിക്കുന്നത്.
ഇലക്ഷനിലെ തോല്‍വി തലനാരിഴ കീറി ഇരുപാര്‍ട്ടികളും വിശദമായി പരിശോധിക്കണമെന്നാണ് കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗവും എംപിയുമായ തോമസ് ചാഴിക്കാടന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പാലായില്‍ പാര്‍ട്ടി വോട്ടുകള്‍ മാത്രമല്ല കേരളാ കോണ്‍ഗ്രസ് വോട്ടുകളിലും വിള്ളലുണ്ടായെന്നാണ് സിപിഎം വിലയിരുത്തല്‍.
മുന്‍കാലങ്ങളില്‍ കേരള കോണ്‍ഗ്രസ് തനിച്ചു ഭരിച്ച പഞ്ചായത്തുകളിലും കേരള കോണ്‍ഗ്രസിന് തനിച്ചു ഭൂരിപക്ഷമുള്ള വാര്‍ഡുകളിലും ഇത്തവണ വോട്ടുകളില്‍ കുറവു സംഭവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പാലാ നഗരസഭയിലെ കൈയ്യാങ്കളിയില്‍ നടപടിവേണമെന്ന ആവശ്യവും കേരള കോണ്‍ഗ്രസിന്റെ ആലോചനയിലുണ്ട്. വിശദമായ റിപ്പോര്‍ട്ട് സിപിഎം ജില്ലാ നേതൃത്വം തയ്യാറാക്കി സംസ്ഥാന നേതൃത്വത്തിന് കൈമാറിക്കഴിഞ്ഞു.
എന്നാല്‍ കരൂര്‍, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം പോലുള്ള കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലും മാണി സി കാപ്പന്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. കേരള കോണ്‍ഗ്രസിന് എക്കാലവും വലിയ ഭൂരിപക്ഷം നല്‍കുന്ന കരൂര്‍ പഞ്ചായത്തില്‍ ഇത്തവണ കാപ്പന്‍ ഭൂരിപക്ഷം നേടി. പാലാ നിയോജക മണ്ഡലത്തിലെ കേരള കോണ്‍ഗ്രസ് ഉരുക്കുകോട്ടയായ മുത്തോലി പഞ്ചായത്തില്‍ ഇത്തവണ ജോസ് കെ മാണിക്ക് 220തോളം വോട്ടുകള്‍ മാത്രമാണ് ഭൂരിപക്ഷം ലഭിച്ചത്.
https://www.facebook.com/Malayalivartha
























