ഒട്ടും പ്രതീക്ഷിച്ചില്ല... ഔദ്യോഗികാവശ്യത്തിന് ഫോണില്‍ വിളിച്ച എഎസ്‌ഐയെ ശകാരിച്ച സംഭവം വിവാദമായതോടെ നടപടി; എഎസ്‌ഐയെ ശകാരിച്ച സംഭവത്തിനു പിന്നാലെ വനിതാ മജിസ്‌ട്രേട്ടിനെ സ്ഥലം മാറ്റി; നടപടി ഹൈക്കോടതി നിര്‍ദേശപ്രകാരം

കഴിഞ്ഞ ദിവസം പുറത്തായ വനിതാ മജിസ്‌ട്രേട്ടിന്റെ പേരിലുള്ള ഓഡിയോ സന്ദേശമാണ് വലിയ വിവാദമായതും അവസാനം നടപടിയിലേക്ക് നീങ്ങിയതും. കാണാതായ വ്യക്തിയെ കണ്ടെത്തിയപ്പോള്‍ ഹാജരാക്കാന്‍ സമയം തേടി ഫോണില്‍ വിളിച്ച എഎസ്‌ഐയെ ശകാരിച്ച സംഭവത്തിനു പിന്നാലെ വനിതാ മജിസ്‌ട്രേട്ടിനെ സ്ഥലം മാറ്റി. സിവില്‍ കോടതിയുടെ ചുമതലയിലേക്കാണു മാറ്റം. ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണു നടപടി.
നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) ഹൈക്കോടതി റജിസ്ട്രാറുടെ ഉത്തരവു പ്രകാരം നെയ്യാറ്റിന്‍കര അഡീഷനല്‍ മുന്‍സിഫ് (രണ്ട്) സ്ഥാനത്തേക്കു മാറ്റിയത്. നെയ്യാറ്റിന്‍കര അഡീഷനല്‍ മുന്‍സിഫിന് പകരം ആ സ്ഥാനത്തേക്കും നിയമിച്ചു. അടിയന്തരമായി ചുമതലയേല്‍ക്കണമെന്നാണ് ഉത്തരവ്.
പാറശാല സ്‌റ്റേഷനിലെ എഎസ്‌ഐ വിളിച്ചപ്പോഴുളള മജിസ്‌ട്രേട്ടിന്റെ സംഭാഷണമാണു വോയ്‌സ് ക്ലിപ് ആയി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇരു കാലുകളും തകര്‍ന്നു മുച്ചക്ര വാഹനത്തില്‍ ലോട്ടറിക്കച്ചവടം നടത്തിയിരുന്നയാളെ പ്രത്യേക സാഹചര്യത്തില്‍ കാണാതായിരുന്നു. പോലീസ് 2 ദിവസത്തിനകം ഇദ്ദേഹത്തെ കണ്ടെത്തി. വൈദ്യ പരിശോധനയും മറ്റും പൂര്‍ത്തിയാക്കിയ ശേഷം മജിസ്‌ട്രേട്ടിനു മുന്‍പാകെ ഹാജരാക്കുന്നതിനായി ഫോണില്‍ വിളിച്ചപ്പോഴായിരുന്നു ശകാരവര്‍ഷം എന്നാണ് ആരോപണം ഉണ്ടായത്.
കാണാതായ വ്യക്തിയെ കണ്ടെത്തിയപ്പോള്‍ ഹാജരാക്കാന്‍ സമയം ചോദിച്ചു വിളിച്ച വനിതാ മജിസ്‌ട്രേറ്റ് എഎസ്‌ഐയെ അധിക്ഷേപിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായി. മറ്റൊരാളെ ഫോണ്‍ ചെയ്തു കൊണ്ടിരുന്ന സമയത്താണ് എഎസ്‌ഐയുടെ കോള്‍, മജിസ്‌ട്രേറ്റിന്റെ മൊബൈലിലെത്തിയത്. ഇതാണു മജിസ്‌ട്രേറ്റിനെ ചൊടിപ്പിച്ചതെന്നു പറയപ്പെടുന്നു.
കാണാതായ വ്യക്തിയെ കണ്ടെത്തിയാല്‍ മെഡിക്കല്‍ പരിശോധനയും മറ്റു നടപടികളും പൂര്‍ത്തിയാക്കിയ ശേഷം മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കണമെന്നാണ് നിയമം. ഇതിനായി പൊലീസ്, മജിസ്‌ട്രേറ്റിനോട് മുന്‍കൂട്ടി സമയം ചോദിക്കുകയും ചെയ്യും. എന്നാല്‍, ആരോപണ വിധേയയായ മജിസ്‌ട്രേറ്റ് പൊലീസുകാര്‍ക്ക് സമയം അനുവദിക്കാറില്ലെന്നും ഇവരെ പലപ്പോഴും ബുദ്ധിമുട്ടിക്കുകയുമാണ് പതിവെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. മജിസ്‌ട്രേറ്റ് സമയം അനുവദിച്ചില്ലെങ്കില്‍, കണ്ടെത്തിയ വ്യക്തിയുമായി പോലീസിന് സ്‌റ്റേഷനില്‍ കാത്തിരിക്കേണ്ട സ്ഥിതിയുമാണ്. കാണാതായ വ്യക്തിയെ 2 ദിവസത്തിനുള്ളില്‍ പോലീസ് കണ്ടെത്തിയിരുന്നു.
പാറശാല സ്‌റ്റേഷനിലെ എഎസ്‌ഐ മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കാന്‍ സമയം ചോദിച്ച് പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഇവര്‍ അനുവദിച്ചില്ലത്രെ. അടിയന്തര പ്രധാനമുള്ള സംഭവമായതിനാല്‍, പോലീസുകാരന്‍ വീണ്ടും വിളിച്ചെങ്കിലും മജിസ്‌ട്രേറ്റ് ഫോണ്‍ അറ്റന്‍ഡു ചെയ്തില്ല. വീണ്ടും വിളിച്ചപ്പോഴാണ് മജിസ്‌ട്രേറ്റ് പൊട്ടിത്തെറിച്ചത്.
'മാഡം നമസ്‌കാരം പാറശാല സ്‌റ്റേഷനിലെ പൊലീസ് ആണ് സാര്‍' എന്നു പറഞ്ഞാണ് എഎസ്‌ഐ സംഭാഷണം തുടങ്ങുന്നത്. 'ആ...എന്താ...' എന്നായിരുന്നു വനിതാ മജിസ്‌ട്രേറ്റിന്റെ മറുപടി. 'ഒരു കോള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ ആരെങ്കിലും ചത്തോ...? ഇങ്ങനെ കിടന്ന് വിളിക്കാന്‍.... ഇവിടെ ഒരു കോള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് നൂറു തവണ വിളിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉറക്കം വരത്തില്ലേ? ...'
മാഡം മിസിങ് ആയ ആള്‍ തിരിച്ചു വന്നിട്ടുണ്ട്, ആ വിവരം അറിയിക്കാനാണ് എന്നായിരുന്നു എഎസ്‌ഐയുടെ വിനീതമായ മറുപടി. 'അവന്‍ ഇറങ്ങിപ്പോയപ്പോള്‍ അവന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ലല്ലോ? അവന്‍ കുറച്ചു നേരം അവിടെ വെയിറ്റ് ചെയ്യട്ടെ? എനിക്ക് തോന്നുമ്പോഴേ ഞാന്‍ വന്ന് എടുക്കുന്നുള്ളൂ.
എന്തു പെരുമാറ്റമാണ് ഇത്. മനുഷ്യന് ഒരാളെ ഫോണ്‍ ചെയ്യാന്‍ പറ്റത്തില്ലല്ലോ?... എനിക്ക് ഫ്രീയാകുമ്പം വിളിക്കും. ഇനി മേലാല്‍ ഇങ്ങോട്ട് വിളിച്ചാല്‍ വിവരമറിയും, പറഞ്ഞേക്കാം....' 'സോറി മാഡം'' എന്നു മാത്രം പറഞ്ഞ് എഎസ്‌ഐ ഫോണ്‍ വിളിച്ചു.
വനിതാ മജിസ്‌ട്രേറ്റിന്റെ വോയ്‌സ് ക്ലിപ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഹൈക്കോടതി ഇടപെട്ട് നടപടിയുണ്ടായത്.
"
https://www.facebook.com/Malayalivartha

























