ഇത് പുതിയ നിയോഗം... എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ മന്ത്രിയായി എത്തുമ്പോള്‍ ഓരോ സഖാക്കള്‍ക്കും ആവേശം; കായികാധ്യാപകനില്‍ നിന്നും പാര്‍ട്ടി അധ്യാപകനായി തിളങ്ങി; താത്വിക പ്രസംഗം കൊണ്ടുമാത്രം കാര്യമില്ലെന്ന് മനസിലാക്കി വിശ്വാസികളേയും പരിഗണനയിലെടുത്തു

എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ എന്ന 68 വയസുകാരന്‍ ഇനി സംസ്ഥാന മന്ത്രിയാണ്. പാര്‍ട്ടി പ്രതിസന്ധി നേരിട്ട കാലത്തു മറ്റു ജില്ലകളില്‍ ചുമതലകളില്‍ പകരക്കാരനായിരുന്നു എം.വി. ഗോവിന്ദന്‍. 10 വര്‍ഷം സ്‌കൂളില്‍ കായികാധ്യാപകനായതിന്റെ പേരിലല്ല, 2 തലമുറയിലെ പ്രവര്‍ത്തകര്‍ക്കു പാര്‍ട്ടി വിദ്യാഭ്യാസം പകര്‍ന്നതിന്റെ പേരിലാണ് ഗോവിന്ദന്‍, 'ഗോവിന്ദന്‍ മാഷ്' ആയത്.
ബ്രിട്ടിഷ് ഭരണത്തിനെതിരെ സമരം നടന്ന മോറാഴയിലാണ് ജനനം. അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റും മര്‍ദനവും ജയില്‍വാസവും നേരിട്ടു. ദേശീയ തലത്തില്‍ ഡിവൈഎഫ്‌ഐ രൂപീകരിക്കാനുള്ള സമിതിയിലെ അംഗമായിരുന്ന ഗോവിന്ദന്‍, തിരഞ്ഞെടുക്കപ്പെട്ട ആദ്യ സംസ്ഥാന പ്രസിഡന്റായി.
നാടിനു പുറത്ത് പാര്‍ട്ടിയുടെ ചുമതലയേല്‍ക്കാനുള്ള ആദ്യ നിയോഗം 1982 ല്‍ കാസര്‍കോട്ടായിരുന്നു. മൊഗ്രാല്‍ പുത്തൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ സ്ഥാനത്തു തുടരാന്‍ തയാറാകാതിരുന്ന ഏരിയ സെക്രട്ടറിക്കു പകരം സ്ഥാനമേറ്റു. എറണാകുളം ജില്ലയില്‍ വിഭാഗീയത കത്തിനിന്ന കാലത്ത് ആദ്യം ഒത്തുതീര്‍പ്പ് സെക്രട്ടറിയും പിന്നീട് തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയുമായി. കണ്ണൂര്‍ ജില്ലയില്‍ 6 വര്‍ഷം സെക്രട്ടറിയായിരുന്നു.
ഇതിനിടെ ദേശാഭിമാനി പത്രാധിപരായി. നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം, കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ്. 1996 ലും 2001 ലും തളിപ്പറമ്പില്‍ നിന്ന് എംഎല്‍എയായി.
ഭാര്യ: തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളുടെ മുന്‍ അധ്യക്ഷ പി.കെ. ശ്യാമള. മക്കള്‍: ശ്യാം (സിനിമ സഹസംവിധായകന്‍), അഡ്വ. രംഗീത്.
1970 ല്‍ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ സിപിഎം അംഗമായി. സിപിഎമ്മുമായി ബന്ധപ്പെട്ട യുവജന സംഘടനയായ ഡി വൈ എഫ് ഐയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. നേരത്തെ കെ.എസ്.വൈ.എഫ് കണ്ണൂര്‍ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ കേരള സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. 1986 ലെ മോസ്‌കോ യുവജന സമ്മേളനത്തില്‍ പങ്കെടുത്തു.
കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നപ്പോള്‍ സി.പി.ഐയുടെ കാസരഗോഡ് ഏരിയ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഗോവിന്ദന്‍ മാസ്റ്ററെ അടിയന്തരാവസ്ഥയില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1991ല്‍ കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് ശേഷം സിപിഐ എം കമ്മിറ്റി അംഗമായി.
2006 ലാണ് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2002-2006 കാലയളവില്‍ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഈ ഘട്ടത്തില്‍ പ്രായോഗികമല്ലെന്ന നിലപാടു മാറ്റവുമായി എം.വി. ഗോവിന്ദന്‍ അടുത്തിടെ രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായി.
പരാമര്‍ശം വിവാദമായതോടെ, വര്‍ഗീയതയെ പ്രതിരോധിക്കുന്നതിനു വേണ്ടി യോജിക്കാന്‍ കഴിയുന്ന എല്ലാവരെയും ഒരുമിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും ആശയപരമായ വൈരുധ്യമല്ല, വര്‍ഗപരമായ ഐക്യമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഭൗതികവാദ നിലപാട് പോലും സ്വീകരിക്കാന്‍ കഴിയാത്ത ഒരു സമൂഹത്തില്‍ വൈരുധ്യാത്മക ഭൗതികവാദ ദര്‍ശനം പകരംവയ്ക്കുക എന്നത് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സാധിക്കുന്ന ഒന്നല്ല എന്നാണ് ഗോവിന്ദന്‍ മാഷ് പറഞ്ഞത്.
വിശ്വാസികളെയും വിശ്വാസത്തിന് അടിസ്ഥാനമായിട്ടുള്ള ദൈവികമായ സങ്കല്‍പങ്ങളെയും തള്ളിപ്പറഞ്ഞുകൊണ്ട് വൈരുധ്യാത്മക ഭൗതികവാദമെന്ന ദാര്‍ശനിക പ്രപഞ്ചത്തെ ഇന്നത്തെ ഈ ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ മുന്‍നിര്‍ത്തി മുന്നോട്ടുപോകാനാകില്ല. ഇന്നത്തെ പരിസരങ്ങളില്‍ എടുക്കാന്‍ സാധിക്കുന്ന നിലപാട് ഇതാണ് എന്നാണ് ഗോവിന്ദന്‍ മാഷ് വ്യക്തമാക്കിയത്.
"
https://www.facebook.com/Malayalivartha























