ജാഗ്രതയോടെ ഇന്റലിജന്‍സ്... സമാധാനമായി ജീവിച്ചിരുന്ന ലക്ഷദ്വീപിനെ പറഞ്ഞ് പറഞ്ഞ് നിയന്ത്രണങ്ങളുടെ കൂച്ചുവിലങ്ങിലേക്ക് മാറ്റി; ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിജാഗ്രത നിര്‍ദേശം; ദ്വീപുകളിലെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു

സമാധാനത്തോടെ കഴിഞ്ഞിരുന്ന ലക്ഷദ്വീപ് എല്ലാവരും കൂടി ചര്‍ച്ച ചെയ്ത് കുളമാക്കി കടുത്ത നിയന്ത്രണത്തിലേക്ക് പോകുന്നു. മലയാളികള്‍ക്ക് പ്രിയപ്പെട്ട വിനോദ സഞ്ചാര സ്ഥലമായ ലക്ഷദ്വീപില്‍ ഇനി ചുറ്റിക്കറങ്ങാന്‍ അഞ്ചാറ് പാടുപെടും. കടുത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്.
ലക്ഷദ്വീപിലെ സഞ്ചാരസ്വാതന്ത്ര്യമടക്കം തടയുന്നതരത്തില്‍ കടുത്ത നടപടികളുമായി ദ്വീപ് ഭരണകൂടം മുന്നോട്ട് പോകുകയാണ്. കപ്പല്‍യാത്ര ദുസ്സഹമാകുന്ന രീതിയില്‍ അതിജാഗ്രത നിര്‍ദേശമായ സെക്യൂരിറ്റി ലെവല്‍ രണ്ട് പുറപ്പെടുവിച്ചു. അടിയന്തരഘട്ടത്തില്‍ രോഗികളെ കൊച്ചിയിലേക്കുള്‍പ്പടെ എയര്‍ ആംബുലന്‍സില്‍ മാറ്റാന്‍ രേഖാമൂലമുള്ള അനുമതിവേണമെന്ന ഉത്തരവിറങ്ങി. കല്‌പേനിയിലെ പുതിയ ആശുപത്രിയുടേതടക്കം ദ്വീപുകളിലെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാനും തീരുമാനിച്ചു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് അതിജാഗ്രത നിര്‍ദേശമായ സെക്യൂരിറ്റി ലെവല്‍ രണ്ട് പുറപ്പെടുവിച്ചത്. സംശയകരമായ എന്തും റിപ്പോര്‍ട്ട് ചെയ്യാനാണ് ഉത്തരവ്. ദ്വീപുകളിലും കപ്പലുകളിലുമുള്‍പ്പടെ എല്ലാ പ്രവേശനകവാടങ്ങളിലും 24 മണിക്കൂറും കര്‍ശന സുരക്ഷാപരിശോധന നടത്തും. കേരളത്തില്‍നിന്നും എം.പി.മാരുള്‍പ്പടെയുള്ള രാഷ്ട്രീയകക്ഷി നേതാക്കള്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ദേശം.
എയര്‍ ആംബുലന്‍സിന് ഇനി മെഡിക്കല്‍ ഓഫീസറുടെ രേഖാമൂലമുള്ള അറിയിപ്പുണ്ടാകണം. ഇത് മെഡിക്കല്‍ ഡയറക്ടറടക്കമുള്ള നാലംഗസമതിക്ക് ഇമെയില്‍ അയച്ച് അവര്‍ അംഗീകരിക്കണം. പുതിയ ഉത്തരവോടെ അത്യാസന്നനിലയിലുള്ള രോഗിയെപ്പോലും ആശുപത്രിയിലേക്ക് മാറ്റാന്‍ ചുരുങ്ങിയത് ആറുമണിക്കൂറിലധികം കാത്തിരിക്കേണ്ടിവരും.
ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും നിര്‍മാണങ്ങള്‍ തടഞ്ഞാണ് പൊതുമരാമത്ത് വകുപ്പിന് ഭരണകൂടം ഉത്തരവ് നല്‍കിയത്. കല്‌പേനിയിലെ 50 കിടക്കകളിലധികമുള്ള ആശുപത്രിയുടെ നിര്‍മാണം ഇതോടെ നിലച്ചു. ദ്വീപിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍നിന്നും ഇനി സാമഗ്രികള്‍ നല്‍കില്ല. കരാര്‍ ഏറ്റെടുക്കുന്നവര്‍ മുഴുവന്‍ തുകയും ചെലവാക്കി നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് ഉത്തരവ്.
അതേസമയം അഡ്മിനിസ്‌ട്രേറ്റര്‍ക്കും കളക്ടര്‍ക്കുമെതിരേ കവരത്തി വില്ലേജ് പഞ്ചായത്ത് മൂന്ന് പ്രമേയങ്ങള്‍ ഐകകണ്‌ഠ്യേന പാസാക്കി. പത്രസമ്മേളത്തില്‍ കില്‍ത്താന്‍ ദ്വീപുകാരെ അപമാനിച്ച കളക്ടര്‍ അസ്‌കര്‍ അലിയുടെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. രാഷ്ട്രീയമേലാളന്മാര്‍ക്ക് ദല്ലാള്‍പ്പണി ചെയ്യരുതെന്നും ഐ.എ.എസിന്റെ മാന്യത കൈവിടരുതെന്നും കളക്ടറോട് ആവശ്യപ്പെട്ടു. ദ്വീപുവാസികള്‍ക്കെതിരേയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, സുപ്രീകോടതി സമിതിയുടെ നിര്‍ദേശപ്രകാരം അതത് ദ്വീപുകളിലെ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുമായി ആലോചിച്ചു മാത്രം പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക, വിവാദ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയവയാണ് പ്രമേയത്തിലെ ആവശ്യം.
അതേസമയം ലക്ഷദ്വീപിലെ പ്രതിസന്ധി നേരിട്ടു വിലയിരുത്താന്‍ എം.പി.മാരുടെ സംഘത്തിന് സന്ദര്‍ശനാനുമതി തേടിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. യു.ഡി.എഫിലെ അഞ്ച് എം.പി. മാരുള്‍പ്പെട്ട സംഘമാണ് പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ദ്വപീലേക്ക് പോകുന്നത്.
അനുമതിക്കായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഷിപ്പിങ് മന്ത്രി മന്‍സുഖ് എല്‍. മണ്ഡാവിയ എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. തിങ്കളാഴ്ച ദ്വീപിലേക്ക് പോകുന്നതിന് കപ്പല്‍ ടിക്കറ്റിനും യാത്രാനുമതിക്കുമാണ് കത്ത്. ബെന്നി ബെഹനാന്‍, എം.കെ. രാഘവന്‍, ഹൈബി ഈഡന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരാണ് സംഘത്തിലെ മറ്റ് എം.പി.മാര്‍.
https://www.facebook.com/Malayalivartha
























