'ഞങ്ങളെയൊന്ന് രക്ഷിക്കാന്‍ പറ്റുമോ'; എച്ച്.ഐ.വി ബാധിതരെന്ന പേരില്‍ സമൂഹം മാറ്റി നിര്‍ത്തിയ കുടുംബം കനിവ് തേടുന്നു

18 വര്‍ഷത്തോളമായി രമയുടെ കുടുംബം ഒറ്റപ്പെടലിന്റെ വേദനയിലാണ്. എച്ച്.ഐ.വി. ബാധിതരെന്ന പേരില്‍ അവരോട് സമൂഹം അകലം പാലിച്ച് നില്‍ക്കുകയായിരുന്നു. വെല്ലുവിളികളെ അതിജീവിച്ച് മൂന്ന് മക്കളും പഠിച്ച് ബിരുദങ്ങള്‍ നേടി. പക്ഷേ, ഒരു തൊഴില്‍ ലഭിക്കുന്നതിന് ഈ അകല്‍ച്ച അവര്‍ക്ക് തടസ്സമായി.
ഈ കോവിഡ് കാലത്ത് ഒരു തൊഴില്‍ ലഭിക്കാതെ ജീവിതത്തിന് മുന്നില്‍ കുടുംബം പകച്ചുനില്‍ക്കുകയാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കാരുണ്യം തേടുകയാണ് ഇവര്‍, ഞങ്ങളെയൊന്ന് രക്ഷിക്കാന്‍ പറ്റുമോ എന്ന ചോദ്യത്തോടെ.
കൊട്ടിയൂര്‍ അമ്പലക്കുന്ന് കൊറ്റംചിറയില്‍ താമസിക്കുന്ന രമയും മക്കളായ അക്ഷരയെയും അനന്തുവിനെയും ആരും മറന്നുപോകാനിടയില്ല. ഭര്‍ത്താവ് ഷാജിയില്‍ നിന്നാണ് രമയ്ക്ക് എച്ച്.ഐ.വി. ബാധ ഉണ്ടായത്. അതുവഴി മൂന്ന് മക്കളില്‍ ഇളയവരായ രണ്ടുപേര്‍ക്കും.
കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കാതെ പ്രതിഷേധിക്കുന്ന മറ്റു രക്ഷിതാക്കളുടെ മുന്നില്‍ മക്കളെയും ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന രമയുടെ ചിത്രം ഒന്നരപ്പതിറ്റാണ്ട് മുമ്പ്എച്ച്.ഐ.വി. ബാധിതര്‍ക്കുനേരേയുള്ള സമൂഹ മനോഭാവത്തിന്റെ പരിച്ഛേദമായിരുന്നു. കേരളം കണ്ണീരോടെ കണ്ട ചിത്രങ്ങളിലൊന്നായിരുന്നു അത്.
2004-ല്‍ നിന്ന് 2021-ല്‍ എത്തി. വിദ്യാഭ്യാസം നിഷേധിച്ച് പ്രതിഷേധവുമായി നിന്ന സമൂഹം ഇന്ന് എച്ച്.ഐ.വി. ബാധിതര്‍ എന്ന അതേ കാരണത്താല്‍ ഇവര്‍ക്ക് ജോലി നിഷേധിക്കുകയാണ്. അക്ഷരയ്ക്ക് ബി.എസ് സി. സൈക്കോളജി ബിരുദമുണ്ട്. അനന്തു ബികോം പൂര്‍ത്തിയാക്കി. മൂത്തമകള്‍ ആതിരയ്ക്ക് എം.ടെക്. ബയോടെക്നോളജി ബിരുദാനന്തര ബിരുദവും.
2017-ല്‍ എം.ടെക്. പാസായി. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ അഭിമുഖത്തില്‍ സെലക്‌ഷന്‍ ലിസ്റ്റില്‍ ഒന്നാമതുണ്ടായിരുന്നു. പക്ഷേ, ജോലി ലഭിച്ചില്ല. മറ്റു പല സ്ഥലങ്ങളിലും സമാന അനുഭവം. ഒടുവില്‍ കഴിഞ്ഞ വര്‍ഷം പി.എസ്.സി, ബാങ്ക് കോച്ചിങ്ങിന് പോയിത്തുടങ്ങി.
''മത്സര പരീക്ഷകള്‍ വഴിയാകുമ്പോൾ ജോലിയില്‍ എച്ച്.ഐ.വി. ബാധിതരുടെ കുടുംബത്തില്‍ നിന്നെന്ന കാരണത്താല്‍ ഒഴിവാക്കില്ലല്ലോ'' - ആതിര പറയുന്നു. കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമോ എന്നാണ് രമയുടെ കണ്ണീരില്‍ കുതിര്‍ന്ന ചോദ്യം.
https://www.facebook.com/Malayalivartha
























