കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി; എട്ട് പേരാണ് ബോട്ടിലുണ്ടായിരുന്നത്
കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം കടലില്‍ മുങ്ങി. എട്ട് പേരെ കാണാതായതായി റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ആണ്ടവര്‍ തുണൈ എന്ന ബോട്ടാണ് കടലില്‍ മുങ്ങിയത്. ബോട്ടില്‍ ഉടമയടക്കം എട്ട് പേരാണ് ഉണ്ടായിരുന്നതെന്ന് മറ്റ് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഏപ്രില്‍ 29ന് കൊച്ചിയില്‍ നിന്ന് ആണ്ടവര്‍ തുണൈ അടക്കം മൂന്ന് ബോട്ടുകളാണ് പുറപ്പെട്ടത്. മറ്റ് ബോട്ടുകളിലെ തൊഴിലാളികളാണ് ആണ്ടവര്‍ തുണൈ ബോട്ട് കാണാതായ വിവരം ബന്ധുക്കളെ അറിയിച്ചത്. ബോട്ട് മുങ്ങി പോയെന്നാണ് സാറ്റലൈറ്റ് ഫോണ്‍ വഴി അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. മംഗലാപുരത്ത് നിന്നുള്ളവരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒപ്പമുണ്ടായിരുന്ന രണ്ട് ബോട്ടുകള്‍ സുരക്ഷിതമായി തീരത്ത് അടുപ്പിച്ചു. അതേസമയം, ബോട്ടിലെ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത് കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ലക്ഷദ്വീപില്‍ നിലവില്‍ ശക്തമായ കടല്‍ക്ഷോഭമാണ്. കാറ്റിന് ശമനം ഉണ്ടെന്നത് മാത്രമാണ് ആശ്വാസകരം.
അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും കടല്‍ക്ഷോഭവും തുടരുകയാണ്. അച്ചന് കോവില്‍, മണിമലയാറുകളുടെ തീരങ്ങളില്‍ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്. പ്രളയമുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ജല വിഭവ കമ്മീഷന് ഓറഞ്ച് ബുള്ളറ്റിന് പുറപ്പെടുവിച്ചു. ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നത്.
https://www.facebook.com/Malayalivartha