കാറ്റേ വഴിമാറിപ്പോണേ... കോവിഡിന്റെ ഭീതിയില്‍ ലോക്ഡൗണിലായ കേരളത്തെ ഭീതിപ്പെടുത്തി കാലാവസ്ഥ; അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ദേശീയ ദുരന്തനിവാരണ സേനയുടെ ഒന്‍പത് ടീം കേരളത്തിലെത്തും

സംസ്ഥാനം കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പിടിയിലാണ്. കോവിഡിനെ നിയന്ത്രണ വിധേയമാകാന്‍ സമ്പൂര്‍ണ ലോക്ഡൗണിലാണ്. അതിനിടയിലാണ് നമ്മളെ ആശങ്കയിലാഴ്ത്തി ചുഴലിക്കാറ്റും പെരുമഴയും വരുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലായ ജില്ലാ ഭരണ കൂടങ്ങള്‍ക്ക് ചുഴലിക്കാറ്റിലും പ്രതിരോധമൊരുക്കേണ്ട അവസ്ഥയിലായി.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടങ്ങള്‍ക്ക് ഇതുസംബന്ധിച്ച് മുന്നൊരുക്കങ്ങള്‍ക്കായുളള നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാളെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ടാണ്.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിവരം. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തോട് ഏറ്റവും അടുത്താണ്. ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇത് ശനിയാഴ്ച കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക് പടിഞ്ഞാറ് സഞ്ചരിക്കുമെന്നായിരുന്നു ആദ്യം നല്‍കിയിരുന്ന മുന്നറിയിപ്പ്.
വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. കേരള തീരത്ത് 80 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാദ്ധ്യതയുണ്ട്. ശനിയാഴ്ചവരെ ഇത് തുടരും. ഞായറാഴ്ച കാറ്റിന് ശക്തികൂടും. വെള്ളിയാഴ്ച ഏഴ് ജില്ലകളിലും ശനിയാഴ്ച പന്ത്രണ്ട് ജില്ലകളിലും ഞായറാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനുമുള്ള മുന്നറിയിപ്പിനെതുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങള്‍ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് തിരിച്ചു. ദുരന്ത നിവാരണ സേനയുടെ 9 ടീമുകളെ കേരളത്തില്‍ വിന്യാസിക്കാനാണ് അധികൃതരുടെ തീരുമാനം.
വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നിവിടങ്ങളില്‍ ആണ് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ വിന്യസിക്കുക. ഇരുപത് അംഗ സംഘം പുലര്‍ച്ചെ ഒരു മണിയോടെ പത്തനംതിട്ടയില്‍ എത്തും.
അതേസമയം അതിശക്ത മഴയും കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കൊല്ലം ജില്ലയില്‍ വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന കൊവിഡ് വാക്‌സിനേഷന്‍ മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.തിരുവനന്തപുരത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ഇന്ന് വാക്‌സിനേഷന്‍ ഉണ്ടാവില്ലെന്ന് ജില്ലാകളക്ടര്‍ അറിയിച്ചിട്ടുണ്ട്. ബുക്ക് ചെയ്തവര്‍ക്ക് ശനിയാഴ്ച വാക്‌സീന്‍ നല്‍കുന്നത് പരിഗണിക്കും.
അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
അതിതീവ്ര മഴയ്ക്കുള്ള സാദ്ധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അതിനാല്‍ എല്ലാ വിധ തയ്യാറെടുപ്പുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി അതീവ ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് വലിയ മുന്നൊരുക്കമാണ് നടത്തുന്നത്.
"
https://www.facebook.com/Malayalivartha


























