എല്ലാവരും മാളത്തിലൊളിച്ചു... സ്വര്‍ണക്കടത്തിന്റെ പേര് പറഞ്ഞ് നിരന്തരം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തുന്ന കേന്ദ്രമന്ത്രി വി മുരളീധരനെ പ്രതിരോധത്തിലാക്കി സിപിഎം; സുരേന്ദ്രനും മുരളീധരനും അന്വേഷണം നേരിടണമെന്ന് വിജയരാഘവന്‍

എല്ലാം എത്ര വേഗമാ മാറി മറിഞ്ഞത്. സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കി കെ. സുരേന്ദ്രന്‍ കേരളത്തിലും വി. മുരളീധരന്‍ ഡല്‍ഹിയിലും തുടര്‍ച്ചയായി പത്രസമ്മേളനം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരുടേയും പത്രസമ്മേളനം സ്വയം പ്രതിരോധിക്കാനാണ്. അത്തരത്തിലുള്ള ആരോപണമാണ് സിപിഎം ഉന്നയിക്കുന്നത്.
കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കുഴല്‍പ്പണം കടത്തിയ കേസിലും സി.കെ.ജാനുവിന്റെ പാര്‍ട്ടിയെ ഒപ്പം നിറുത്താന്‍ ലക്ഷങ്ങള്‍ നല്‍കിയത് സംബന്ധിച്ചും പുറത്തുവന്ന വിവരങ്ങള്‍ ബി.ജെ.പിയുടെ ജീര്‍ണതയ്ക്കുള്ള തെളിവാണ്. ബി.ജെ.പിയെ പിന്തുണച്ച് ചില സമുദായ നേതാക്കള്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും വോട്ടെടുപ്പ് ദിനത്തിലും രംഗത്ത് വന്നിരുന്നു. ബി.ജെ.പിയില്‍ നിന്ന് ഇവര്‍ കോടികള്‍ കൈപ്പറ്റിയോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ടെന്ന് വിജയരാഘവന്‍ പറഞ്ഞു.
അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ സി.പി.എമ്മും ചില മാദ്ധ്യമങ്ങളും ബി.ജെ.പിക്കെതിരെ ആസൂത്രിതമായി പുകമറ സൃഷ്ടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പണം പിടിച്ചെടുത്ത സംഭവത്തില്‍ ബി. ജെ.പിക്ക് യാതൊരു ബന്ധവുമില്ല. അത് ബി. ജെ.പിയുടെ പണവുമല്ല. പരാതിക്കാരന്റെ ഫോണ്‍ ലിസ്റ്റിലുള്ളവരെയാണ് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. സി.പി.എം നേതാക്കളെപ്പോലെ ബി.ജെ.പി നേതാക്കള്‍ നെഞ്ച് വേദന അഭിനയിക്കുകയോ കൊവിഡ് പോസിറ്റീവാണെന്ന് പറയുകയോ ചെയ്യാത്തത് ഭയക്കാനൊന്നുമില്ലാത്തതു കൊണ്ടാണ്. പൊതുസമൂഹത്തിന് സംശയമുണ്ടെങ്കില്‍ തീരാനാണ് നേതാക്കള്‍ ഹാജരായത്.സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിലും മൂക്കറ്റം മുങ്ങിയ സി.പി.എം പ്രതികാരബുദ്ധിയോടെ നീങ്ങുകയാണ്.
കുഴല്‍പ്പണക്കേസിന്റെ വസ്തുതകളിലേക്ക് പോകുന്നതിന് പകരം തങ്ങളുടെ പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. ആദ്യത്തെ അന്വേഷണസംഘത്തെ ഒഴിവാക്കി എന്തിനാണ് എസ്.ഐ.ടിയെ വച്ചത്. പരാതി ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി അന്വേഷിക്കുകയും ലഭിച്ച വിവരം പൊലീസിന് കൈമാറുകയും ചെയ്തതാണ്.
പൊലീസ് പറയുന്നത് കേട്ട് വസ്തുതയില്ലാത്ത കാര്യങ്ങള്‍ ആവര്‍ത്തിക്കുന്ന മാദ്ധ്യമങ്ങള്‍ രാജ്യത്ത് നീതിന്യായ വ്യവസ്ഥയുണ്ടെന്ന് ഓര്‍ക്കണം. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച വിവരം മാദ്ധ്യമങ്ങള്‍ക്ക് കൊടുക്കുന്ന പൊലീസ്, ചോദ്യം ചെയ്യലിനു ശേഷം എന്ത് നടന്നെന്ന് പറയുന്നില്ല.സി.കെ. ജാനുവിന് ആരും പണം നല്‍കിയിട്ടില്ലെന്നും, ബത്തേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന അവരുടെ തിരഞ്ഞെടുപ്പ് ചെലവ് മുന്നണി തന്നെയാണ് നോക്കിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കൊടകര കുഴപ്പണ കേസിലെ അന്വേഷണം ഉന്നത ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുന്‍ സംസ്ഥാന അദ്ധ്യക്ഷനായ കുമ്മനം രാജശേഖരന്‍ രംഗത്ത്.
പാര്‍ട്ടിക്കെതിരെ 'സംഘടിതവും ആസൂത്രിതവുമായി ചില ശക്തികള്‍ നടത്തുന്ന മാദ്ധ്യമ വിചാരണയും നുണ പ്രചരണവും ബിജെപിയെ നശിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടു കൂടിയിട്ടുള്ളതാണെ'ന്നാണ് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയാ കുറിപ്പ് വഴി പറയുന്നത്. ഭാവിയില്‍ തങ്ങള്‍ക്ക് ഭീഷണിയായേക്കാവുന്ന ബിജെപിയെ തകര്‍ക്കേണ്ടത് യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും രാഷ്ട്രീയ ആവശ്യമാണെന്നും എന്തിനും ഏതിനും ബിജെപിയെ കുറ്റപ്പെടുത്തുന്നത് സ്ഥിരം അജണ്ടയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha