യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഒരു വിമാനക്കമ്പനിയേയും അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സേവനങ്ങള്‍ അതിവേഗം പൂര്‍വനിലയിലേക്ക് എത്തുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. ലോക്‌സഭയിലാണ് റാം മോഹന്‍ നായിഡു ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വിമാനത്താവളങ്ങള്‍ സാധാരണ നിലയ്ക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഒരു വിമാനക്കമ്പനിയേയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡിഗോയുടെ പ്രതിസന്ധി ഘട്ടത്തില്‍ മറ്റ് കമ്പനികള്‍ അധിക സര്‍വീസ് ഉള്‍പ്പെടെ നടത്തുന്നുണ്ട്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഇന്‍ഡിഗോയുടെ അംഗീകൃത ശൈത്യകാല ഷെഡ്യൂളുകള്‍ പത്ത് ശതമാനം വെട്ടിക്കുറച്ചു. നിലവിലെ സാഹചര്യത്തില്‍ എയര്‍ലൈനിന് 15,014 പ്രതിവാര പുറപ്പെടലുകള്‍ കാര്യക്ഷമമായി നടപ്പിലാക്കാനാവില്ലെന്ന് ചൂണ്ടിയാണ് നടപടി. പ്രതിസന്ധി ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ ഉയര്‍ന്ന ആവശ്യകതയുള്ളതും അധിക പറക്കലുകള്‍ ആവശ്യമുള്ളതുമായ മേഖലകളില്‍ പ്രവര്‍ത്തനം കുറക്കാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി സി.ഇ.ഒ പീറ്റര്‍ എല്‍ബേഴ്‌സ് അറിയിച്ചു. ടിക്കറ്റ് റദ്ദായ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























