നില്‍ക്കണോ പോകണോ... കുറ്റിയാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറെയേയും തിരികെ വിളിക്കണമെന്ന ആഹ്വാനവുമായി പോരാളി ഷാജിയും പിജെ ആര്‍മ്മിയും; ശൈലജ ടീച്ചര്‍ മന്ത്രിസഭയില്‍ നിന്ന് പോകുന്നതില്‍ പ്രയാസമുണ്ടെന്ന് ശശി തരൂര്‍

കെ.കെ ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ ഇടത് അനുഭാവികള്‍ക്കിടയിലും സൈബര്‍ ഗ്രൂപ്പുകളിലും പ്രതിഷേധം ശക്തമാകുന്നു. സൈബര്‍ ഇടങ്ങളില്‍ സിപിഎമ്മിനെ ശക്തമായി അനുകൂലിക്കുന്ന 'പോരാളി ഷാജി', 'പിജെ ആര്‍മി' എന്നീ പേജുകള്‍ ടീച്ചര്‍ക്ക് അനുകൂലമായി രംഗത്തെത്തി. 'കോപ്പ്' എന്ന ഒറ്റ വാക്ക് മാത്രം പോസ്റ്റ് ചെയ്താണ് പിജെ ആര്‍മിയുടെ പ്രതിഷേധം.
കുറ്റിയാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറെയേയും തിരികെ വിളിക്കണം. ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീര്‍പ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തില്‍ മുക്കിക്കൊല്ലാതെ പിടിച്ചു നിര്‍ത്താന്‍ ടീച്ചര്‍ വഹിച്ച പങ്ക് അവിസ്മരണീയം.
ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കില്‍ മരണസംഖ്യ വര്‍ദ്ധിക്കുമായിരുന്നു. ഒരു പക്ഷേ,തുടര്‍ഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളില്‍ വേദനയുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്... എന്നാണ് പോരാളി ഷാജി പറയുന്നത്. ടീച്ചര്‍ക്ക് ഒരു അവസരം കൂടി കൊടുത്തു കൂടേ എന്ന പോസ്റ്ററും ഇതിനൊപ്പം പങ്കുവയ്ക്കപ്പെട്ടു.
പി. ജയരാജനെ അനുകൂലിക്കുന്ന 'പിജെ ആര്‍മി' നടത്തിയ ഇടപെടലുകള്‍ മുന്‍പും പാര്‍ട്ടി നേതൃത്വത്തിന് അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. തോമസ് ഐസക് മത്സരിക്കാത്തതും ശൈലജ ടീച്ചര്‍ മന്ത്രിയാവാത്തതും മോശം തീരുമാനമാണെന്നും ജനഹിതത്തിന് വില കല്‍പ്പിക്കാത്തതുകൊണ്ടാണ് ഇവ മോശം തീരുമാനങ്ങളാവുന്നതെന്നും ശാസ്ത്ര സാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. അരവിന്ദന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
എഴുത്തുകാരന്‍ മനു എസ്. പിള്ള, തമിഴ് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മീന കന്തസ്വാമി സംവിധായകന്‍ രഞ്ജിത് ശങ്കര്‍, നടന്‍ വിനീത് ശ്രീനിവാസന്‍, ഗായിക സയനോര, ടിവി അവതാരക രഞ്ജിനി ഹരിദാസ് എന്നിവരും ശൈലജയ്ക്കായി രംഗത്തെത്തി.
ശൈലജ ടീച്ചറിനായി ഹാഷ്ടാഗ് ക്യാംപെയ്‌നും ആരംഭിച്ചു. ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി #BringBackShailajaTeacher, #BringourTeacherback എന്നീ ഹാഷ്ടാഗുകളും സമൂഹമാധ്യമങ്ങളില്‍ തരംഗമായി. അഭിനേതാക്കളായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, സംവിധായിക ഗീതു മോഹന്‍ദാസ്, ഗായകന്‍ വിധു പ്രതാപ് ഉള്‍പ്പെടെയുള്ളവരും ഈ ആവശ്യവുമായി രംഗത്തെത്തി. പാര്‍ട്ടിയുടെ തീരുമാനത്തിന് ഒരു നീതീകരണവുമില്ലെന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം. ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് പോകുന്നതില്‍ പ്രയാസമുണ്ടെന്ന് ശശി തരൂര്‍ എംപി കുറിച്ചു.
സിപിഎമ്മിന്റെ ഔദ്യോഗിക പേജുകളിലും ശൈലജ ടീച്ചറെ മാറ്റിയതിനെതിരെ പ്രതിഷേധം ഉയരുന്നു.
അതേസമയം കോവിഡ് മഹാമാരിയോട് പൊരുതുന്നതില്‍ ലോകശ്രദ്ധ നേടിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ മന്ത്രിസഭയിലുണ്ടാകുമെന്ന പ്രതീക്ഷകള്‍ പാര്‍ട്ടി നിയന്ത്രണത്തില്‍ അസ്തമിച്ചു. തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 60,963 വോട്ടുകള്‍ നേടിയതോടെ ആരോഗ്യമന്ത്രിയായി കെ.കെ.ശൈലജ തുടരുമെന്ന ചിന്ത പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും ഉണ്ടായെങ്കിലും പുതുമുഖങ്ങള്‍ വരട്ടെയെന്ന മുതിര്‍ന്ന നേതാക്കളുടെ നിലപാട് സാധ്യത കെടുത്തി.
മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളാകട്ടെയെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പിബിയും സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ചു.
സംസ്ഥാന സമിതി യോഗത്തില്‍ കോടിയേരി ബലാകൃഷ്ണന്‍ ആണ് മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നും കെ.കെ. ശൈലജ ടീച്ചര്‍ക്ക് മാത്രം ഇളവു വേണ്ടെന്നുമുള്ള നിലപാട് അറിയിച്ചത്. മന്ത്രിമാരുടെ പട്ടികയും അദ്ദേഹം വായിച്ചു. കമ്മിറ്റിയില്‍ ഭൂരിപക്ഷവും നിര്‍ദേശത്തെ പിന്തുണച്ചു.
ഏഴ് പേര്‍ ശൈലജയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. മുതിര്‍ന്ന നേതാവ് എം.വി. ജയരാജനും ശൈലജയെ പിന്തുണച്ചു. വ്യക്തിപ്രഭാവത്തിനു മുന്‍തൂക്കം നല്‍കേണ്ടതില്ലെന്നു ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി. അതേസമയം പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി കെ.കെ. ശൈലജ ടീച്ചര്‍ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha























