നെഞ്ചിടിപ്പോടെ ലോകം... ലോകത്തെ നടുക്കി ഹമാസികളുടെ പൂത്തിരിപോലെയുള്ള ആയിരക്കണക്കിന് റോക്കറ്റുകള്‍; തകര്‍ന്ന് തരിപ്പണമാകുമെന്ന് തോന്നുമെങ്കിലും അവയെല്ലാം തന്നെ ആകാശത്ത് വച്ചു തന്നെ തകര്‍ത്ത് തരിപ്പണമാക്കി ഇസ്രേയല്‍; ലോകത്തെ അമ്പരപ്പിച്ച് കയ്യടിയുമായി അയണ്‍ ഡോം സാങ്കേതികവിദ്യ

ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം ലോകത്തിന്റെ സമാധാനം നശിപ്പിക്കുകയാണ്. ഗാസയില്‍നിന്ന് ഹമാസ് അയിരക്കണക്കിന് റോക്കറ്റുകളാണ് തൊടുത്തുവിട്ടത്. എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്താതെ ഇസ്രയേലിന്റെ ആകാശത്തുതന്നെ കത്തിയമരുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പരക്കുന്നത്.
ഇത്രയധികം മിസൈലുകള്‍ വിക്ഷേപിച്ചിട്ടും ഇസ്രയേലില്‍ വളരെ കുറച്ചു നാശനഷ്ടങ്ങള്‍ മാത്രമാണ് സംഭവിച്ചത്. ആകാശം കീറിമുറിച്ചു പാഞ്ഞെത്തുന്ന മിസൈലുകള്‍ നശിപ്പിക്കാന്‍ പ്രത്യേകം വികസിപ്പിച്ച പ്രതിരോധ സംവിധാനമായ അയണ്‍ ഡോമാണ് ഇസ്രയേലിനു തുണയായത്
ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമാണ് അയണ്‍ ഡോം. ഇസ്രയേല്‍ കമ്പനികളായ റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റവും ഇസ്രയേല്‍ എറോസ്‌പേസ് ഇന്‍ഡസ്ട്രീസും ചേര്‍ന്നാണ് വികസിപ്പിച്ചെടുത്തത്. യുഎസില്‍നിന്ന് ഇതിന് സാങ്കേതിക, ധനസഹായം ലഭിച്ചിട്ടുമുണ്ട്. ശത്രുമിസൈലുകള്‍ എത്തുമ്പോള്‍ ലക്ഷ്യസ്ഥാനത്തു പതിക്കും മുന്‍പ് ആകാശത്തുവച്ചുതന്നെ അവയെ ഇല്ലാതാക്കുകയും ജനത്തിനു മുന്നറിയിപ്പു സൈറണ്‍ മുഴക്കുകയും ചെയ്യും ഇത്. ഹ്രസ്വ ദൂര റോക്കറ്റുകള്‍, മോര്‍ട്ടാര്‍ ആര്‍ട്ടിലറി ഷെല്ലുകള്‍, വിമാനങ്ങള്‍, ഹെലിക്കോപ്റ്ററുകള്‍, ഡ്രോണുകള്‍ പോലുള്ളവ തടയുകയാണ് ഈ പ്രതിരോധ സംവിധാനത്തിന്റെ ദൗത്യം.
വിവിധ തരത്തിലുള്ള ഭീഷണികള്‍ നേരിടാനായി വിന്യസിക്കുന്ന അയണ്‍ ഡോമില്‍ മൂന്നു പ്രധാനപ്പെട്ട സംവിധാനങ്ങളുടെ സംയുക്ത പ്രവര്‍ത്തനമാണ് നടക്കുക. ഏതു ഭീഷണിയും തിരിച്ചറിയാനും ട്രാക്ക് ചെയ്യാനുമുള്ള റഡാര്‍, ബാറ്റില്‍ മാനേജ്‌മെന്റ് ആന്‍ഡ് വെപ്പണ്‍ കണ്‍ട്രോള്‍ സിസ്റ്റം (ബിഎംസി), മിസൈല്‍ ഫയറിങ് യൂണിറ്റ് എന്നിവയാണവ.
ശത്രുറോക്കറ്റിനെ കണ്ടെത്തിയാല്‍ അവയെ റഡാറിലൂടെ ട്രാക്ക് ചെയ്യും. ഇങ്ങനെ, ലക്ഷ്യം ഏതാണെന്നു വിലയിരുത്തി കണ്ടെത്തും. ഇതിനാണ് ബിഎംസി ഉപയോഗിക്കുന്നത്. ലക്ഷ്യം വയ്ക്കുന്ന റോക്കറ്റും അവയുയര്‍ത്തുന്ന വെല്ലുവിളിയും കൃത്യമായി അപഗ്രഥിച്ച്, റോക്കറ്റ് തകര്‍ക്കാനുള്ള നിര്‍ദേശം നല്‍കും. തുടര്‍ന്ന്, കഴിവതും ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശം കണ്ടെത്തി അതിനു മുകളില്‍ വച്ച് റോക്കറ്റിനെ നശിപ്പിക്കും. കാര്യങ്ങള്‍ ലളിതമെന്നു തോന്നാമെങ്കിലും നിമിഷത്തിന്റെ ചെറിയൊരു അംശത്തിനുള്ളില്‍ എല്ലാം നടന്നുകഴിയും.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കും. മഴയോ വെയിലോ പൊടിക്കാറ്റോ പ്രശ്‌നമല്ല. 70 കിലോമീറ്റര്‍ വരെയുള്ള ഭീഷണികളെ പ്രതിരോധിക്കും. 2011 മാര്‍ച്ചിലാണ് അയണ്‍ ഡോം ഇസ്രയേല്‍ വ്യോമസേനയില്‍ വിന്യസിച്ചത്. 2011 ഏപ്രില്‍ ഏഴിന് ഗാസയില്‍നിന്നു വിക്ഷേപിച്ച ബിഎം 21 ഗ്രാഡ് റോക്കറ്റായിരുന്നു ആദ്യം വീഴ്ത്തിയത്.
ഐ ഡോം എന്നത് ഒരു ട്രക്കില്‍ വിന്യസിക്കാവുന്ന പ്രതിരോധ സംവിധാനമാണ്. സൈനിക, വ്യാവസായിക, ഭരണപരമായ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ഐ ഡോം ഉപയോഗിക്കാമെന്നതാണ് ഏറ്റവും വലിയ സവിശേഷത. എന്നാല്‍ നാവികസേന ഉപയോഗിക്കുന്നത് സി ഡോം ആണ്. കപ്പലുകള്‍ക്കും മറ്റു കടല്‍ അനുബന്ധ സുരക്ഷയ്ക്കുമായാണ് സി ഡോം ഉപയോഗിക്കുന്നത്. 2014 ഒക്ടോബറിലാണ് സി ഡോം നാവികസേനയോടു ചേരുന്നത്.
ഇതുവരെ ആയിരക്കണക്കിനു ശത്രുമിസൈലുകളെ തടഞ്ഞിട്ടുണ്ടെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. 90 ശതമാനത്തോളമാണ് ഈ സംവിധാനത്തിന്റെ ഫലപ്രാപ്തിയുടെ കണക്കുകള്‍. എന്തായാലും ഹമാസിന്റെ മിസൈലുകളെ തച്ചുടയ്ക്കുന്ന ഇസ്രേയലിന്റെ സൈനിക കരുത്ത് നെടുവീര്‍പ്പോടെ മാത്രമേ കാണാന്‍ കഴിയൂ.
"
https://www.facebook.com/Malayalivartha


























