ജയിലില്‍നിന്നു ജീവിതത്തിലേക്ക്; നേര്‍വഴി പദ്ധതി വ്യാപിപ്പിക്കുന്നു

കണ്ണൂര്‍, വയനാട്, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സാമൂഹികനീതിവകുപ്പ് നടപ്പാക്കിയ നേര്‍വഴി പദ്ധതി വിജയിച്ചതോടെ അബദ്ധത്തില്‍ കുറ്റവാളികളായവര്‍ക്കു തടവുശിക്ഷ നല്‍കാതെ, മാനസികപരിവര്‍ത്തനത്തിലൂടെ സമൂഹത്തിന്റെ ഭാഗമാക്കുന്ന പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നു.
സംസ്ഥാനത്തെ 47 ജയിലുകളിലെ 4800 വിചാരണത്തടവുകാരില്‍ 3500 പേരെയെങ്കിലും നേര്‍വഴി നടത്താമെന്നാണു പ്രതീക്ഷ. ഇത്തരക്കാരുടെ ശിക്ഷ ഉപാധികളോടെ റദ്ദാക്കി, പ്രൊബേഷന്‍ ഓഫീസറുടെ നിരീക്ഷണത്തില്‍ സമൂഹത്തിലും കുടുംബത്തിലും നിലനിര്‍ത്തുന്ന നിലവിലുള്ള സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണു ലക്ഷ്യം.
കുറ്റകൃത്യത്തിന്റെ പ്രകൃതം, കുറ്റവാളിയുടെ പ്രായം, പൂര്‍വകാലം, കുടുംബസാമൂഹികപശ്ചാത്തലം, പരിവര്‍ത്തനസാധ്യത എന്നിവ പരിഗണിച്ചാണു പ്രൊബേഷനു തെരഞ്ഞെടുക്കുന്നത്. ഇതിനായി കോടതി പ്രൊബേഷന്‍ ഓഫീസറില്‍നിന്നു റിപ്പോര്‍ട്ട് തേടും.
തടവറയില്‍ അകപ്പെടാതെ സാമൂഹികജീവിതത്തിന്റെ തുടര്‍ച്ച സംരക്ഷിക്കപ്പെടുന്നതിലുള്ള ആശ്വാസവും അതേസമയം നിരീക്ഷണവേളയില്‍ നിയമലംഘനം നടത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്ന ഭയവും കുറ്റവാളിയുടെ സ്വഭാവപരിവര്‍ത്തനത്തിന് ഉതകുമെന്നതാണ് ഈ സംവിധാനത്തിന്റെ കാതല്‍.
വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാനിടയുള്ളവര്‍ക്കും ചില പ്രത്യേകനിയമങ്ങള്‍ മൂലം അയോഗ്യരാക്കപ്പെട്ടവര്‍ക്കും ഒന്നിലേറെത്തവണ മോഷണക്കേസില്‍ പ്രതിയായവര്‍ക്കും ഇതിന്റെ ആനുകൂല്യം കിട്ടില്ല.
18 - 21 വയസുള്ള കുറ്റവാളികളെ പ്രത്യേകം പരിഗണിക്കും. സംസ്ഥാനത്തെ തടവുകാരില്‍ 15% പേര്‍ 21-ല്‍ താഴെ പ്രായമുള്ളവരും 76% ശിക്ഷാതടവുകാര്‍ ആദ്യകുറ്റവാളികളുമാണ്.
വിചാരണത്തടവുകാരില്‍ 80% പേരും ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാനിടയില്ലാത്ത കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരാണ്. പ്രൊബേഷനില്‍ വിട്ടാല്‍ തൊഴിലെടുക്കാന്‍ തടസമില്ല. ചെറിയകുറ്റം ചെയ്തവര്‍ ജയിലിലെ വന്‍കുറ്റവാളികളുമായുള്ള ചങ്ങാത്തത്തിലൂടെ കൊടുംകുറ്റവാളിയായി മാറുന്നതു തടയാന്‍ പദ്ധതി സഹായിക്കും.
ജയില്‍പുള്ളി എന്ന മുദ്രകുത്തല്‍ സമൂഹത്തില്‍നിന്ന് ഉണ്ടാവുകയുമില്ല. ജയിലുകളില്‍ തടവുകാര്‍ പെരുകുന്നതു തടയാം. ഇതിലൂടെ സര്‍ക്കാരിനു ചെലവു കുറയുന്നതിനാല്‍ സാമ്പത്തികലാഭമുണ്ടാകും. മൂന്നുവര്‍ഷമാണു പ്രൊബേഷന്‍. ചെറിയകുറ്റം ചെയ്ത 21 വയസിനു മുകളിലുള്ളവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സാമൂഹികസന്നദ്ധസംഘടനകളുടെ പങ്കാളിത്തത്തോടെയാകും പദ്ധതി നിര്‍വഹണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















