ഇനി കാവിലെ പാട്ടുമത്സരം... മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിച്ച് രമേശ് ചെന്നിത്തല; കോണ്‍ഗ്രസിലെ 21 എം.എല്‍.എമാരില്‍ 19 പേരുടെ പിന്തുണയും ചെന്നിത്തലയ്ക്ക്; തോറ്റിട്ടും ചെന്നിത്തലയുടെ വീറും വാശിയും കണ്ടിട്ട് ഹൈക്കമാന്‍ഡിന് അത്ഭുതം

നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അതേസമയം പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരുമെന്നറിയുന്നു.
കോണ്‍ഗ്രസിലെ 21 എം.എല്‍.എമാരില്‍ 19 പേരുടെ പിന്തുണയും ചെന്നിത്തലയ്ക്കാണെന്ന വ്യക്തമായ സന്ദേശമാണ് കേരളത്തിലെത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും വൈദ്യലിംഗത്തിനും ലഭിച്ചതാണെന്നാണ് അറിയുന്നത്.
ചൊവ്വാഴ്ച ഇവര്‍ രണ്ടുപേരും കോണ്‍ഗ്രസ് എം.എല്‍.എമാരുമായി വിശദമായി സംസാരിച്ചിരുന്നു. വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകണമെന്ന നിലപാടിനെ അനുകൂലിക്കാന്‍ പേരാവൂര്‍ എം.എല്‍.എ. സണ്ണി ജോസഫ് മാത്രമാണ് മുന്നോട്ടു വന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷവും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല നടത്തിയ പോരാട്ടം കാണാതിരിക്കരുത് എന്ന കാഴ്ചപ്പാടാണ് എ ഗ്രൂപ്പ് എം.എല്‍.എമാരും മുന്നോട്ടു വെച്ചതെന്നറിയുന്നു.
നിയമസഭാകക്ഷി നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കാമാന്‍ഡ് പ്രതിനിധികളെ ധരിപ്പിച്ചതായും സൂചനയുണ്ട്. ഘടകകക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും പിന്തുണ നല്‍കിയതും ചെന്നിത്തലയ്ക്ക് ഗുണകരമായി.
സര്‍ക്കാരിന്റെ അഴിമതികള്‍ എണ്ണിയെണ്ണി പുറത്ത് കൊണ്ടുവന്ന രമേശ് ചെന്നിത്തലയെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തരുത് എന്നാണ് ഹൈക്കാമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജ്ജുന ഖാര്‍ഗേ, വി. വൈദ്യലിംഗം എന്നിവരോട് കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഭൂരിപക്ഷവും അറിയിച്ചത്.
നേരിട്ട് എത്താതിരുന്ന ഷാഫി പറമ്പില്‍ എം.എല്‍.എ. ഹൈക്കാമാന്‍ഡ് പ്രതിനിധികളെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തലക്ക് പിന്തുണ അറിയിച്ചതെന്നാണ് വിവരം. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരുമെന്ന പ്രഖ്യാപനം ഔദ്യോഗികമായി ഡല്‍ഹിയില്‍ നിന്നും അടുത്തദിവസം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം മുല്ലപ്പള്ളിയ്ക്ക് വേണ്ടി ആരും രംഗത്തില്ലെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയ്ക്ക് സംരക്ഷണമൊരുക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ് 'ഐ' ഗ്രൂപ്പ് മാനേജര്‍മാര്‍. ഡല്‍ഹിയിലെ ചിലരുടെ അജണ്ട ചെന്നിത്തലയ്ക്ക് തടസമായെന്നാണ് കെ.സി. വേണുഗോപാലിനെ ലക്ഷ്യം വെച്ച് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞത്. നേതൃമാറ്റം തിടുക്കത്തില്‍ വേണ്ടെന്ന് കെ. സുധാകരന്റേയും കെ. മുരളീധരന്റെയും നിലപാടും ചെന്നിത്തലയ്ക്ക് ആശ്വാസകരമാണ്.
ഹൈക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് രാഷ്ട്രീയകാര്യസമിതിയില്‍ രമേശ് ചെന്നിത്തല വ്യക്തമാക്കി. പക്ഷെ പിന്നീട് ചെന്നിത്തലയെ നിലനിര്‍ത്താന്‍ ഐ ഗ്രൂപ്പ് കരുനീക്കി. സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ ചെന്നിത്തല തുടരട്ടെ, മാറ്റം പാര്‍ട്ടി തലത്തില്‍ മതിയെന്നാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്.
ഗ്രൂപ്പില്‍ നിന്നുതന്നെയുള്ള വിഡി സതീശന്റെ പേര് ശക്തമായി ഉയര്‍ന്ന് കേള്‍ക്കുന്നതാണ് ചെന്നിത്തലയ്ക്കുള്ള വെല്ലുവിളി. പക്ഷെ അത് ഇന്നലത്തോടെ മാറി. ചെന്നിത്തല മാറണമെന്നോ തുടരട്ടെയെന്നോ ഒറ്റയടിക്ക് പറയേണ്ടെന്നാണ് എ ഗ്രൂപ്പിലെ ധാരണയെങ്കിലും പലരും ചെന്നിത്തലയെ പിന്തുണച്ചു. ഇനി തീരുമാനമെടുക്കേണ്ടത് സോണിയ ഗാന്ധിയാണ്.
"
https://www.facebook.com/Malayalivartha























