എന്റെ പള്ളീ അത് നടക്കണേ.... സിപിഎം മന്ത്രിമാരെ ഒരറ്റത്ത് ഇന്ന് തീരുമാനിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം; മുരളീധരന്‍ ജയിച്ചെങ്കില്‍ ആ സ്ഥാനം എപ്പോള്‍ അടിച്ചുമാറ്റിയെന്ന് ചോദിച്ചാല്‍ മതി; ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും ഒരു പോലെ ആശ്വാസം

രമേശ് ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് അയക്കാനുള്ള ചില കോണ്‍ഗ്രസുകാരുടെ ശ്രമം വിലപ്പോകുമോ എന്ന് ഇന്നറിയാം. കെ. മുരളീധരന്‍ രണ്ടും കല്‍പ്പിച്ചാണ് നേമത്ത് മത്സരിച്ചത്. തോറ്റാല്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ല. ജയിച്ചെങ്കിലോ ഇപ്പോള്‍ പ്രതിപക്ഷ നേതാവായി കെ. മുരളീധരന്‍ വാണേനെ. ഇത് മുന്നില്‍ കണ്ടാണോ എന്തോ മുരളീധരനെ നേമത്ത് തോല്‍പ്പിച്ചത്.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനായി കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന് നടക്കുകയാണ്. കേരളത്തിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടേതാകും പ്രഖ്യാപനം. നിയമസഭാ സമ്മേളനം ചേരുന്ന 24നു മുന്‍പായേ അന്തിമ തീരുമാനത്തിനു സാധ്യതയുള്ളൂ.
ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വി.വൈത്തിലിംഗം എന്നിവരുടെ സാന്നിധ്യത്തിലാണ് 21 അംഗ നിയമസഭാകക്ഷി യോഗം. എംഎല്‍എമാരെ ഇവര്‍ പ്രത്യേകം കണ്ടും അഭിപ്രായം ആരായും. രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍, എംപിമാര്‍ എന്നിവരോടും തലസ്ഥാനത്ത് എത്തിച്ചേരാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അവരുടെ അഭിപ്രായവും ചോദിക്കും.
രമേശ് ചെന്നിത്തലയുടെയും വി.ഡി.സതീശന്റെയും പേരാണ് ഉയരുന്നത്. സീനിയോറിറ്റിയും പൊതു സ്വീകാര്യതയും കണക്കിലെടുത്ത് ചെന്നിത്തല തുടരണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. വലിയ തോല്‍വി സൃഷ്ടിച്ച നിരാശ മാറ്റി പ്രതീക്ഷ പകരാന്‍ സതീശനെ പോലെ ഒരു നേതാവ് വരണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവരും അഭിപ്രായപ്പെടുന്നു. ഇരുവരും ഐ വിഭാഗത്തില്‍ ഉള്ളവരാണ് എന്നതിനാല്‍ ഗ്രൂപ്പിന് ഇക്കാര്യത്തില്‍ പൊതു നിലപാട് ഉണ്ടായിട്ടില്ല.
ഐയിലെ ഭിന്നത മുതലെടുക്കാന്‍ ഇല്ലെന്ന സമീപനത്തിലാണ് എ വിഭാഗം. അഭിപ്രായ സമന്വയത്തിനു വേണ്ടി നിലകൊള്ളാനാണു തീരുമാനം. നിലവിലെ സ്ഥിതി തുടരണമെന്നും അതല്ല, മാറ്റം വേണമെന്നും വാദിക്കുന്ന വിഭാഗങ്ങള്‍ എ ഗ്രൂപ്പിലുമുണ്ട്.
അതേസമയം പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായത്തിന് മുന്‍തൂക്കം നല്‍കികൊണ്ടായിരിക്കും തീരുമാനം.
ബുധനാഴ്ച്ച ഹൈക്കമാന്‍ഡ് യോഗം ചേരാനിരിക്കെയാണ് മുരളീധരന്റെ പ്രതികരണം. പ്രതികൂല സാഹചര്യത്തിലും ജയിച്ച് വന്നവരാണ് ഇരുപത്തി ഒന്ന് എംഎല്‍എമാരെന്നും പാര്‍ട്ടി പുനഃസംഘടന സംബന്ധിച്ച് കൂട്ടായ ചര്‍ച്ചയുണ്ടാകുമെന്നും കെ.മുരളീധരന്‍ പ്രതികരിച്ചു.
നിലവില്‍ സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ധാരണയുണ്ടാക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. വിഡി സതീശനാണ് ഏറ്റവും സാധ്യതയുള്ള നേതാവ്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വൈദ്യലിംഗം തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഘടക കക്ഷികളുമായി ഇക്കാര്യം സംസാരിക്കും. എംഎല്‍എമാരുടെ മനസറിയാതെ തീരുമാനമെടുക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. എ, ഐ ഗ്രൂപ്പുകളുടെ തീരുമാനങ്ങള്‍ പരിഗണിക്കുമോയെന്നത് സംബന്ധിച്ച വ്യക്തതയില്ല. നിലവില്‍ 25 അംഗ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഐ ഗ്രൂപ്പിനാണ് മുന്‍തൂക്കം. എന്നാല്‍ ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ മാറ്റിവെച്ച് ശക്തമായ പ്രതിപക്ഷത്തെ രംഗത്തിറക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. അടുത്ത ടേമില്‍ ഭരണം തിരികെ പിടിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തല്‍ക്കാലം മാറ്റിവെക്കാനാവും നേതാക്കള്‍ തീരുമാനിക്കുക.
ചെന്നിത്തല മാറിയില്ലെങ്കില്‍ മുല്ലപ്പള്ളിയും രക്ഷപ്പെട്ടു. മുല്ലപ്പള്ളിയും രാജിവയ്ക്കില്ല. അപ്പോള്‍ കോണ്‍ഗ്രസ് പഴയതുപോലെ ഒറ്റക്കെട്ടായി തോല്‍വി ഏറ്റുവാങ്ങും.
"
https://www.facebook.com/Malayalivartha























