വയനാട്ടില്‍ ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നു

വയനാട്ടില്‍ വനത്തിനുള്ളിലുള്ള കുറിച്യാട് എന്ന ആദിവാസിഗ്രാമത്തില്‍ കടുവ യുവാവിനെ കൊന്നു തിന്നു. കുറിച്യാട് കാട്ടുനായ്ക്ക കോളനിയിലെ കുള്ളന്റെ മകന്‍ ബാബുരാജ് (23) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. തലയോട്ടിയുടെ കുറച്ചു ഭാഗങ്ങള്‍ ഒഴികെ ബാക്കി മുഴുവനും ഭക്ഷിച്ച നിലയിലായിരുന്നു.
വനഗ്രാമത്തില്‍നിന്നു മൃതദേഹാവശിഷ്ടങ്ങള്‍ കുറിച്യാട് ഫോറസ്റ്റ് റേഞ്ച് ഓഫിസിലെത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ശുപാര്‍ശ നല്‍കുമെന്നും മരിച്ച ബാബുരാജിന്റെ ഭാര്യയ്ക്കു വനംവകുപ്പില്‍ ഉടന്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നും വയനാട് വന്യജീവിസങ്കേതം വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ എസ്. മോഹനന്‍പിള്ള പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന മൂന്നു ലക്ഷം രൂപ നല്‍കും. കടുവയെ പിടികൂടാന്‍ കോളനിക്കു സമീപം കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പേര്‍ ബത്തേരിയിലുള്ള വയനാട് വന്യജീവിസങ്കേതം ഓഫിസ് ഉപരോധിക്കുകയും ജനാലകള്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ ടയറിന്റെ കാറ്റഴിച്ചുവിട്ടു.
വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെയാണു ബാബുരാജിനെ വീട്ടില്‍നിന്നു കാണാതായത്. കോളനിക്കു ചുറ്റുമുള്ള വനത്തില്‍ ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നു വനപാലകരെ വിവരമറിയിച്ചു. ഇന്നലെ രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ തുടങ്ങി.
കോളനിക്കു സമീപം വനത്തില്‍ ബാബുരാജിന്റെ രണ്ടു ചെരിപ്പുകളും വാക്കത്തിയും ആദ്യം കണ്ടെത്തി. പിന്നീടു മുണ്ടും ഷര്‍ട്ടും കണ്ടു. അവിടെനിന്നു വീണ്ടും രണ്ടു കിലോമീറ്ററോളം വനത്തിനുള്ളിലായി തലയോട്ടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തുകയായിരുന്നു. കോളനിയില്‍നിന്നു വിറകു ശേഖരിക്കാനോ മറ്റോ വനത്തിലേക്കു പ്രവേശിച്ചപ്പോഴായിരിക്കാം കടുവ പിടിച്ചതെന്നു കരുതുന്നു. കടുവയാണോ മറ്റേതെങ്കിലും മൃഗമാണോ ആക്രമിച്ചതെന്ന കാര്യത്തില്‍ ആദ്യം സംശയമുണ്ടായിരുന്നെങ്കിലും കാല്‍പ്പാടുകള്‍ പരിശോധിച്ചു കടുവയെന്നു വനപാലകര്‍ സ്ഥിരീകരിക്കുകയായിരുന്നു.
ബത്തേരി-പുല്‍പള്ളി റൂട്ടില്‍ ചെതലയത്തുനിന്ന് എട്ടു കിലോമീറ്റര്‍ വനത്തിനുള്ളിലാണു കുറിച്യാട് ഗ്രാമം. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ ഗ്രാമത്തില്‍നിന്നു പകുതിയിലേറെ കുടുംബങ്ങള്‍ അടുത്തയിടെ കാടിനു വെളിയിലേക്കു മാറിത്താമസിച്ചിരുന്നു. ഇനി 41 ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് ഈ കൊടുംവനത്തിനുള്ളിലുള്ളത്. പുനരധിവാസം എത്രയും വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു കലക്ടര്‍ കേശവേന്ദ്രകുമാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















