കണ്ണൂര്‍ ലോബിയെ കാല്‍ചുവട്ടിലാക്കി.... ജയരാജന്മാരെ പിണറായി എവിടെ ഒളിപ്പിച്ചു? പാര്‍ട്ടി തലസ്ഥാനം കണ്ണൂരില്‍ നിന്ന് മാറ്റിയോ?

രണ്ടാം പിണറായി മന്ത്രി സഭ അധികാരത്തില്‍ വരുമ്പോള്‍ നമ്മള്‍ കാണുന്ന ഒരു പ്രധാന കാര്യം ജയരാജക്കന്മാര്‍ ഇല്ലാത്ത ഒരു കാലം എന്നതാണ്.
കണ്ണൂരിലെ പ്രധാന നേതാക്കളായ മൂന്ന് ജയരാജന്മാരില്‍ ഒരാള്‍ പോലും മത്സരിക്കാത്ത നിയമസഭാ തെരഞ്ഞെടുപ്പും അതിനു ശേഷമുള്ള മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളും നടക്കുമ്പോള്‍ വെറും കാഴ്ചക്കാരായിരിക്കുകയാണ് കണ്ണൂര്‍ നേതാക്കള്‍. സി പി എമ്മിനെ നിയന്ത്രിച്ച കണ്ണൂര്‍ ലോബിയെ ഒതുക്കി നിര്‍ത്തി പാര്‍ട്ടി തലസ്ഥാനം പൂര്‍ണമായും തിരുവനന്തപുരത്തേക്ക് മാറ്റിയത് തെക്കന്‍ ജില്ലയിലെ നേതാക്കള്‍ക്കിടയില്‍ പിണറായി വിജയനോടുള്ള മതിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്.
വി.എസ്. പിണറായി വിഭാഗീയതയുടെ കാലത്ത് പിണറായിക്ക് ഒപ്പം നിന്ന കണ്ണൂര്‍ കൂട്ടായ്മ തീര്‍ത്തും ഇന്ന് ചിത്രത്തില്‍ ഇല്ലാതായിരിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗൗരിയമ്മയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന സമയത്ത് പാര്‍ട്ടിയില്‍ പ്രബലമായ കണ്ണൂര്‍ ലോബിയാണ് നായനാര്‍ക്ക് വേണ്ടി ശക്തമായി നിലകൊണ്ടത്. എം.വി.രാഘവനും പി.വി.കുഞ്ഞിക്കണ്ണനും കണ്ണൂരിലെ മറ്റു നേതാക്കന്മാരും ഇ.കെ.നായനാര്‍ക്ക് വേണ്ടി ശക്തമായി സമ്മര്‍ദ്ദം ചെലുത്തി.
പിന്നീട് കണ്ണൂര്‍ ലോബി എന്ന വിളിപ്പേര് ജയരാജന്മാരിലെത്തി.എന്നാല്‍ ഇപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ പോകുന്ന ഈ വേളയില്‍ ഒരു നിര്‍ദ്ദേശം പോലും സമര്‍പ്പിക്കാന്‍ ആകാത്ത അവസ്ഥയിലാണ് കണ്ണൂര്‍ പാര്‍ട്ടി. മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയരാജന്മാര്‍ ആരുമില്ലാത്ത ഒരു നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.
ഇത്തവണ പി.ജയരാജന്‍ മത്സരിക്കണമെന്നു കണ്ണൂരിലെ ഒരു വലിയ വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നു. പി. ജയരാജന് സീറ്റ് നിഷേധിച്ചത് ആദ്യഘട്ടത്തില്‍ കോളിളക്കം സൃഷ്ടിച്ചു എങ്കിലും പിണറായി വിജയന്റെ കണ്ണുരുട്ടലോടെ പ്രതിഷേധം അണഞ്ഞു.
പിണറായിക്കാലം അവസാനിക്കുന്ന നാള്‍ വരുമെന്നു പോലും പിജെ ആര്‍മി ഉച്ചത്തില്‍ ഘോഷിച്ചു സമൂഹമാധ്യമങ്ങളിലൂടെ മാലോകരെ അറിയിക്കുകയും ചെയ്തു. ഒടുവില്‍ ആര്‍മി യെ വിലക്കാന്‍ പി.ജയരാജന് തന്നെ രംഗത്ത് ഇറങ്ങേണ്ടി വന്നു.പി.ജയരാജനെയും അദ് ദേഹത്തെ പിന്തുണയ്ക്കുന്ന കണ്ണൂര്‍ ലോബിയെയും ദുര്‍ബലപ്പെടുത്താനായതു പിണറായി വിജയന്റെ വിജയമാണ്.കൂടാതെ അതിലൂടെ കണ്ണൂര്‍ നേതാക്കള്‍ക്കിടയില്‍ ശക്തമായ ധ്രുവീകരണവും സംഭവിച്ചു.
കെ.കെ.ശൈലജ യെ തിരുവനന്തപുരം ജില്ലയില്‍ മത്സരിപ്പിക്കണമെന്ന നിര്‍ദ് ദേശം കണ്ണൂരില്‍ ഉയര്‍ന്നതും ഇതിന്റെ ഭാഗമായാണ്. ജില്ലയ്ക്ക് പുറത്തു മത്സരിക്കില്ലെന്നു മന്ത്രി ശൈലജയും പാര്‍ട്ടിയില്‍ വ്യക്തമാക്കി. പി.ജയരാജന്‍, എം.വി.ഗോവിന്ദന്‍ തുടങ്ങിയവരുടെ നിലപാട് ശൈലജയ്ക്ക് അനുകൂലമായിരുന്നു. യോഗാചാര്യന്‍ ശ്രീ എമ്മിന്റെ നേതൃത്വത്തില്‍ സി പി എം ആര്‍ എസ് എസ് ചര്‍ച്ച നടന്നിട്ടില്ലെന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദന്റെ പ്രസ്താവനയെ പരസ്യമായി തളളിപ്പറഞ്ഞ് പി.ജയരാജന്‍ എത്തിയതിനു പിന്നിലും കണ്ണൂര്‍ നേതാക്കള്‍ക്കിടയിലെ ഭിന്നതയാണ് എന്നുള്ളത് വളരെ പരസ്യമായ കാര്യമാണ്.
ആര്‍ എസ് എസിന്റെ ആവശ്യപ്രകാരമാണ് ജയരാജനെ ഇങ്ങനെ ഒതുക്കിയതെന്ന സംശയം ഇപ്പോഴും കണ്ണൂരിലെ പാര്‍ട്ടി അണികള്‍ക്കിടയിലുണ്ട്.മറ്റു നേതാക്കളെ അപ്രസക്തരാക്കി പിണറായിയും കോടിയേരിയും ഒരുമിച്ചു മുന്നോട്ടു നയിക്കുന്ന കണ്ണൂര്‍ ലോബിക്ക് മറ്റ് ജില്ലകളിലെ നേതാക്കളുടെ പിന്തുണ ആര്‍ജ്ജിക്കാനും കഴിഞ്ഞിട്ടുണ്ട്.
എന്തിന്? വീഴ്‌ത്തേണ്ട വരെ വീഴ്ത്തുകയും വാഴിക്കേണ്ട വരെ വാഴിക്കുകയും ചെയ്തു കൊണ്ട് രണ്ടാം വട്ടം അധികാരത്തിലേക്ക് വരുമ്പോള്‍ പാര്‍ട്ടി മുഴുവനും തന്റെ വരുതിയിലാക്കാന്‍ പിണറായിക്ക് കഴിഞ്ഞിരിക്കുന്നു.ഇത് മുന്‍പ് ഒരു കാലഘട്ടത്തിലും ഇല്ലാത്ത ഒരു ചരിത്ര സംഭവത്തിലേക്കാണ് കമ്യുണിസ്റ്റ് പാര്‍ട്ടി പോകുന്നത്.
"
https://www.facebook.com/Malayalivartha























