കണക്കുകൾ മറച്ച് പിടിച്ച് സർക്കാർ... ഒടുവിൽ ആ റിപ്പോർട്ട് പുറത്ത് വന്നു... കോവിഡ് കണക്കുകളിലെ തിരിമറി വ്യക്തമാകുന്നു... പിന്നിൽ ഗൂഢലക്ഷ്യം!

സംസ്ഥാനത്ത് പ്രസിദ്ധീകരിക്കുന്ന കോവിഡ് കണക്കുകളിൽ വൻ തിരിമറിയെന്ന് ആക്ഷേപം. യഥാർഥ കോവിഡ് മരണത്തെക്കാൾ രണ്ടിരട്ടിയോളം കുറച്ചാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതെന്നാണ് പൊതുവിൽ ഉയർന്ന് കേൾക്കുന്ന ആരോപണം.
സംസ്ഥാന ആരോഗ്യവകുപ്പ് നിശ്ചയിച്ച വിദഗ്ധസമിതി സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോവിഡ് മരണങ്ങളിൽ നിന്നും പലതും ഒഴിവാക്കുന്നത് മൂലമാണ് കണക്കുകളിൽ വൈരുധ്യം ഉണ്ടാകുന്നത് എന്നാണ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്ന നിഗമനം. മേയ് 26 വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 7,882 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടവർ.
ഇത്തരം ഒഴിവാക്കലുകൾ ഭാവിയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ വ്യാകുലത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കായി പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ പലരും ഒഴിവാക്കപ്പെടും. അനാഥരായ കുട്ടികളെ സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുമ്പോഴും പലരും പട്ടികയ്ക്ക് പുറത്താകാനുള്ള സാധ്യതയുമുണ്ട്.
ഗുരുതരമായ അസുഖങ്ങൾ ഉള്ള ഒരാൾ രോഗം മൂർച്ഛിച്ച് മരിക്കുമ്പോൾ കോവിഡ് പോസിറ്റീവ് ആണെങ്കിൽപ്പോലും പട്ടികയിൽ ഉൾപ്പെടുത്തില്ല എന്ന സാഹചര്യമാണ്. ഉദാഹരണത്തിന്, ഹൃദൃരോഗം വന്ന് മരണപ്പെടുന്ന ഒരാൾക്ക് കൊവിഡ് ബാധിച്ചു എന്ന് കരുതുക.
കൊവിഡ് മൂലമോ അതിന്റെ സൈഡ്എഫക്സ് മൂലമോ മരണപ്പെട്ടാൽ അയാളെ കൊവിഡ് കണക്കില് ഉൾപ്പെടുത്തുന്നില്ല. രോഗിയെ ചികിത്സിച്ച ഡോക്ടർമാർ നൽകുന്ന മരണ സർട്ടിഫിക്കറ്റ് പോലും വിദഗ്ധ സമിതി പരിഗണിക്കാറുമില്ല. ഇതുമൂലം ജില്ലാ ആരോഗ്യവകുപ്പ് കോവിഡ് ബാധിച്ച മരണമെന്ന് പ്രഖ്യാപിച്ചവരിൽ പലരും സംസ്ഥാന പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
പാലക്കാട്, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ മരണക്കണക്കുകളിൽ വൻ വ്യത്യാസമാണുള്ളത്. ജില്ലാ, സംസ്ഥാന ആരോഗ്യവകുപ്പുകളുടെ കണക്കുകൾ തമ്മിൽ താരതമ്യം ചെയ്തതിൽ ഇക്കാര്യം വ്യക്തമാണ്.
മേയ് 12-ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ 70 മരണങ്ങൾ നടന്നതായി പി.ജി. അധ്യാപകരുടെ സംഘടന വെളിപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡ് ഇതര മരണങ്ങളടക്കം 40 മരണങ്ങൾ മാത്രമാണ് അധികൃതർ അറിയിച്ചത്. ശ്മശാനങ്ങളിൽ രേഖപ്പെടുത്തുന്ന കോവിഡ് മരണങ്ങളുടെ എണ്ണവും ഔദ്യോഗിക പട്ടികകളെക്കാൾ ഉയർന്നതുമാണ്.
ഇതുകൂടാതെ സമാനരീതിയിൽ മറ്റൊരു ആരോപണം ഉയർന്നിരുന്നു. ജില്ലയിൽ പ്രസിദ്ധീകരിക്കുന്ന കോവിഡ് കണക്കുകളിൽ വൻ തിരിമറിയെന്ന ആരോപണമാണ് കൊല്ലത്ത് നിന്നും കേട്ടിരുന്നു.
യഥാർഥ രോഗികളുടെ എണ്ണത്തിന്റെ പകുതി പോലും ജില്ലാ ഭരണകൂടത്തിന്റെ കണക്കുകളിൽ ഉൾപ്പെടുന്നില്ലെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ പറയുന്നു. പനയം പഞ്ചായത്തംഗം ബി.രഞ്ജിനി കണക്കുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലൂടെ വിമർശനമുന്നയിച്ചിരുന്നു.
താൻ പ്രതിനിധീകരിക്കുന്ന കോവിൽമുക്ക് വാർഡിൽ മാത്രം 19 കോവിഡ് ബാധിതരുള്ളപ്പോൾ പഞ്ചായത്തിലാകെ 14 രോഗികൾ എന്നാണ് കലക്ടർ പ്രസിദ്ധീകരിച്ച കണക്കെന്നും തുടർച്ചയായ ദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോഴാണ് വിമർശനവുമായി രംഗത്തു വന്നതെന്നും രഞ്ജിനി വ്യക്തമാക്കി. നിലവിൽ പഞ്ചായത്തിലാകെ 300ൽ അധികം കോവിഡ് ബാധിതർ ഉള്ളപ്പോഴും ഔദ്യോഗിക കണക്കുകളിൽ ഇതിനെപറ്റി സൂചന ഒന്നും തന്നെയില്ല.
ജില്ലാ കലക്ടർ ദിവസേന പ്രസിദ്ധീകരിക്കുന്ന കണക്കുപ്രകാരം 494 മരണങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് ഡാഷ്ബോർഡിൽ ഇത് 478 ആയി കുറയും. അതേസമയം പഞ്ചായത്തുതല കണക്കുകൾ പ്രകാരം ജില്ലയിൽ കോവിഡ് മരണങ്ങൾ 1,799 പിന്നിട്ടു കഴിഞ്ഞു.
കോവിഡനന്തര മരണങ്ങൾ കൂടി കണക്കിലെടുത്താണിത്. ദിവസേന ജില്ലയിൽ അടക്കം ചെയ്യുന്ന കോവിഡ് ബാധിതരുടെ മൃതദേഹങ്ങളുടെ കണക്കു തന്നെ ദിവസേന റിപ്പോർട്ട് ചെയ്യുന്ന കോവിഡ് മരണങ്ങളെക്കാൾ കൂടുതലുണ്ടെന്നാണു മൃതദേഹം ഏറ്റുവാങ്ങുന്ന ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെ പറയുന്നത്.
ജില്ലയിലെ വിവിധ പഞ്ചായത്തുകൾ തിരിച്ചുള്ള കണക്കിൽ ഇന്നലത്തെ ആക്ടീവ് കേസുകളുടെ എണ്ണം 21,825 ആണ്. സർക്കാർ ദിവസേന പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക കണക്കിൽ ജില്ലയിൽ ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 8,173 മാത്രം.
കഴിഞ്ഞ 10 ദിവസത്തിനിടെ ജില്ലയിൽ പോസിറ്റീവ് ആയത് 25,610 പേരാണ്. ശരാശരി 7 ദിവസങ്ങൾ വരെയെങ്കിലും രോഗലക്ഷണങ്ങളുമായി തുടരുന്നവരാണ് ഭൂരിഭാഗവുമെന്നതിനാൽ ഒരാഴ്ചയ്ക്കിടെ പോസിറ്റീവ് ആകുന്നവരുടെയും ചികിത്സയിലിരിക്കുന്നവരുടെയും എണ്ണത്തിൽ ഇത്രത്തോളം അന്തരം സ്വാഭാവികമല്ല.
പുതിയ ഡിസ്ചാർജ് മാർഗരേഖ പ്രകാരം വീടുകളിൽ ചികിത്സയിൽ കഴിയുന്നവരിൽ ലക്ഷണങ്ങൾ ഇല്ലാത്തവരെ 3 ദിവസത്തിനു ശേഷം ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയാണ് ജില്ലയിൽ ചെയ്യുന്നത്.
വീടുകളിൽ കഴിഞ്ഞ ശേഷം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ 70 ശതമാനത്തിലധികം പേരും ഇങ്ങനെ നെഗറ്റീവ് ആകുന്നവരിൽ പെടുന്നത് കണക്കുകൾ മറച്ചുപിടിക്കാനാണെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha

























