സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍

കാമുകനെ കുടുക്കാന്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി കുടുങ്ങി. ബംഗളൂരുവിലെ സ്‌കൂളുകളിലേക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം യുവതി അയച്ചത്. ഗുജറാത്തില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന റെനെ ജോഷിന്‍ഡയേയാണ് ബംഗളൂരു പൊലീസ് പിടികൂടിയത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായിരുന്ന റെനെ ജോഷിന്‍ഡ മുന്‍ കാമുകനോടുള്ള പ്രതികാര നടപടിയായാണ് നഗരത്തിലെ സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചത്.
ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവിടങ്ങളിലെ സ്‌കൂളുകളിലും പൊതുയിടങ്ങളിലും ഇവര്‍ ബോംബ് ഭീഷണി ഇമെയിലുകള്‍ അയച്ചിട്ടുണ്ട്. ജൂണില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് അഹമ്മദാബാദ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കര്‍ണാടക പൊലീസിന്റെ നടപടി. ഗുജറാത്ത് വിമാനാപകടം പോലെ സ്‌കൂളുകള്‍ തകര്‍ക്കുമെന്നായിരുന്നു ഭീഷണി ഇമെയിലുകളില്‍ ഉണ്ടായിരുന്നത്. യഥാര്‍ത്ഥ സ്ഥലവും ഐഡന്റിറ്റിയും മറച്ചുവെച്ച് വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കിന്റെ (വിപിഎന്‍) സഹായത്തോടെയാണ് റെനെ ഇമെയിലുകള്‍ അയക്കുന്നത്. ഒന്നിലധികം അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 'ഗേറ്റ് കോഡ്' എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വെര്‍ച്വല്‍ മൊബൈല്‍ നമ്പറുകളും സംഘടിപ്പിക്കും.
യുവാവാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്ന് വരുത്തിതീര്‍ക്കാനായിരുന്നു യുവതിയുടെ ഉദ്ദേശ്യം. രാജ്യത്തുടനീളമുളള പൊലീസ് സ്‌റ്റേഷനുകളില്‍ റെനെ ജോഷിന്‍ഡയ്‌ക്കെതിരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജോയിന്റ് പൊലീസ് കമ്മീഷണര്‍ (വെസ്റ്റ് ഡിവിഷന്‍) വംശി കൃഷ്ണ, ഡിസിപി (നോര്‍ത്ത് ഡിവിഷന്‍) നെമഗൗഡ എന്നിവരുടെ മേല്‍നോട്ടത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്യുന്നതിനും സംസ്ഥാനങ്ങളിലെ മറ്റ് സൈബര്‍ കുറ്റകൃത്യങ്ങളുമായി ഇവര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha

























