തന്ത്രപൂര്‍വം സുധാകരന്‍... നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തോല്‍വി ഉണ്ടായതോടെ മുല്ലപ്പള്ളി രാമചന്ദ്രന്റെ തലയ്ക്കായി പ്രവര്‍ത്തകര്‍ രംഗത്ത്; കെപിസിസി ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിന്റെ ബാനര്‍ പ്രതിഷേധം മുല്ലപ്പള്ളിക്ക് ക്ഷീണമായി; അപമാനിച്ച് ഇറക്കിവിടാന്‍ ശ്രമമെന്ന് ഹൈക്കമാന്‍ഡിനോട് പരാതിയുമായി മുല്ലപ്പള്ളി

വലിയ തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസില്‍ തലകള്‍ മാറാനായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പു തോല്‍വിക്കു പിന്നാലെ കെപിസിസി ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിന്റെ ബാനര്‍ പ്രതിഷേധം ആകെ പുലിവാലായി.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി എന്നിവര്‍ക്കെതിരെയാണ് ഒരു സംഘം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
'മുല്ലപ്പള്ളിയെ പ്രസിഡന്റാക്കി കോണ്‍ഗ്രസിനെ രക്ഷിച്ച എ.കെ. ആന്റണിക്കും കെ.സി.വേണുഗോപാലിനും നന്ദി' എന്ന വാചകമെഴുതിയ ബാനര്‍ ഉയര്‍ത്തിയായിരുന്നു സമരം. പോത്തന്‍കോട് നിന്നുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.
പരാജയത്തിനു കാരണം നേതൃത്വമാണ്. ചിലരുടെ താല്‍പര്യങ്ങളാണ് പാര്‍ട്ടിയില്‍ നടപ്പാക്കുന്നത്. പരാജയം ഓരോ പ്രവര്‍ത്തകനും വലിയ വിഷമമുണ്ടാക്കുന്നുവെന്നു സമരക്കാര്‍ പറഞ്ഞു.
അതേസമയം ഒരു കൂട്ടം ചെറുപ്പക്കാര്‍ നടത്തിയ പ്രതിഷേധം സംഘടനയുടെ അറിവോടെയല്ലെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ പറഞ്ഞു. അന്വേഷണത്തില്‍ ആ പ്രതിഷേധക്കാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നു ബോധ്യപ്പെടുന്നില്ല.
മുതിര്‍ന്ന നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഏതോ കോണില്‍ നിന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നു സംശയിക്കുന്നു. സംഘടനയുടെ പേരു ദുരുപയോഗപ്പെടുത്തി നടത്തിയ ഈ അതിക്രമത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും എന്‍.എസ്.നുസൂര്‍ അറിയിച്ചു.
അതേസമയം കെപിസിസി ആസ്ഥാനത്തുള്ള ഈ പ്രതിഷേധം മുല്ലപ്പള്ളിക്ക് ക്ഷീണമായി. ലതിക സുഭാഷ് പോയതിന്റെ ശാപമായി അത് മാറി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ വലിയ തോല്‍വിയില്‍ തന്നെ അപമാനിച്ച് ഇറക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇട്ടെറിഞ്ഞ് പോയെന്ന വിമര്‍ശനം ആഗ്രഹിക്കുന്നില്ല. ഹൈക്കാന്‍ഡ് പറഞ്ഞാല്‍ രാജിവെച്ചൊഴിയുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കുന്നു. തന്റെ നിലപാട് അദ്ദേഹം ഹൈക്കമാന്‍ഡിനേയും സംസ്ഥാനത്തെ മറ്റു നേതാക്കളേയും അറിയിച്ചിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ തനിക്ക് ആരും ക്രെഡിറ്റ് നല്‍കിയിട്ടില്ല. ഇപ്പോഴത്തെ തോല്‍വിയില്‍ എല്ലാ നേതാക്കള്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്. ഏത് നിമിഷം വേണമെങ്കിലും താന്‍ സ്ഥാനത്ത് നിന്ന് ഒഴിയാം. ഹൈക്കമാന്‍ഡ് അതിന് അനുമതി നല്‍കുകയേ വേണ്ടൂ. എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി ഇട്ടെറഞ്ഞ് പോയി എന്ന പ്രതീതി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചു.
എ.ഐ.സി.സി ഇത്രയധികം ഇടപ്പെട്ട ഒരു തിരഞ്ഞെടുപ്പ് കേരളത്തില്‍ നടന്നിട്ടില്ല. തോല്‍വിയില്‍ കൂട്ടുത്തരവാദിത്തമുണ്ട്. എന്നാല്‍ തന്നെ ഒറ്റപ്പെടുത്താനും അപമാനിച്ച് ഇറക്കി വിടാനുമുള്ള ശ്രമം നടക്കുന്നുവെന്നും മുല്ലപ്പള്ളി അറിയിച്ചു.
ഉറക്കം തൂങ്ങി പ്രസിഡന്റ് നമുക്ക് ഇനിയും വേണമോയെന്നുള്ള ഹൈബി ഈഡനടക്കമുള്ള നേതാക്കളുടെ വിമര്‍ശനങ്ങളുടേയും പരിഹാസ്യങ്ങളുടേയും പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളി നേതൃത്വം നിലപാട് അറിയിച്ചത്.
പരാജയത്തില്‍ ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ വ്യക്തമാക്കി. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം ഭംഗിയായി നടത്തി. ഇനിയുള്ള നടപടികള്‍ സമയമെടുത്ത് ആലോചിച്ച് കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
പരാജയത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുക എന്നതാണ് അനിവാര്യം. പരാജയത്തിന് നിരവധി കാരണങ്ങളുണ്ട്. അവ കണ്ടെത്തി തിരുത്തുന്ന നടപടിയല്ലാതെ വ്യഗ്രതപ്പെട്ട് ഒരു നടപടി സ്വീകരിക്കുന്നത് ഗുണകരമാകില്ല. അതിന് അതിന്റേതായ സമയമെടുക്കും. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ചര്‍ച്ചചെയ്ത് ഹൈക്കമാന്‍ഡുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























