രക്തം മരവിക്കുന്ന കാഴ്ച... പലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ സ്വന്തം ജീവന്‍ പോലും അവഗണിച്ച് ഇസ്രയേലില്‍നിന്ന് ലൈവ് വീഡിയോകളെടുത്ത് മലയാളി യുവാവ് സനോജ്; മരണമടഞ്ഞ സൗമ്യയുടെ വീടും പരിസരവുമെല്ലാം മലയാളം ചാനലുകാര്‍ക്ക് ഷൂട്ട് ചെയ്ത് അയച്ചു കൊടുത്തതും ഈ ചെറുപ്പക്കാരന്‍ തന്നെ

ഒന്ന് ചിന്തിക്കും മുമ്പേ ആകാശത്ത് പാഞ്ഞടുക്കുന്ന മിസൈലുകള്‍. എല്ലാവരും സുരക്ഷിത കേന്ദ്രങ്ങളില്‍ ഓടിയൊളിക്കുന്നു. എന്നാല്‍ വിജനമായ നഗരത്തില്‍ തറയില്‍ കിടന്ന് ഷൂട്ട് ചെയ്ത് മലയാളിക്ക് ലൈവ് നല്‍കുന്ന യുവാവ്.
അങ്ങനെ പലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ തീവ്രത മലയാളികള്‍ ലൈവായി കണ്ടു. ലൈവിനിടെ താന്‍ ചാകുന്നെങ്കില്‍ ചത്തോട്ടെ എങ്കിലും നിങ്ങളിത് കാണണമെന്ന് ഈ ചെറുപ്പക്കാരന്‍ വിളിച്ചു പറയുന്നു. നമുക്കും ചങ്കിടിപ്പോടെയല്ലാതെ ഇത് കാണാന്‍ കഴിയില്ല.
ഇസ്രയേലില്‍നിന്ന് ലൈവ് വിഡിയോകളിലൂടെ ശ്രദ്ധേയനായി തീര്‍ന്നിരിക്കുകയാണ് സനോജ് എബ്രഹാം. അഷ്‌കലോണില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി കൂടിയാണ് സനോജ്.
ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സുരേഷ് ഹമാസ് ആക്രമണത്തില്‍ മരിച്ചതിനു പിന്നാലെ അഷ്‌കലോണില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും ലൈവായി മലയാളികളിലെത്തിച്ചത് സനോജായിരുന്നു. തുടര്‍ന്ന് പലപ്രാവശ്യം ലൈവിലെത്തിയ സനോജ് സമൂഹമാധ്യമങ്ങളിലൂടെ ഇസ്രായേലില്‍നിന്നുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. അപകടകരമായ സാഹചര്യത്തില്‍ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെതിരെ വിര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അത്ര പെട്ടെന്ന് അപകടമുണ്ടാകില്ലെന്ന ആത്മവിശ്വാസമാണ് ഉള്ളതെന്ന് സനോജ് പറയുന്നു.
നിയമപരമായി പ്രശ്‌നമില്ലെങ്കിലും സാധാരണ നിലയില്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്ന കെയര്‍ ടേക്കര്‍മാര്‍ക്ക് ഇതു പോലെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സാഹചര്യമില്ല. ഏജന്‍സിയില്‍ നിന്നോ സ്‌പോണ്‍സര്‍മാരില്‍ നിന്നോ ഒക്കെ വിമര്‍ശനമുണ്ടാകും. തന്റെ സ്‌പോണ്‍സറില്‍നിന്ന് അത്ര പ്രശ്‌നമില്ലാത്തതിനാലും വ്‌ളോഗിങ്ങിലുള്ള അമിത താല്‍പര്യം കൊണ്ടുമാണ് അതു ചെയ്തത്.
ഹമാസ് മിസൈല്‍ വര്‍ഷം നടത്തുമ്പോള്‍ അത് അപകടമുണ്ടാക്കാനുള്ള സാധ്യത വളരെ കുറവാണ്. ആകാശത്തുവച്ചുതന്നെ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം മിസൈലുകളെ തകര്‍ക്കുന്നതാണ് കണ്ടുവരുന്നത്. സൗമ്യയ്ക്ക് കൃത്യസമയത്ത് സുരക്ഷിത സ്ഥാനത്തേയ്ക്കു മാറാന്‍ സാധിക്കാതിരുന്നതും അതിനുള്ള സൗകര്യം കുറവുള്ള വീട്ടിലാണ് കഴിഞ്ഞത് എന്നതുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് സനോജ് സൂചിപ്പിക്കുന്നത്.
സൗമ്യ ആക്രമണത്തിനിരയായ അഷ്‌കലോണില്‍ മാത്രം അഞ്ഞൂറോളം മലയാളികളുണ്ടാകും. ഇസ്രയേലില്‍ പ്രായമായവരെ പരിചരിക്കുന്നതിനായി എത്തുന്നവരാണ് ഇവരില്‍ ഏറെയും. മികച്ച ശമ്പളം ഉണ്ടെന്നതിനാലാണ് ആളുകള്‍ ഇവിടേയ്ക്ക് എത്തുന്നത്. ഇത്തരത്തില്‍ 15,000ല്‍ അധികം മലയാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം നടക്കുന്ന ഗാസയുടെ അതിര്‍ത്തികളിലെ ഏതാണ്ട് എല്ലാ വീടുകളിലും സുരക്ഷാ മുറികളുണ്ടാവും. സൈറന്‍ മുഴങ്ങിയാല്‍ ഈ മുറികളില്‍ ഒളിക്കുന്നതാണ് പതിവ.് സാധാരണ നിലയില്‍ ഒരു മിസൈല്‍ വന്നു പതിച്ചാലൊന്നും അകത്തോട്ട് ഏശാത്ത രീതിയിലാണ് ഇവയുടെ നിര്‍മാണം.
സൈറന്‍ ഉയര്‍ന്നാല്‍ കനത്തില്‍ കോണ്‍ക്രീറ്റും ഇരുമ്പും ഉപയോഗിച്ചു നിര്‍മിച്ചിട്ടുള്ള ഇവയിലേയ്ക്ക് ഒളിക്കുകയാണ് പതിവ്. 20 സെക്കന്‍ഡിനുള്ളില്‍ ഇവിടെ എത്തണമെന്നാണ് നിര്‍ദേശം. പൊതു സ്ഥലങ്ങളിലും ഇത്തരത്തിലുള്ള സുരക്ഷാ മുറികള്‍ ഉള്ളതിനാല്‍ നിലവില്‍ കാര്യമായ സുരക്ഷാ പ്രശ്‌നമില്ല. അതുകൊണ്ടു തന്നെ ഇപ്പോഴും മലയാളികള്‍ ഇവിടെ ജോലിക്കെത്തുന്നുണ്ട്.
ഇറാനില്‍ നിന്നും ഈജിപ്തില്‍ നിന്നുമെല്ലാം പുതിയ സാങ്കേതിക വിദ്യയിലുള്ള മിസൈലുകള്‍ ഇവിടെ എത്തിക്കുന്നുണ്ടെന്നാണ് നിരീക്ഷണം. നേരെ വരുന്നതിനു പകരം വട്ടം കറങ്ങിയും മറ്റും വരുന്ന മിസൈലുകള്‍ പ്രതിരോധിക്കുക അത്ര എളുപ്പമായെന്നു വരുന്നില്ല.
ഓരോ തവണയും ഇവരുടെ ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രയേല്‍ പുതിയ സംവിധാനങ്ങള്‍ കണ്ടെത്തുമ്പോള്‍ അതിനെ കവച്ചു വയ്ക്കുന്ന പുതിയ സാങ്കേതിക വിദ്യയിലായിരിക്കും അടുത്ത തവണയുള്ള ആക്രമണം.
"
https://www.facebook.com/Malayalivartha


























