കൊച്ചിയില്‍ തക്ക മറുപടി... ഒരറ്റത്ത് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ വിവാദ പരിഷ്‌കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ സര്‍വകക്ഷി യോഗം നടക്കവേ മററ്റത്ത് കൊച്ചിയില്‍ പത്ര സമ്മേളനം വിളിച്ച് ലക്ഷദ്വീപ് കളക്ടര്‍ അസ്‌കര്‍ അലി; നടക്കുന്നത് തത്പരകക്ഷികളുടെ ദുഷ്പ്രചാരണങ്ങള്‍

ലക്ഷദ്വീപ് പുകഞ്ഞ് മറിയുമ്പോള്‍ അതിന്റെ പ്രതിധ്വനി കേരളത്തിലുമുണ്ടാകുകയാണ്. അതിനാല്‍ തന്നെ കേരളത്തല്‍ പത്രസമ്മേളനം നടത്തി തക്ക മറുപടി നല്‍കിയിരിക്കുകയാണ് ലക്ഷദ്വീപ് കളക്ടര്‍ അസ്‌കര്‍ അലി.
അതേസമയം അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ വിവാദ പരിഷ്‌കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ സര്‍വകക്ഷി യോഗം ചേരുന്നതിനിടെ തന്നെ വീണ്ടും വിവാദ നടപടികളുമായി പട്ടേല്‍ രംഗത്തെത്തി. ലക്ഷദ്വീപ് ഡവലപ്‌മെന്റ് കോര്‍പറേഷനു കീഴിലുള്ള യാത്രാ, ചരക്കു കപ്പലുകളുടെ സര്‍വീസ് നടത്തിപ്പും ജീവനക്കാരുടെ നിയമനവും ഷിപ്പിംഗ് കോര്‍പറേഷന്‍ ഒഫ് ഇന്ത്യയ്ക്കു കൈമാറിയാണ് ഏറ്റവും പുതിയ ഭരണപരിഷ്‌കാരം. ഇരുപത്തിനാല് കപ്പലുകളിലായി ദ്വീപുകാര്‍ ഉള്‍പ്പെടെ എണ്ണൂറോളം ജീവനക്കാരുണ്ട്.
അതേസമയം, അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒന്നിച്ചു പോരാടാന്‍ ദ്വീപിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സര്‍വകക്ഷിയോഗം തീരുമാനിച്ചു. ബി.ജെ.പി പ്രതിനിധി ഉള്‍പ്പെടെ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ എല്ലാ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി കോര്‍ കമ്മിറ്റി രൂപീകരിക്കും.
കപ്പല്‍ സര്‍വീസുമായി ബന്ധപ്പെട്ട പുതിയ തീരുമാനത്തില്‍, ഇപ്പോഴത്തെ ജീവനക്കാരെ ആറു മാസത്തേക്ക് നിലനിര്‍ത്തും. അതിനു ശേഷം ഷിപ്പിംഗ് കോര്‍പറേഷന്റെ ജീവനക്കാര്‍ ചുമതലയേല്ക്കും. രാജ്യത്തെ ഏറ്റവും വലിയ യാത്രാ കപ്പല്‍ ഓപ്പറേറ്ററാണ് ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍. സര്‍വകക്ഷി യോഗത്തില്‍ മുന്‍ എം.പി ഹംദുള്ള സഈദ്, ബി.ജെ.പി ജനറല്‍ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം എന്നിവര്‍ക്കു പുറമെ ജെ.ഡി (യു), കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, സി.പി.എം പ്രതിനിധികള്‍ പങ്കെടുത്തു.
അതേസമയം ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നത് തത്പരകക്ഷികളുടെ ദുഷ്പ്രചാരണങ്ങളാണെന്ന് ദ്വീപിലെ കളക്ടര്‍ എസ്. അസ്‌കര്‍ അലി പത്രസമ്മേളനത്തില്‍ പറഞ്ഞു. എതിര്‍പ്പുകളെ കാര്യമായെടുക്കുന്നില്ല.ഗുണ്ടാ ആക്ട് നടപ്പാക്കുന്നത് ദ്വീപില്‍ മയക്കുമരുന്നുപയോഗവും ക്രിമനല്‍ കേസുകളും വര്‍ദ്ധിക്കുന്നതിനാലാണ്. സ്‌കൂളുകളില്‍ മാംസഭക്ഷണം ഒഴിവാക്കിയത് കളക്ടര്‍ അദ്ധ്യക്ഷനായ സമിതിയുടെ തീരുമാനപ്രകാരമാണ്. മത്സ്യവും മുട്ടയും കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്.
കടലോരത്തെ അനധികൃത കൈയേറ്റങ്ങളാണ് പൊളിച്ചുനീക്കിയത്. മൃഗക്കശാപ്പും മാംസവില്പനയും നിയന്ത്രിക്കാന്‍ കൊണ്ടുവരുന്ന നിയമം ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നയതീരുമാനമാണ്. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരെ തിരഞ്ഞെടുപ്പുകളില്‍ അയോഗ്യരാക്കുന്ന നിയമവും നയതീരുമാനമാണ്. നിയമം പ്രാബല്യത്തില്‍ വരുന്ന തീയതിക്ക് ശേഷം കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നവര്‍ക്കാണ് ഇത് ബാധകമെന്നും കളക്ടര്‍ പറഞ്ഞു.
അതിനിടെ, അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് ഇന്നലെ എറണാകുളം പ്രസ് ക്‌ളബില്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയ കളക്ടര്‍ അസ്‌കര്‍ അലിക്കെതിരെ എ.ഐ.വൈ.എഫ്, ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. 'കളക്ടര്‍ ഗോബാക്ക്' വിളികളും കരിങ്കൊടിയുമായെത്തിയ ഇവരെ പൊലീസ് നീക്കം ചെയ്തു. 13 പേര്‍ക്കെതിരെ കേസെടുത്തു.
ലക്ഷദ്വീപിലെ കില്‍ത്താന്‍ ദ്വീപില്‍ കളക്ടര്‍ അസ്‌കര്‍ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ വിവാദ ഉത്തരവുകളെ ന്യായീകരിച്ച് ദ്വീപ് കളക്ടര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചവരാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha

























