ഇനിയൊരു 5 കൊല്ലം കൂടി... പുതിയ ഇമേജുമായി പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ ആ ചങ്കുറപ്പ് തുടക്കത്തിലേ കാണാം; പിണറായി വിജയന് എല്ലാ വിഷയങ്ങളിലും ഉറച്ച തീരുമാനങ്ങളുണ്ട്; വിവാദമായേക്കുമെന്നു ഭയന്ന് തീരുമാനങ്ങള്‍ മാറ്റില്ല

കേരളത്തില്‍ പിണറായി വിജയന്റെ രണ്ടാമൂഴമാണ്. ചെയ്യുന്നതേ പറയൂ പറയുന്നതേ ചെയ്യൂ എന്ന വാക്യം പിണറായി വിജയന് അണികള്‍ ചാര്‍ത്തിക്കൊടുത്ത പരിവേഷമാണ്. അത് ഒരിക്കല്‍ കൂടി തെളിയിച്ചാണ് രണ്ടാമതും അധികാരത്തില്‍ എത്തുന്നത്.
മുഖ്യമന്ത്രി പദത്തിലേക്കു വരെ പലരും ഉയര്‍ത്തിക്കാട്ടിയ കെ.കെ. ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാനും പി.എ. മുഹമ്മദ് റിയാസിനെ മന്ത്രിയാക്കാനും കാരണം ആ കരളുറപ്പ് തന്നെ.
പിണറായി വിജയന് എല്ലാ വിഷയങ്ങളിലും ഉറച്ച തീരുമാനങ്ങളുണ്ട്. വിവാദമായേക്കുമെന്നു ഭയന്ന് അദ്ദേഹം തീരുമാനങ്ങള്‍ എടുക്കാതിരുന്നിട്ടില്ല. എടുത്ത തീരുമാനങ്ങള്‍ വലിയ പൊതുജന പ്രതിഷേധം തിരിച്ചറിഞ്ഞാലല്ലാതെ പിന്‍വലിച്ചിട്ടുമില്ല. ഈ കരുത്തും കരുതലും കൂടിയാണ് വീണ്ടുമൊരു പിണറായിക്കാലത്തേക്കു കേരളം കടക്കുന്നതിനുള്ള കാരണങ്ങളിലൊന്നും.
സര്‍ക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ചു റെക്കോര്‍ഡിട്ട പ്രതിപക്ഷത്തെ മൂക്കുകുത്തിച്ചാണ് തുടര്‍ഭരണമെന്ന റെക്കോര്‍ഡിലേക്ക് പിണറായി എല്‍ഡിഎഫിനെ നയിച്ചത്. നാളത്തെ ചരിത്ര നിമിഷത്തില്‍ പിണറായി വിജയന്‍ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നു.
ഒഴുക്കിനൊപ്പമല്ല, ഒഴുക്കിനെതിരായ നീന്തല്‍ ഇഷ്ടമാക്കിയ താരമാണു പിണറായി. അതിനാലാണ് തോമസ് ഐസക്കും ജി. സുധാകരനും ഇല്ലാത്ത സ്ഥാനാര്‍ഥിപ്പട്ടികയില്‍ തുടങ്ങിയ സര്‍െ്രെപസുകള്‍ പിന്നെയും വന്നു കൊണ്ടേയിരിക്കുന്നത്. അടുത്തത്, തന്റെ ഓഫിസില്‍ വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണു മുഖ്യമന്ത്രി. മന്ത്രിമാരായാലും ഉദ്യോഗസ്ഥരായാലും നന്നായി ജോലി ചെയ്യുന്നതുകൊണ്ടു തുടരാന്‍ അനുവദിക്കുന്നതല്ല പിണറായി ശൈലി.
വൈകിട്ട് ആറിനു തുടങ്ങുന്ന വാര്‍ത്താസമ്മേളനം കൃത്യം ഏഴിന് അവസാനിപ്പിച്ച് മൈക്ക് ഓഫ് ചെയ്യുന്ന 'ഇന്നത്തേക്കിനി മതി' ശൈലിയാണ് ഭരണത്തിലും പിണറായി പയറ്റുന്നത്. പുതിയ ടീമിനെ പരീക്ഷിക്കുകയും അതു സൃഷ്ടിക്കാവുന്ന വെല്ലുവിളി ധൈര്യപൂര്‍വം ഏറ്റെടുക്കുകയും ചെയ്യാനാണ് പിണറായിക്കിഷ്ടം.
കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിറവിയെടുത്ത മണ്ണായ പിണറായിയിലെ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായി 1945 മേയ് 24നായിരുന്നു ജനനം. 14 മക്കളില്‍ അതിജീവിച്ചത് മൂന്നാമനായ നാണുവും നാലാമനായ കുമാരനും പതിനാലാമനായ വിജയനും മാത്രം. അന്നു കൈമുതലായ അതിജീവന കലയാണ് പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിലൊന്നും തളരാത്ത ക്യാപ്റ്റനായി പിണറായിയെ മുന്നില്‍ നിര്‍ത്തിയത്. പിണറായിയുടെ മകള്‍ വീണയുടെ ഭര്‍ത്താവും ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റുമായ റിയാസ് മന്ത്രിസഭയിലെത്തുന്നതിനാല്‍ ക്ലിഫ് ഹൗസില്‍ ഇരട്ടി സന്തോഷത്തിനും വകയുണ്ട്.
കേരള രാഷ്ട്രീയചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം കാവല്‍ മുഖ്യമന്ത്രിയായതിന്റെ റെക്കോര്‍ഡും പിണറായി വിജയന് സ്വന്തമാണ്. മേയ് 3ന് രാജി സമര്‍പ്പിച്ച അദ്ദേഹം പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന 20 വരെ 17 ദിവസം കാവല്‍ മുഖ്യമന്ത്രിയായിരിക്കും.
ഇതുവരെ റെക്കോര്‍ഡ് എ.കെ. ആന്റണിക്കായിരുന്നു. തിരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന് 1996 മേയ് 9ന് രാജി സമര്‍പ്പിച്ച അദ്ദേഹം അന്നു മുതല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന 20 വരെ 11 ദിവസം കാവല്‍ മുഖ്യ മന്ത്രിയായിരുന്നു.
ഫലപ്രഖ്യാപനം വന്ന് 18 ദിവസം കഴിഞ്ഞാണ് പിണറായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ ഏറ്റവും വൈകിയത് പട്ടം താണുപിള്ളയുടേതാണ്. 1960 ഫെബ്രുവരി ഒന്നിനു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പിറ്റേന്നു നടന്നു. സത്യപ്രതിജ്ഞ നടന്നത് ഫെബ്രുവരി 22 നായിരുന്നു. അന്നു കേരളം രാഷ്ട്രപതി ഭരണത്തിലായിരുന്നു.
ഏറ്റവും വേഗത്തില്‍ സത്യപ്രതിജ്ഞ നടന്നത് 1987ലാണ്. മാര്‍ച്ച് 23ന് വോട്ടെടുപ്പ്, പിറ്റേന്ന് വോട്ടെണ്ണല്‍. അടുത്ത ദിവസം കരുണാകരന്‍ മന്ത്രിസഭയുടെ രാജി, 26ന് നായനാര്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചെയ്തു.
https://www.facebook.com/Malayalivartha























