വേറൊന്നും പറയാനില്ല... ബന്ധുജനങ്ങള്‍ക്ക് ഇരിപ്പടം നല്‍കി ഞാന്‍മാത്രം പുതുമുഖം എന്ന ആശയം നടപ്പിലാക്കി സിപിഎം; ഏറ്റവുമധികം ഭൂരിപക്ഷം നേടിയ കെ.കെ. ശൈലജ ടീച്ചറിനെ മാറ്റി നിര്‍ത്തിയതിനെതിരെ വ്യാപക പ്രതിഷേധം; അപ്രതീക്ഷിത തീരുമാനത്തില്‍ വിവാദം കൊഴുക്കുന്നു

സി.പി.എമ്മില്‍ അവസാന നിമിഷത്തെ അപ്രതീക്ഷിത തീരുമാനത്തില്‍ കെ.കെ. ശൈലജ ടീച്ചറുടെ പേരു കൂടി തെന്നിമാറിയതോടെ രണ്ടാം പിണറായി സര്‍ക്കാര്‍ വിവാദത്തോടെ തുടക്കമായി.
അവസാനം വരെ മന്ത്രിയാക്കുമെന്ന് കരുതിയിരുന്ന കെ.കെ. ശൈലജ ടീച്ചറെ വെട്ടിയതോടെ രാഷ്ട്രീയ ഭേദമന്യേ എതിര്‍ ശബ്ദമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഭര്‍ത്താവുമായ പി.എ. മുഹമ്മദ് റിയാസും സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയ രാഘവന്റെ ഭാര്യ പ്രൊഫ. ആര്‍. ബിന്ദുവും എത്തിയപ്പോള്‍ ഞാനും ഞാനുമെന്റാളും ആ നാല്‍പതു പേരും എന്ന സിനിമാ ഗാനമാണ് ഓര്‍മ്മയില്‍ എത്തുന്നത്.
ഇരുപത്തിയൊന്നംഗ ഇടത് മന്ത്രിസഭയില്‍ പതിനേഴ് പുതുമുഖങ്ങളുമായി പിണറായി സര്‍ക്കാരിന്റെ രണ്ടാംവരവ്. പുതുമുഖങ്ങള്‍ക്ക് പ്രാമുഖ്യമെന്ന നിലപാടില്‍, ആരുടെ കാര്യത്തിലും ദാക്ഷിണ്യം വേണ്ടെന്ന തീരുമാനം കടുപ്പിച്ച സി.പി.എമ്മും സി.പി.ഐയും നടപ്പാക്കിയത് സമ്പൂര്‍ണ പുതുമ. സി.പി.എം പട്ടികയില്‍ തുടര്‍ച്ച മുഖ്യമന്ത്രിക്കു മാത്രം.സി.പി.എമ്മില്‍ നിന്ന് വീണാ ജോര്‍ജ്, പ്രൊഫ. ആര്‍. ബിന്ദു, സി.പി.ഐയില്‍ നിന്ന് ജെ. ചിഞ്ചുറാണി എന്നിവര്‍ മന്ത്രിസഭയിലെത്തുന്നതോടെ എല്‍.ഡി.എഫ് സര്‍ക്കാരില്‍ ആദ്യമായി മൂന്ന് വനിതാ മന്ത്രിമാരെന്ന കൗതുകമുണ്ട്
. 1957 നു ശേഷം സി.പി.ഐയ്ക്ക് വനിതാമന്ത്രിയും ആദ്യം. മുഖ്യമന്ത്രിയും, 1996 ലെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കെ. രാധാകൃഷ്ണനും ഒഴികെ സി.പി.എമ്മിലെ ബാക്കി പത്തു പേരും പുതുമുഖങ്ങള്‍.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും പിണറായിയുടെ മകള്‍ വീണയുടെ ഭര്‍ത്താവുമായ പി.എ. മുഹമ്മദ് റിയാസിനാണ് മന്ത്രിമാരില്‍ ചെറുപ്പം 43 വയസ്. എഴുപത്തിയേഴിലെത്തിയ മുഖ്യമന്ത്രി കഴിഞ്ഞാല്‍, കെ. കൃഷ്ണന്‍കുട്ടിയാണ് (ജനതാദള്‍ എസ്) സീനിയര്‍ മിനിസ്റ്റര്‍ 76. രണ്ടു തവണ പാര്‍ലമെന്റ് അംഗമായിരുന്ന എം.ബി. രാജേഷ് സ്പീക്കര്‍ ആകും.
കെ.കെ. ശൈലജയും എ.സി. മൊയ്തീനും തുടര്‍ന്നേക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും. ചിലര്‍ക്കു മാത്രമായി ഇളവു നല്‍കുന്നത് മറ്റുള്ളവര്‍ അയോഗ്യരാണെന്ന തോന്നലുണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതോടെ സാദ്ധ്യതയടഞ്ഞു. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ആരോഗ്യമന്ത്രിയായ ശൈലജ ടീച്ചര്‍ക്കെങ്കിലും ഇളവു നല്‍കാതിരിക്കുന്നത് ഔചിത്യക്കുറവാകുമെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും, 'പുതുമുഖനയ'ത്തിനായിരുന്നു മുന്‍തൂക്കം.
രാവിലെ അവെയ്‌ലബിള്‍ പി.ബിയിലാണ് മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖമാകട്ടെ എന്ന ധാരണ വന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. പിണറായി വിജയനെ മുഖ്യമന്ത്രിയായും നിയമസഭാകക്ഷി നേതാവായും തിരഞ്ഞെടുത്തു. സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് മന്ത്രിസഭയിലെത്തുന്നത് എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനുമാണ്. പി.രാജീവ്, കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും മന്ത്രിസഭയിലെത്തുന്നു. സി.പി.എം സ്വതന്ത്രന്‍ വി. അബ്ദുറഹ്മാനും മന്ത്രിയാകും.
സി.പി.ഐയും മുന്‍ മന്ത്രിമാരെ പരിഗണിക്കേണ്ടെന്ന മാനദണ്ഡം തുടര്‍ന്നതോടെ വിജയിച്ച ഏക സിറ്റിംഗ് മന്ത്രിയായ ഇ. ചന്ദ്രശേഖരന്‍ ഒഴിവാക്കപ്പെട്ടു. ചിറ്റയം ഗോപകുമാറിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം. ഇ. ചന്ദ്രശേഖരനാണ് പാര്‍ട്ടി നിയമസഭാകക്ഷി നേതാവ്. നിയുക്ത മന്ത്രി കെ. രാജന്‍ ഉപനേതാവ്.
നിയുക്ത മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെയെന്നതില്‍ ഇന്ന് തീരുമാനമെടുക്കും. കെ.കെ.ശൈലജ ഒഴിവായതോടെ, ആരോഗ്യവകുപ്പ് ആര്‍ക്കെന്നതാണ് ഏറെ ആകാംക്ഷയുണര്‍ത്തുന്നത്. സി.പി.എമ്മിന്റെ കൈയിലെ ധനകാര്യം, ആരോഗ്യം, വ്യവസായം, തദ്ദേശസ്വയംഭരണം, സഹകരണം, ടൂറിസം എന്നീ പ്രധാന വകുപ്പുകള്‍ ആരെയൊക്കെ ഏല്പിക്കുമെന്നതും എല്ലാവരും ഉറ്റുനോക്കുന്നു.
രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വകുപ്പുകള്‍ ചര്‍ച്ചചെയ്യും. ഘടകകക്ഷി മന്ത്രിമാര്‍ക്ക് വിട്ടുകൊടുക്കുന്ന വകുപ്പുകളേതൊക്കെ എന്നതിലും തീരുമാനമെടുക്കേണ്ടതുണ്ട്.
"
https://www.facebook.com/Malayalivartha























