'അവർ വന്നു ചേർന്ന ആദ്യ ദിവസം മുതൽ പിരിഞ്ഞു പോകുന്നത് വരെയുള്ള ഓരോ നിമിഷവും ടീച്ചറുടെ മനസ്സിലുണ്ടാകും. എന്റെ ടീച്ചർ ആണ് എനിക്ക് ഏറെ പ്രിയപ്പെട്ടത് എന്ന് ഒരിക്കലെങ്കിലും ഉറക്കെ പ്രഖ്യാപിക്കാത്ത മക്കൾ ഉണ്ടാകില്ല. 31 വലിയ കുട്ടികൾക്കൊപ്പം ഒരു ചെറിയ കുട്ടികൂടി ചേർന്നപ്പോൾ ഇതാ ഞങ്ങളുടെ കോവിഡ് കാല ഓൺലൈൻ അപാരത..' വൈറലായി അധ്യാപികയുടെ കുറിപ്പ്

ജൂൺ എത്താറായി. പുത്തനുടുപ്പും പുത്തൻ പുസ്തകങ്ങളും ചേർത്തുപിടിച്ച് ഇത്തവണ കുട്ടികൾക്ക് പ്രവേശനോത്സവവും പഴങ്കഥകളായി മാറിയിരിക്കുന്നു. അങ്ങനെ കോവിഡ് വ്യാപനം കുട്ടികളുടെ ഒരു കൊല്ലം കൂടെ തട്ടിയെടുത്തിരിക്കുകയാണ്. എങ്കിലും ഒരോ അധ്യയന വർഷവും മറക്കാനാക്കാത്തതാണെന്നു പറയുകയാണ് നിലമ്പൂർ ജിഎംയുപിഎസിലെ ശ്രീജ എംപി എന്ന അധ്യാപിക. എങ്ങനെയൊക്കെ ആയിരുന്നു തങ്ങൾ ഒന്നാംതരം ‘ഒന്നാന്തരം’ ആക്കിയിരുന്നതെന്നാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്. അധ്യാപികയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
ശ്രീജ ടീച്ചറുടെ കുറിപ്പ് വായിക്കാം.
ജൂൺ മാസം പ്രവേശനോത്സവം മുതൽ മാർച്ചിൽ മികവ് ഉത്സവം വരെ എന്തെല്ലാം പ്രവർത്തനങ്ങളിലൂടെയാണ് ഞങ്ങൾ കടന്നു പോകാറുള്ളത്. ഒന്നാം ക്ലാസിലെ ഒന്നാമത്തെ ദിവസം കരച്ചിലും ബഹളവും ഒക്കെ പഴങ്കഥകൾ ആയിട്ടുണ്ട്. പ്രവേശനോത്സവ ഗാനങ്ങളും അലങ്കാരങ്ങളും പുതിയ കൂട്ടുകാരെ കാത്തിരിക്കുന്ന സമ്മാനങ്ങളും ഓരോ കുഞ്ഞിനെയും വിദ്യാലയത്തോട് കൂടുതൽ അടുപ്പിക്കുക തന്നെ ചെയ്യും. അന്നുമുതൽ ആടിയും പാടിയും കളിച്ചും ചിരിച്ചും ചിത്രങ്ങൾ വരച്ചും അവയ്ക്ക് ഭാവനയുടെ വർണ്ണങ്ങൾ പകർന്നും എന്റെ മക്കൾ ഉയരങ്ങളിലേക്ക് എത്തുന്നത് നോക്കി നോക്കിയിരിക്കാൻ എന്ത് കൗതുകമാണെന്നോ.
ഗൃഹാന്തരീക്ഷത്തിൽ നിന്നും വിദ്യാലയാങ്കണത്തിലേക്ക് പെട്ടെന്ന് പറിച്ചു നടുന്ന കുട്ടിയെ വാടാതെ നോക്കാനും, അവർക്ക് ആവശ്യാനുസരണം സ്നേഹവും കരുതലും നൽകി, വളർന്നു പന്തലിച്ച വലിയ മാമരങ്ങൾ ആകാനുള്ള നിലം ഒരുക്കുക എന്നത് ഒന്നാം ക്ലാസിലെ അധ്യാപികയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്.
ഓരോ കുട്ടിയേയും പ്രത്യേകം പരിഗണിച്ച്, ഓരോരുത്തരുടെയും സവിശേഷതകൾ മനസ്സിലാക്കി അവരോടൊപ്പം നിന്ന് എന്റെയും കൂടി ഇടമാണ് ഈ ക്ലാസ് മുറി എന്ന തോന്നലിലൂടെ അവരെ വളർത്തിക്കൊണ്ടുവരിക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്.
നമ്മുടെ കൺമുന്നിലാണ് കുഞ്ഞുങ്ങൾ വളരുന്നത്. അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം പങ്കുവയ്ക്കുന്നത് ടീച്ചറോടാണ്. ‘അമ്മയ്ക്ക് എന്തറിയാം എന്റെ ടീച്ചർ പറഞ്ഞത് ഇങ്ങനെയാണ്’ എന്റെ ടീച്ചർ ആണ് എനിക്ക് ഏറെ പ്രിയപ്പെട്ടത് എന്ന് ഒരിക്കലെങ്കിലും ഉറക്കെ പ്രഖ്യാപിക്കാത്ത മക്കൾ ഉണ്ടാകില്ല തന്നെ.
അവർ വന്നു ചേർന്ന ആദ്യ ദിവസം മുതൽ പിരിഞ്ഞു പോകുന്നത് വരെയുള്ള ഓരോ നിമിഷവും ടീച്ചറുടെ മനസ്സിലുണ്ടാകും. അവയോരോന്നും ഒപ്പിയെടുത്ത് രക്ഷിതാവുമായി പങ്കുവെക്കും. അവരുടെ ഓരോ നേട്ടത്തെയും ഏറെ വിലമതിക്കണമെന്നും അവർക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകണമെന്നും രക്ഷിതാക്കളെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും.
ഒരു തവണയെങ്കിലും ഓരോ കുട്ടിയുടെയും വീട്ടിലെത്തുകയും വീടും ചുറ്റുപാടും അയൽപക്കങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കുകയും ചെയ്യും. ഇങ്ങനെയൊക്കെ ആയിരുന്നു ഞങ്ങൾ ഒന്നാംതരം ഒന്നാന്തരം ആക്കിയിരുന്നത്. ഈ കൊറോണക്കാലം അതിനൊന്നും അവസരം തരാതെ കടന്നുപോയി!! വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ശബ്ദ സന്ദേശങ്ങളായും കൊച്ചു കൊച്ചു വിഡിയോകളും ചിത്രങ്ങളുമായും മക്കൾ എന്റെ ഉള്ളിൽ നിറഞ്ഞു.
വരാന്ത്യങ്ങളിൽ ഇടയ്ക്കിടെ ഓൺലൈൻ ആയി ഒത്തു കൂടുമ്പോൾ അവരുടെ കൊച്ചു കൊച്ചു വർത്തമാനങ്ങളും കളിയും ചിരിയും പാട്ടും കഥകളും ഒക്കെയായി സർഗ്ഗവേളകൾ പിറവിയെടുത്തു. പാഠഭാഗങ്ങൾക്കപ്പുറത്തേക്ക് അവർ വരച്ച ചിത്രങ്ങളും അവരുടെ കഥകളും പാട്ടുകളും മറ്റ് സർഗ്ഗാത്മക പ്രവർത്തനങ്ങളും ഗ്രൂപ്പിൽ പങ്കുവച്ചു. പരസ്പരം വിലയിരുത്താൻ അവസരം നൽകി.
രക്ഷിതാക്കളുമായി ഇടയ്ക്കിടെ സംസാരിച്ചു. അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ഒരു പരിധിവരെ സാധിച്ചു. ഓരോ സംസാരത്തിലും ഓരോ കുഞ്ഞിന്റെ ഉള്ളിലും കൂട്ടുകാരെ ഒരിക്കലെങ്കിലും കാണാൻ കഴിയാത്തതിന്റെ വിഷമം അറിയുന്നുണ്ടായിരുന്നു. പരസ്പരം ഒന്നു കാണാതെ, പരിചയപ്പെടാതെ, ഈ ഒരു വർഷം തന്നോടൊപ്പം പഠിച്ചവർ ആരായിരുന്നു എന്ന് കാണിച്ചു കൊടുക്കാൻ പോലും കഴിയാതെ എന്റെ മക്കൾ വിഷമിക്കരുത് എന്ന് ഞാനും തീരുമാനിച്ചു.
അവർ പോലുമറിയാതെ അവരിൽ നിന്ന് ശേഖരിച്ച ചിത്രങ്ങളെല്ലാം ചേർത്തുവച്ചു. 31 വലിയ കുട്ടികൾക്കൊപ്പം ഒരു ചെറിയ കുട്ടികൂടി ചേർന്നപ്പോൾ ഇതാ ഞങ്ങളുടെ കോവിഡ് കാല ഓൺലൈൻ അപാരത ഇങ്ങനെ പൂർത്തിയായി. ഇത് കാണുമ്പോൾ കുഞ്ഞു മനസ്സുകളിൽ തെളിയുന്ന ഒരായിരം മഴവില്ലുകൾക്കോ അവർക്കോ, ഏതിനാകും കൂടുതൽ അഴക്. എന്റെ മക്കളും ഞാനും (ഫോട്ടോ എഡിറ്റിംഗ് മ്മടെ സ്വന്തം തങ്കുപ്പൂച്ചയും മിട്ടുപ്പൂച്ചയും)
https://www.facebook.com/Malayalivartha

























