ബഹുനിലക്കെട്ടിടങ്ങള്‍ക്കു നിയന്ത്രണം: പിറകോട്ടില്ല, വിയോജിപ്പു പ്രകടിപ്പിച്ച മുഖ്യമന്ത്രിയോടു കാര്യം വിശദീകരിക്കുമെന്നു വയനാട് കലക്ടര്‍

വയനാട് ജില്ലയിലെ ബഹുനിലക്കെട്ടിട നിര്‍മാണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവില്‍ നിന്നു പിറകോട്ടില്ലെന്നു കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍. വിയോജിപ്പു പ്രകടിപ്പിച്ച മുഖ്യമന്ത്രിയോടു കാര്യം വിശദീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരവിനെതിരെ ആരെങ്കിലും കോടതിയില്‍ പോയാല്‍ നിയമപരമായിത്തന്നെ നേരിടും.
കൂടിയാലോചന ഇല്ലാതെയാണ് ഉത്തരവ് ഇറക്കിയത് എന്നതു പൂര്‍ണമായി ശരിയല്ല. അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിവിധ വിഭാഗക്കാരുടെ അഭിപ്രായം തേടാന്‍ ശില്‍പ്പശാലകള്‍ നടത്തും. അതില്‍ നല്ല നിര്‍ദേശം ലഭിച്ചാല്‍ ചെറിയ ഭേദഗതികള്‍ വരുത്തുകയും ചെയ്യാം.
വയനാടിന്റെ ഭൂരിഭാഗവും പശ്ചിമഘട്ടത്തിലെ അതീവപ്രാധാന്യമുള്ള മേഖലയാണ്. ഉരുള്‍പൊട്ടല്‍, മണ്ണൊലിപ്പ് പോലെയുള്ള ദുരന്തങ്ങള്‍ പലതുണ്ടായി. വയനാട്ടില്‍ മൂന്നുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളൊന്നും കാര്യമായി ഇല്ല.
പുറമെ നിന്നു വന്നു ഭൂമിയെടുത്തവരാണു വന്‍ കെട്ടിടങ്ങള്‍ പണിയുന്നത്. നഗരപ്രദേശങ്ങളില്‍ അഞ്ചുനില വരെ ഇപ്പോള്‍ അനുവദിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ കെട്ടിടനിയന്ത്രണ ഉത്തരവ് സാധാരണക്കാരെ ബാധിക്കില്ലെന്നും വയനാടന്‍ പരിസ്ഥിതിക്കു യോജ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















