കണ്ടെയ്നറിൽ മൈസൂരിൽ നിന്ന് സംസ്ഥാനത്തേക്ക് 20 കോടി രൂപയുടെ 502 കിലോ കഞ്ചാവ് കടത്തിയ കേസ്: അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ രാജു ഭായിയെന്ന മൻദീപ്സിങടക്കം 8 പ്രതികൾക്കെതിരെ കുറ്റപത്രം

സംസ്ഥാനത്തെ 4 ജില്ലകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മൈസൂരിൽ നിന്ന് കണ്ടെയ്നർ ലോറിയിൽ 20 കോടി രൂപയുടെ 502 കിലോഗ്രാം കഞ്ചാവ് തലസ്ഥാനത്തേക്ക് കടത്തിയ കേസിൽ അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ പഞ്ചാബ് സ്വദേശി രാജു ഭായിയെന്ന മൻദീപ് സിങടക്കം 8 പ്രതികൾക്കെതിരെ കുറ്റപത്രം.
തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രവും കേസ് റെക്കോഡുകളും പരിശോധിച്ച് പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന് നിരീക്ഷിച്ച ജഡ്ജി കെ. ബിജു മേനോൻ പ്രതികളെ ഹാജരാക്കാൻ ഉത്തരവിട്ടു.
ജാമ്യം നിരസിക്കപ്പെട്ട് വിചാരണ തടവുകാരായി റിമാൻ്റിൽ കഴിയുന്ന 8 പ്രതികളെയും ജൂൺ 24 ന് ഹാജരാക്കാൻ മൈസൂർ , പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് കോടതി പ്രൊഡക്ഷൻ വാറണ്ടയച്ചു.
മൈസൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുള്ള സംസ്ഥാനാന്തര ലഹരിക്കടത്ത് നിയന്ത്രിക്കുന്ന രാജു ഭായിയെന്ന മൻദീപ് സിങ് , സംഘത്തിലെ കൂട്ടാളികളായ കണ്ണൂർ സ്വദേശി ജിതിൻ രാജ് , തൃശൂർ സ്വദേശി സെബിയന്ന സെബി സെബാസ്റ്റ്യൻ , വടകര സ്വദേശി അബീഷ് എന്നിവരെയാണ് മൈസൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്
ഹാജരാക്കേണ്ടത്. മൈസൂരിലേക്കുള്ള പ്രൊഡക്ഷൻ വാറണ്ട് നടപ്പിലാക്കാൻ സംസ്ഥാന ഡി ജി പി യോട് കോടതി ഉത്തരവിട്ടു.
കേസിൽ റിമാൻ്റിൽ കഴിയുന്ന ഒന്നു മുതൽ 8 വരെ പ്രതികളായ നാഷണൽ പെർമിറ്റ് കണ്ടെയ്നർ ലോറി ഡ്രൈവർ പഞ്ചാബ് സ്വദേശി കുൽവന്ത് സിങ് (32) , രണ്ടാം പ്രതി ലോറി ക്ലീനർ ത്സാർഖണ്ഡ് സ്വദേശി കൃഷ്ണ യദു (23) , അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ രാജു ഭായിയെന്ന മൻദീപ് സിങ് , മത്സ്യക്കച്ചവടത്തിൻ്റെ മറവിൽ കഞ്ചാവ് കടത്തുന്ന തലസ്ഥാന ജില്ലയിലെ ഏജൻ്റുമായ ചിറയിൻകീഴ് അഴൂർ മുട്ടപ്പലം ഇടയില അഭയ വില്ലയിൽ ജയൻ എന്ന ജയച്ചന്ദ്രൻ നായർ (55) , ജിതിൻ രാജ് , ലഹരിക്കടത്തു കണ്ണികളായ ത്യശൂർ സ്വദേശി സെബിയെന്ന സെബി സെബാസ്റ്റ്യൻ , വടകര സ്വദേശി അബീഷ് എന്നിവരെ ഹാജരാക്കാനാണുത്തരവ്.
കേസിലെ മൂന്നാം പ്രതിയായ കേരളത്തിലേക്കും വടക്കേ ഇന്ത്യയിലേക്കും വൻതോതിൽ കഞ്ചാവ് കയറ്റി അയക്കുന്ന പഞ്ചാബ് സ്വദേശിയും നിലവിൽ ഹൈദരാബാദ് ഭദ്രാചലം നിവാസിയുമായ ലഹരി മാഫിയ തലവൻ രാജു ഭായി , കൂട്ടു പ്രതികളായ കണ്ണൂർ സ്വദേശി ജിതിൻ രാജ് , രാജു ഭായിയുടെയും ജിതിൻ രാജിൻ്റെയും ഇടനിലക്കാരനായ മൈസൂരിലെ റിസോർട്ടുടമ കോഴിക്കോട് സ്വദേശി ബാബുക്ക , കേരളത്തിൽ ഇടപാടിന് മേൽനോട്ടം വഹിക്കുന്നയാളും സംസ്ഥാനത്തെ ഏജൻറുമാരിൽ നിന്ന് പണം പിരിച്ച് രാജു ഭായിക്ക് എത്തിക്കുന്നയാളുമായ തൃശൂർ സ്വദേശി സെബു , തലസ്ഥാനത്തെ മറ്റൊരു ഏജൻറുമായ വടകര സ്വദേശി അബീഷ് എന്നിവർ ഒളിവിലായിരുന്നു. 2021 ജനുവരിയിലാണ് ഇവർ പിടിയിലായത്.
2020 സെപ്റ്റംബർ 6 ന് വെളുപ്പിന് 7 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൈസൂരിൽ നിന്ന് കണ്ടെയ്നർ ലോറിയുടെ ഡ്രൈവറുടെ എ സി ക്യാബിനിൻ്റെ രഹസ്യ അറയിൽ 50 പാക്കറ്റുകളിലായി ഒളിപ്പിച്ച് കണ്ണൂർ വഴി തലസ്ഥാനത്തേക്ക് കടത്തിയ അര ടൺ കഞ്ചാവ് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർക്കോട്ടിക് സ്ക്വാഡ് ആണ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്നാണ് ലോറി പരിശോധിച്ചത്. തലസ്ഥാനത്തെ ഏജൻറായ ചിറയിൻകീഴ് സ്വദേശി ജയൻ്റെ മുടപുരത്തെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റാൻ ആയി ജയനെ കാത്ത് ആറ്റിങ്ങൽ കോരാണിക്ക് സമീപം ഒതുക്കിയിട്ട സമയത്താണ് എക്സൈസ് ലോറിയും രഹസ്യ അറയിലൊളിപ്പിച്ച കഞ്ചാവും പിടികൂടിയത്.
ലോറി ഡ്രൈവർ കുൽവന്ത് സിങിനെയും ക്ലീനർ കൃഷ്ണയെയും പിടികൂടിയതറിഞ്ഞ് ഇവരെ കാത്ത് ദേശീയ പാതയിൽ നിന്ന ജയൻ ഒളിവിൽ പോയി. തുടർന്ന് സെപ്റ്റംബർ 12ന് ഇയാളെ അറസ്റ്റ് ചെയ്തു.
അതേ സമയം പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് ലഹരി മാഫിയ തലവൻ രാജു ഭായി അടക്കമുള്ള കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും കഞ്ചാവിൻ്റെ ഉറവിടം, വിതരണക്കാർ , ഇടനിലക്കാർ അടക്കമുള്ള കണ്ണികളെ അറസ്റ്റ് ചെയ്യുന്നതിനുമായി കോടതി 5 ദിവസം പ്രതികളെ എക്സൈസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ലഹരി മാഫിയക്ക് സർക്കാരിലുള്ള ഉന്നത സ്വാധീനത്താൽ തുമ്പുണ്ടാക്കാൻ വഴിയില്ലാതെ എക്സൈസ് അന്വേഷണം നിലച്ചിരുന്നു. നാമമാത്രമായി രാജു ഭായിയെ മൂന്നാം പ്രതിയായി എക്സൈസ് എഫ് ഐ ആറായ ഒ ആർ ( ഒക്കറൻസ് റിപ്പോർട്ടിൽ) ചേർത്തെങ്കിലും അന്വേഷണം ഇഴഞ്ഞു.
അതേ സമയം പ്രധാന പ്രതി കോഴിക്കോട് സ്വദേശി ചിറയിൻ കീഴിലെ മുടപുരത്തെ ഗോഡൗണിൽ സൂക്ഷിച്ച ശേഷം തിരുവനന്തപുരം , തൃശൂർ , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ചില്ലറ വിൽപ്പനക്കാർക്ക് വിതരണം ചെയ്യുന്നതിന് പദ്ധതിയിട്ട കഞ്ചാവാണ് പിടികൂടിയത്. മത്സ്യക്കച്ചവടം മറയാക്കിയാണ് ജയൻ കഞ്ചാവ് കടത്തിയിരുന്നത്. മത്സ്യക്കച്ചവടത്തിനായി മുടപുരത്ത് സൗകര്യം ഒരുക്കിയിരുന്നു.
കണ്ണൂർ സ്വദേശി ജിതിൻ രാജുമായി ചേർന്നാണ് തലസ്ഥാനത്ത് കഞ്ചാവ് എത്തിച്ചത്. ഗൾഫിലായിരുന്ന ജയചന്ദ്രന് നാട്ടിലെത്തി നടത്തിയ ബിസിനസുകൾ പൊളിഞ്ഞ തോടെയാണ് കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞത്.
ഹിന്ദി അറിയാവുന്ന ജയനാണ് ലഹരി മാഫിയ തലവനായ രാജു ഭായിയുമായി സംസാരിച്ചിരുന്നത്. ജിതിൻ രാജിൻ്റെയും രാജു ഭായിയുടെയും ഇടനിലക്കാരനായ മൈസൂരുവിലെ റിസോർട്ടുടമ കോഴിക്കോട് സ്വദേശി ബാബുക്ക മറ്റൊരു കേസിൽ മൈസൂരു പോലീസിൻ്റെ അറസ്റ്റിലായിട്ടുണ്ട്.
എന്നിട്ടുപോലും അയാളെ ഈ കേസിൽ ഫോർമൽ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയിൽ വാങ്ങുന്നതിനുമായി എക്സൈസ് സ്ക്വാഡ് തിരുവനന്തപുരം കോടതിയിൽ പ്രൊഡക്ഷൻ വാറണ്ടപേക്ഷ നാളിതുവരെ സമർപ്പിച്ചിട്ടില്ല. ബാബുക്കയെ ഈ കേസിൽ പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്തത് ഉന്നത രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്താലാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്..
രാജു ഭായിക്ക് ആന്ധ്രയിലെ നക്സൽ മേഖലയിൽ വൻ സ്വാധീനമുള്ളതായി എക്സൈസ് വെളിപ്പെടുത്തിയിട്ടുണ്ട്. പിടിയിലായ ലോറി ഡ്രൈവർ കുൽവന്ത് സിങ് ഇയാളുടെ വിശ്വസ്തനാണ്. വയനാട് തോൽപെട്ടി ചെക്ക് പോസ്റ്റിൽ 6 മാസം മുമ്പ് പിടികൂടിയ 90 കിലോ കഞ്ചാവ് രാജു ഭായി കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ലോറിയുടെ ഉടമസ്ഥനും ഭായിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കണ്ണൂർ സ്വദേശി ജിതിൻ രാജ് വഴിയാണ് രാജു ഭായി കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചത്. തടിക്കച്ചവടത്തിലെ പങ്കാളിത്തമാണ് ജിതിനെയും ആറ്റിങ്ങൽ ജയനെയും അടുപ്പിച്ചത്. 30 ലക്ഷം രൂപ നൽകിയാണ് ഇവർ കഞ്ചാവ് വാങ്ങിയത്. 15 ലക്ഷം ജിതിനും ജയനും ചേർന്ന് മുതൽ മുടക്കി. ബാക്കി 15 ലക്ഷം രൂപ കഞ്ചാവ് വാങ്ങാൻ താൽപര്യം കാട്ടിയ കച്ചവടക്കാരിൽ നിന്നും വാങ്ങിയതാണ്. പ്രതികളെ പിടികൂടാൻ കേന്ദ്ര ഏജൻസികളുടേതടക്കം സഹായം തേടുമെന്ന് വീമ്പിളക്കിയ എക്സൈസാണ് മൈസൂർ ബാബുക്കയെ പ്രതിസ്ഥാനത്തു നിന്ന് കുറവു ചെയ്ത സംഭവത്തിൽ ഇപ്പോൾ മൗനം പാലിക്കുന്നത്.
"
https://www.facebook.com/Malayalivartha


























