സഹായിച്ചത് മറക്കില്ലയാശാനെ... സുകുമാരന്‍ നായര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുളള ഗൂഢാലോചനയില്‍ കൈകോര്‍ത്തതായി ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍; ഫലം വന്നതിന് ശേഷവും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഎം വീണ്ടും രംഗത്ത്. സുകുമാരന്‍ നായര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ കോണ്‍ഗ്രസുമായും ബിജെപിയുമായും കൈകോര്‍ത്തുവെന്നാണ് സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തില്‍ പാര്‍ട്ടിയുടെ ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ ആരോപിക്കുന്നത്.
സര്‍ക്കാരിനെതിരായ അട്ടിമറി ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാന്‍ പരസ്യ പ്രസ്താവനകള്‍ നടത്തിയെന്നാണ് ലേഖനം കുറ്റപ്പെടുത്തുന്നത്. വര്‍ഗീയ ധ്രുവീകരണത്തിന് എതിരായ പോരാട്ടത്തിന് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ഊര്‍ജമാകുമെന്നും എ വിജയരാഘവന്‍ പറയുന്നു.
തിരഞ്ഞെടുപ്പ് ദിവസം സുകുമാരന്‍ നായര്‍ നടത്തിയ അഭിപ്രായങ്ങളെ വിമര്‍ശിച്ച് നേരത്തെ മുഖ്യമന്ത്രി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ എല്‍ ഡി എഫിനോട് വിരോധമില്ലെന്നും തിരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന നിലപാടിലുമാണ് എന്‍എസ്എസ്. സുകുമാരന്‍ നായരെ പിന്തുണച്ച് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
പിണറായി വിജയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ കേരളത്തിലെ യുഡിഎഫും ബിജെപിയും കൈകോര്‍ത്തുപിടിച്ചു. ഒട്ടേറെ സമരാഭാസങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കി. വിമോചനസമരകാലത്തെ കേന്ദ്ര ഇടപെടലിനു തുല്യമായി കേരളത്തിലെ വികസനം മുടക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ കൂട്ടത്തോടെ ഇവിടെ എത്തി. ഫെഡറല്‍ തത്വങ്ങളെ ലംഘിച്ച് കേരള വികസനത്തെ അട്ടിമറിക്കാനുള്ള ഈ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് യുഡിഎഫ് പരസ്യമായി കൂട്ടുനിന്നു. ഇത് യാദൃച്ഛികമല്ല. സിബിഐ പോലുള്ള അന്വേഷണ ഏജന്‍സികളെ വിളിച്ചുവരുത്തിയതും യുഡിഎഫ് ആയിരുന്നു.
ഇടതുപക്ഷ തുടര്‍ഭരണം ഒഴിവാക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചതുപോലെ കോണ്‍ഗ്രസ്, ലീഗ്, ജമാ അത്തെ ഇസ്ലാമിസഖ്യം വിപുലീകരിച്ച് ബിജെപിയുമായി വോട്ടുകച്ചവടം നടത്തുകയെന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കേരളത്തില്‍ ശ്രമവുമുണ്ടായി. വലിയതോതില്‍ കള്ളപ്പണം കേരളത്തിലേക്ക് കുഴല്‍പ്പണമായി ഒഴുകി. ജനവിധി അട്ടിമറിക്കാനാണ് ഇതിലൂടെ കേന്ദ്രാധികാരത്തിലുള്ള ബിജെപി ശ്രമിച്ചത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്നപോലെ ശബരിമല സ്ത്രീപ്രവേശന വിഷയം വീണ്ടും ഉന്നയിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനും ശ്രമം നടന്നു. തെരഞ്ഞെടുപ്പിന് കേരളത്തില്‍ എത്തിയ നരേന്ദ്ര മോഡി, അമിത് ഷാ ദ്വയം പ്രചാരണയോഗങ്ങളില്‍ 'ശരണം' വിളിച്ചതും രാഷ്ട്രീയ ലാഭത്തിനായിരുന്നു. റോഡ്‌ഷോയുമായി വന്ന രാഹുല്‍-പ്രിയങ്ക സഹോദരങ്ങള്‍ മുഖ്യശത്രുവായി പിണറായി വിജയനെയാണ് അടയാളപ്പെടുത്തിയത്. ഇതും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ഈ അട്ടിമറിശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യപ്രസ്താവനകളുമായി രംഗത്തുവന്നത്.
ഇതെല്ലാം സൂക്ഷ്മമായി അപഗ്രഥനം നടത്തുന്നവര്‍ക്ക് 1959ലെ വിമോചനസമര കൂട്ടായ്മയുടെ പുതിയ രൂപമായിട്ടേ ഈ രാഷ്ട്രീയ സമവാക്യങ്ങളെ കാണാന്‍ കഴിയൂ. നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്ന കോര്‍പറേറ്റ് അനുകൂല ജനവിരുദ്ധ നയങ്ങളെയും തീവ്ര വര്‍ഗീയതയെയും അമിതാധികാര നീക്കങ്ങളെയും ഉറച്ച് എതിര്‍ക്കുന്ന സര്‍ക്കാരിനെ മുന്നോട്ടുപോകാന്‍ അനുവദിക്കുകയില്ലെന്ന രാഷ്ട്രീയ ഗൂഢാലോചനയെ ജനപിന്തുണയോടെ തോല്‍പ്പിച്ചതാണ് എല്‍ഡിഎഫിന്റെ ഏറ്റവും വലിയ നേട്ടം.
യുഡിഎഫ് സ്വാഭാവികമായ തകര്‍ച്ചയിലേക്ക് സ്വയം വഴിവെട്ടിത്തെളിച്ച ജനവിധിയാണ് ഉണ്ടായത്. ബിജെപി ഏതാനും ദശകങ്ങളായി കേരളത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആര്‍എസ്എസ് പിന്തുണയോടെ നടത്തുകയാണ്. രണ്ടാം മോഡി സര്‍ക്കാരിന്റെ വരവിനുശേഷം കേരളത്തിലും തീവ്രഹിന്ദുത്വ ആശയവ്യാപനത്തിനും സ്വാധീന വര്‍ധനയ്ക്കും എല്ലാ ശ്രമവും നടത്തി.
യുഡിഎഫ് പിന്തുണയോടെ നേമത്ത് തുറന്ന അക്കൗണ്ട് പൂട്ടിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ സത്യമായി മാറി. ഇന്ത്യ ഭരിക്കുന്ന ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കാത്തത് എല്ലാ മലയാളികള്‍ക്കും അഭിമാനമാണ്. രണ്ടിടത്ത് മത്സരിച്ച് ഹെലികോപ്റ്ററില്‍ പറന്നാണ് ബിജെപി അധ്യക്ഷന്‍ പരാജയം ഏറ്റുവാങ്ങിയതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha

























