കളി മമതയോട് വേണ്ട... ബംഗാളില്‍ നാരദ ഒളിക്യാമറ കേസില്‍ രണ്ട് മന്ത്രിമാരേയും രണ്ട് എംഎല്‍എമാരേയും സിബിഐ അറസ്റ്റ് ചെയ്തു; സിബിഐ ഓഫിസില്‍ വെല്ലുവിളിച്ച് മമത പ്രതിഷേധിച്ചു; മമതയുടെ പ്രതിഷേധത്തില്‍ കുലുങ്ങാതെ സിബിഐ; കോടതി തീരുമാനത്തോടെ ക്ലൈമാക്‌സ്

പശ്ചിമ ബംഗാളില്‍ സിബിഐയും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മിലുള്ള മറ്റൊരു അങ്കത്തിനാണ് ഇന്നലെ വേദിയായത്. നാരദ ഒളിക്യാമറ കേസില്‍ മമത ബാനര്‍ജി സര്‍ക്കാരിലെ 2 മന്ത്രിമാരും ഒരു എംഎല്‍എയുമടക്കം 4 പേരെ സിബിഐ അറസ്റ്റ് ചെയ്തു. തന്നെയും അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ചു പകല്‍ മുഴുവന്‍ മുഖ്യമന്ത്രി മമത സിബിഐ ഓഫിസില്‍ പ്രതിഷേധിച്ചു. എന്നിട്ടും സിബിഐ വഴങ്ങിയില്ല. അവസാനം 4 പേര്‍ക്കും സിബിഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. അതോടെ രംഗം ശാന്തമായി.
പഞ്ചായത്ത്, ഗ്രാമവികസന മന്ത്രി സുബ്രത മുഖര്‍ജി, ഗതാഗത മന്ത്രി ഫിര്‍ഹാദ് ഹക്കീം, മുന്‍ ഗതാഗത മന്ത്രിയും എംഎല്‍എയുമായ മദന്‍ മിത്ര, തൃണമൂല്‍ വിട്ടു ബിജെപിയില്‍ ചേര്‍ന്ന ശേഷം സീറ്റ് ലഭിക്കാതെ പാര്‍ട്ടി വിട്ട മുന്‍ മന്ത്രിയും കൊല്‍ക്കത്ത മുന്‍ മേയറുമായ സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കേസില്‍ പ്രതികളായ ബിജെപി എംഎല്‍എമാര്‍ സുവേന്ദു അധികാരി, മുകുള്‍ റോയ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടില്ല. മമതയുടെ വിശ്വസ്തരായിരുന്ന ഇരുവരും പിന്നീടു ബിജെപിയില്‍ ചേരുകയായിരുന്നു. നന്ദിഗ്രാമില്‍ ഇത്തവണ മമതയെ തോല്‍പിച്ച സുവേന്ദു ബംഗാള്‍ പ്രതിപക്ഷ നേതാവാണ്.
കേസിലെ മറ്റു പ്രതികളും തൃണമൂല്‍ എംപിമാരുമായ സൗഗത റോയ്, കകോലി ഘോഷ് ദസ്തിദാര്‍, അപരൂപ പോഡര്‍ എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷയില്‍ ലോക്‌സഭാ സ്പീക്കര്‍ ഓ ബിര്‍ല തീരുമാനമെടുത്തിട്ടില്ല. ബംഗാളിലാകെ ലോക്ഡൗണ്‍ ലംഘിച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധം അഴിച്ചുവിട്ടു. സിബിഐ ഓഫിസിനു നേരെ കല്ലേറുണ്ടായി.
2014 -16 ല്‍ സാങ്കല്‍പിക കമ്പനിയുടെ പ്രതിനിധികളെന്ന പേരില്‍ ബംഗാളിലെ പ്രമുഖ നേതാക്കളെയും ഉദ്യോഗസ്ഥരെയും മലയാളിയായ മാത്യു സാമുവലിന്റെ നേതൃത്വത്തിലുള്ള ഒളിക്യാമറ സംഘം സമീപിച്ച് കാര്യങ്ങള്‍ സാധിച്ചു കിട്ടാന്‍ കൈക്കൂലി നല്‍കി. തെഹല്‍ക്കയ്ക്കു വേണ്ടിയാണ് ഒളിക്യാമറ ഓപ്പറേഷന്‍ ആരംഭിച്ചതെങ്കിലും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് നാരദ ന്യൂസ് പോര്‍ട്ടലാണു ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
2017ഏപ്രിലില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം 13 പേര്‍ക്കെതിരെ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തു. മന്ത്രിമാരെയും എംഎല്‍എമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞയാഴ്ചയാണ് അനുമതി നല്‍കിയത്.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പേ തുടങ്ങി തിരഞ്ഞെടുപ്പു കാലത്തും ശേഷവും തുടരുന്ന മമത ബാനര്‍ജി, ബിജെപി പോരാട്ടത്തിന്റെ ചൂട് വല്ലാതെ ഉയര്‍ത്തുന്നതാണ് ഇന്നലത്തെ സിബിഐ നടപടി. അറസ്റ്റിലായ തൃണമൂല്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ജാമ്യം ലഭിച്ചുവെന്നത് മമതയ്ക്കും തൃണമൂലിനും ആശ്വാസമാകുമെങ്കിലും മുന്നോട്ടുള്ള വഴിയിലെ ഓരോ തിരിവിലും കാത്തിരിക്കുന്നത് എന്താണെന്നതു വ്യക്തമാക്കുന്നതാണ് ഇന്നലത്തെ സംഭവങ്ങള്‍.
മന്ത്രിമാരെ വീടുകളില്‍നിന്ന് അറസ്റ്റ് ചെയ്ത ഉടന്‍ മമത നിസാം പാലസിലെ സിബിഐ ഓഫിസിലേക്കു പാഞ്ഞെത്തുകയായിരുന്നു. നേതാക്കളെ കസ്റ്റഡിയില്‍ വച്ച 15ാം നിലയിലെ മുറിക്കു മുന്‍പില്‍ 6 മണിക്കൂറോളം അവര്‍ ഇരുന്നു. പുറത്ത് തൃണമൂല്‍ പ്രവര്‍ത്തകര്‍ ഓഫിസ് കെട്ടിടം ഉപരോധിച്ചു. കല്ലുകളും കുപ്പികളുമെറിഞ്ഞു.
ഒരു പകല്‍ മുഴുവന്‍ മുഖ്യമന്ത്രി വെല്ലുവിളിയുമായി അവിടെ ചെലവഴിച്ചുവെന്നതിന്റെ സൂചന വ്യക്തം. ബംഗാളില്‍ കേന്ദ്രം എന്തു കളി കളിച്ചാലും നെഞ്ചുയര്‍ത്തി നേരിടാന്‍ മുഖ്യമന്ത്രി നേരിട്ടുണ്ടാകും. മുന്‍പ്, 2019 ല്‍ ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ടു കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി സിബിഐ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ മമത സ്ഥലത്തെത്തി പ്രതിഷേധിച്ചതിനു സമാനമായിരുന്നു ഇന്നലത്തെ സമരവും.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha























