കഥ മാറിമറിയുന്നു... അങ്ങനെയൊന്നും അഭിപ്രായം പറയാത്ത പൃഥ്വിരാജ് ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ചതോടെ സൈബര്‍ ആക്രമണം കടുത്തു; അനുകൂലിച്ചും പ്രതികൂലിച്ചും വാദം ശക്തിപ്പെടുമ്പോള്‍ വിവാദ എടപ്പാള്‍ ഓട്ടം എടുത്തിട്ട് മുന്‍ മന്ത്രി; ജനിച്ചത് മലപ്പുറത്തെ എടപ്പാളിലാണ്, എടപ്പാള്‍ ഓട്ടം മറക്കരുത്

ചോദിച്ചാല്‍ പോലും അഭിപ്രായം പറയാത്ത ആളാണ് നടന്‍ പൃഥ്വിരാജ്. ആ പൃഥ്വിരാജ് ലക്ഷദ്വീപിനെ പറ്റി ചോദിക്കാതെ അഭിപ്രായം പറഞ്ഞ് വെട്ടിലായിരിക്കുകയാണ്. വലിയ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. പൃഥ്വിയുടെ ആ കുറിപ്പ് ഇങ്ങനെയാണ്...
ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴുള്ള ഒരു സ്‌കൂള്‍ ഉല്ലാസയാത്രയാണു മനോഹരമായ ഈ ചെറിയ ദ്വീപുകളെക്കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ്മകള്‍.
വര്‍ഷങ്ങള്‍ക്കുശേഷം, സച്ചിയുടെ 'അനാര്‍ക്കലി' ക്രൂവിന്റെ ഭാഗമായിരുന്നു. കവരത്തിയില്‍ ഏതാണ്ടു 2 മാസം ചെലവഴിച്ചു. ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കാവുന്ന നല്ല സൗഹൃദങ്ങളും ഓര്‍മ്മകളും സമ്പാദിച്ചു.
രണ്ട് വര്‍ഷം മുമ്പ് വീണ്ടും പോയി. സംവിധായകനായി അരങ്ങേറ്റം കുറിച്ച 'ലൂസിഫറി'ന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വന്‍സ്. ലക്ഷദ്വീപിലെ അത്ഭുതകരവും ഊഷ്മളഹൃദയമുള്ള മനുഷ്യരില്ലായിരുല്ലെങ്കില്‍ ഇവയൊന്നും സാധ്യമാകുമായിരുന്നില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ ദ്വീപുകളില്‍ നിന്ന്, എനിക്കറിയുന്നതും അറിയാത്തതുമായ ആളുകളില്‍ നിന്ന് തീര്‍ത്തും ആശങ്കാകരമായ ചില സന്ദേശങ്ങളാണു ലഭിക്കുന്നത്. അവിടെ നടക്കുന്ന കാര്യങ്ങളില്‍ തനിക്ക് കഴിയുന്നത് ചെയ്യണമെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
ന്തുകൊണ്ടാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ 'പരിഷ്‌കാരങ്ങള്‍' തികച്ചും വിചിത്രമെന്ന് തോന്നുന്നത് എന്ന് ദ്വീപുകളെക്കുറിച്ച് ഒരു ലേഖനം എഴുതാന്‍ ഞാന്‍ പോകുന്നില്ല. താല്‍പ്പര്യമുള്ളവര്‍ക്ക് അത്തരം മെറ്റീരിയലുകള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ എളുപ്പത്തില്‍ ലഭ്യമായിരിക്കണം.
എനിക്കറിയുന്ന ഒറ്റ കാര്യം, ഞാന്‍ അറിയുന്ന ദ്വീപുവാസികളാരും, എന്നോട് സംസാരിച്ചവരാരും, ഇപ്പോള്‍ സംഭവിക്കുന്ന 'പുതിയ' കാര്യങ്ങളില്‍ ഒട്ടും സന്തോഷിക്കുന്നവരല്ല.! ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും കേവല ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ഭൂമിയിലെ ജനങ്ങള്‍ക്ക് വേണ്ടിയാകണെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു.
ലക്ഷദ്വീപ് എന്നാല്‍ ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്ര പ്രദേശത്തെയോ സൃഷ്ടിക്കുന്ന ഭൂമിശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ കേവല അതിര്‍ത്തിയല്ല, മറിച്ച് അവിടെ താമസിക്കുന്ന ആയിരക്കണക്കിനു മനുഷ്യരാണു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ഒത്തുതീര്‍പ്പിന്റെ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറും?
കടുത്ത പ്രത്യാഘാതങ്ങളെ പോലും പരിഗണിക്കാതെ അതിലോലമായ ദ്വീപ് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും?
നമ്മുടെ വ്യവസ്ഥിതിയില്‍ എനിക്ക് വിശ്വാസമുണ്ട്, ജനങ്ങളില്‍ അതില്‍ കൂടുതല്‍ വിശ്വാസമുണ്ട്... എന്നാണ് പൃഥ്വിരാജ് എഴുതിയത്.
അതേസമയം നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സംഘപരിവാര്‍ സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്ദു റബ്ബ് രംഗത്തെത്തി. ജനനം മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ആണെന്നും പഴയ എടപ്പാള്‍ ഓട്ടം 'ജനം' മറക്കരുതെന്നുമായിരുന്നു അബ്ദു റബ്ബ് തന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെ പറഞ്ഞത്. പൃഥ്വിരാജിന്റെ അച്ഛനും നടനുമായ സുകുമാരന്‍ എടപ്പാളിലാണ് ജനിച്ചത്. ഇതേക്കുറിച്ചാണ് അബ്ദു റബ്ബ് തന്റെ പോസ്റ്റിലൂടെ പറയുന്നതെന്നാണ് അനുമാനം.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറം എടപ്പാള്‍ ജംഗ്ഷനില്‍ ബൈക്കുകളില്‍ റാലി നടത്തിയ ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകരെ എതിരാളികള്‍ വിരട്ടിയോടിക്കുകയും ബൈക്കുകള്‍ ഉപേക്ഷിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഓടുന്ന ദൃശ്യങ്ങളാണ് 'എടപ്പാള്‍ ഓട്ടം' എന്ന പേരില്‍ അബ്ദു റബ്ബ് പരിഹസിക്കുന്നത്.
"
https://www.facebook.com/Malayalivartha

























