നേതാക്കള്‍ക്കും ചങ്കിടിപ്പ്... സംസ്ഥാന മന്ത്രിസഭയില്‍ സിപിഎമ്മില്‍ മുഖ്യമന്ത്രി ഒഴികെ എല്ലാംവരും പുതുമുഖങ്ങളോ എന്ന് ഇന്നത്തോടെ അറിയാം; ഇന്നത്തെ സിപിഎം പോളിറ്റ് ബ്യൂറോ, സംസ്ഥാന സമിതി യോഗങ്ങള്‍ നിര്‍ണായകം; മന്ത്രിമാര്‍ക്ക് ഏത് വകുപ്പെന്നതും ചര്‍ച്ചയാകും

തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും ആഴ്ചകളായിട്ടും മന്ത്രിമാരുടെ കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായില്ല. ഇന്ന് നടക്കുന്ന സിപിഎമ്മിന്റെ വിവിധ യോഗങ്ങള്‍ നിര്‍ണായകമാണ്. സിപിഎമ്മില്‍ നിന്നും ആരൊക്കെ മന്ത്രിയാകുമെന്ന് ഇന്നറിയാം. മുഖ്യമന്ത്രി മാത്രം പുതുമുഖം മതിയോ എന്ന കാര്യത്തിലും അന്തിമ തീരുമാനം വരും.
രാവിലെ 9.30ന് കേരളത്തിലുള്ള സിപിഎം പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ യോഗം നടക്കും. 10ന് അവിടെ രൂപപ്പെടുന്ന നിര്‍ദേശം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിക്കും. 11.30ന് അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാന കമ്മിറ്റി യോഗം ചേരും.
അതേസമയം സിപിഎമ്മിന്റെ 12 മന്ത്രിമാരില്‍ 8 പേര്‍ വരെ പുതുമുഖങ്ങള്‍ ആകാന്‍ സാധ്യയാണ് കാണുന്നത്. സ്ഥാനാര്‍ഥി പട്ടികയിലെ മാറ്റം മന്ത്രിസഭയിലേക്കും പാര്‍ട്ടി പകര്‍ത്തും. ഒന്നാം പിണറായി മന്ത്രിസഭയെക്കാള്‍ പ്രായത്തിലും പുതിയ മന്ത്രിസഭ ചെറുപ്പമാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടായിരിക്കും പുതിയ ടീമിന്റെ കാര്യത്തില്‍ നിര്‍ണായകം.
ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മന്ത്രിമാരെക്കുറിച്ചുള്ള ചര്‍ച്ച നടക്കും. നിലവിലെ മന്ത്രിമാരില്‍ കെ.കെ. ശൈലജ ടീച്ചര്‍ തുടരാനാണ് സാധ്യത. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാരില്‍ എം.എം. മണി, ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ ഉണ്ടാകില്ലെന്ന സൂചനകളാണു ശക്തം.
കേന്ദ്രകമ്മിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.വി. ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവര്‍ ഉണ്ടാകും. ഇവരില്‍ രാധാകൃഷ്ണന്‍ ഒഴിച്ചുള്ളവര്‍ ആദ്യമായാണു മന്ത്രിമാരാകുന്നത്.
ബാക്കി 6 സ്ഥാനത്തേക്ക് 12 പേര്‍ പരിഗണനയിലുണ്ട്. ജില്ല, സാമുദായിക പ്രാതിനിധ്യം കൂടി കണക്കിലെടുത്താകും ഇതില്‍ നിന്ന് 6 പേരെ നിശ്ചയിക്കുക.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, സി.എച്ച്. കുഞ്ഞമ്പു, പി. നന്ദകുമാര്‍ എന്നിവര്‍ പട്ടികയിലുണ്ട്. ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനും കോഴിക്കോട് നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗവും എന്ന നിലയിലാണ് റിയാസിന്റെ സാധ്യത. റിയാസിന്റെ ഭാര്യ മുഖ്യമന്ത്രിയുടെ മകളാണ്. റിയാസും രാജേഷും നന്ദകുമാറും ആദ്യമായാണു നിയമസഭാംഗമാകുന്നത്.
നാലാം തവണ എംഎല്‍എ ആകുന്ന പി.ടി.എ. റഹീം, കോഴിക്കോട് മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരും പരിഗണിക്കപ്പെട്ടേക്കാം. മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന കെ.ടി. ജലീലിനെ വീണ്ടും മന്ത്രിയാക്കുമോ എന്നതില്‍ നേതൃത്വം മനസു തുറന്നിട്ടില്ല.
സ്പീക്കര്‍ സ്ഥാനത്തേക്ക് ജലീലിന്റെ പേര് ഉയര്‍ന്നിട്ടുണ്ടെങ്കിലും പാര്‍ട്ടി അംഗം അല്ലാത്ത ഒരാളെ ഇതുവരെ സിപിഎം ആ പദവിയിലേക്കു പരിഗണിച്ചിട്ടില്ല. കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയില്‍ ശൈലജ ടീച്ചറെ നിലനിര്‍ത്തി നിലവിലെ മന്ത്രിമാരെ പൊതു മാനദണ്ഡം ചൂണ്ടിക്കാട്ടി മാറ്റുമെന്ന സൂചനകളാണ് ശക്തം. അതേസമയം എ.സി. മൊയ്തീന്റെ കാര്യം ചര്‍ച്ച ചെയ്യുമെന്ന സൂചന ചില നേതാക്കള്‍ നല്‍കുന്നു.
വീണാ ജോര്‍ജ്, കാനത്തില്‍ ജമീല, ആര്‍.ബിന്ദു എന്നിവരില്‍ ഒരാളെങ്കിലും മന്ത്രിയായേക്കും. വനിതാ പ്രാതിനിധ്യം 3 ആക്കിയാല്‍ ഇവരില്‍ 2 പേര്‍ക്കു സാധ്യതയുണ്ട്. ആദ്യ വനിതാ സ്പീക്കര്‍ എന്ന ആശയവും നേതൃത്വത്തിനു മുന്നിലുണ്ട്.
പുതുമുഖ മന്ത്രിക്കു വേണ്ടി എന്‍സിപിയില്‍ വാദം ഉയരുന്ന സാഹചര്യത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ഇന്നു രാവിലെ ചേരുന്ന നേതൃയോഗം തീരുമാനമെടുക്കും.
ദേശീയ നേതൃത്വത്തിന്റെ നിലപാട് ആയിരിക്കും നിര്‍ണായകം. കുട്ടനാട്ടില്‍ നിന്നു ജയിച്ച തോമസ് കെ.തോമസിനു വേണ്ടി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ അടക്കം രംഗത്തുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാവും ദേശീയ പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ശശീന്ദ്രനെ തഴയാന്‍ കഴിയില്ലെന്ന മറുവാദവുമുണ്ട്. ഇരുവരും ഊഴം വച്ച് മന്ത്രിമാരാകണമെന്ന നിര്‍ദേശവും ഉയര്‍ന്നേക്കാം.
"
https://www.facebook.com/Malayalivartha























