ചോര്‍ത്തിയാല്‍ വിവരമറിയും... കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായതു മുതല്‍ അദ്ദേഹത്തെ പുകച്ച് പുറത്ത് ചാടിക്കാനിരുന്നവര്‍ കുഴല്‍പ്പണ കോഴ സുവര്‍ണാവസരമാക്കി; ഗ്രൂപ്പു കളി നിര്‍ത്താന്‍ അന്ത്യശാസനം നല്‍കി ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടു; സുരേന്ദ്രന് വേണ്ടി രംഗത്തെത്തണം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയുള്ള ശത്രുക്കള്‍ മറ്റാരുമല്ല. ബിജെപി നേതാക്കള്‍ തന്നെയാണ്. ഈ കുഴല്‍പ്പണ കേസ് ഉയര്‍ന്ന് വന്നതും ഇത്രയേറെ വിവാദമായതും എതിര്‍ ഗ്രൂപ്പ് നേതാക്കളുടെ ഇടപെടലുകളാണ്.
കേരളത്തിലെ കുഴല്‍പണ വിവാദം ബിജെപിയുടെ പ്രതിഛായയ്ക്കുണ്ടാക്കിയ മങ്ങല്‍ മറികടക്കാന്‍ അടിയന്തര നടപടികളെടുക്കാന്‍ ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കി. ഉടന്‍ തന്നെ സംസ്ഥാന ഭാരവാഹി യോഗം വിളിച്ചു ചേര്‍ക്കാനും കാര്യങ്ങള്‍ വിശദീകരിക്കാനും നിര്‍ദേശമുണ്ടെന്നറിയുന്നു. പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുക്കും.
തെരഞ്ഞെടുപ്പു ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണെന്നാണ് വിലയിരുത്തല്‍. ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്കു പരസ്യ പ്രസ്താവനകളും വാര്‍ത്ത ചോര്‍ത്തലും നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയതായി സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ കെ. സുരേന്ദ്രന്‍ നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള പകപോക്കലാണ് ഇപ്പോഴത്തെ വിവാദമെന്നാണ് അവര്‍ കരുതുന്നത്.
കേരളത്തില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ദോഷകരമായി ബാധിക്കുന്നതാണ് വിവാദമെന്നു പാര്‍ട്ടി ദേശീയ നേതാക്കളിലൊരാള്‍ പറഞ്ഞു. അതു പരിഹരിക്കാനുള്ള നടപടികളുണ്ടാകേണ്ടത് സംസ്ഥാനത്തു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ ദേശീയ നേതൃത്വം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ദേശീയ നേതൃത്വം ഇടപെടേണ്ട സമയത്ത് വേണ്ട നടപടികളുണ്ടാകും.
അതേസമയം 3.5 കോടി രൂപയുടെ കുഴല്‍പണം തട്ടിപ്പു കേസില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്നു ചോദ്യം ചെയ്യും. ഇന്നു 10ന് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരി, ട്രഷറര്‍ സുജയ് സേനന്‍ എന്നിവരെ നേരത്തേ ചോദ്യം ചെയ്തിരുന്നു.
അതേസമയം, അച്ചടക്ക ലംഘനത്തിനു പാര്‍ട്ടി പുറത്താക്കിയ ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിനെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരിക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തു.
കണ്ടെത്താന്‍ ബാക്കിയുള്ള രണ്ടേകാല്‍ കോടി രൂപയ്ക്കു വേണ്ടി പ്രതികളുമായി പൊലീസ് കണ്ണൂരില്‍ തിരച്ചില്‍ തുടരുകയാണ്. കേസില്‍ 20 പ്രതികളാണ് പിടിയിലായത്. പണം ഇവര്‍ പങ്കിട്ടതായാണു വിവരം. കണ്ണൂര്‍ സ്വദേശികളായ 5 പേര്‍ പ്രതി പട്ടികയിലുണ്ട്.
ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യാന്‍ വിളിച്ചതോടെ ഗ്രൂപ്പ് തിരിഞ്ഞുള്ള സമൂഹമാധ്യമ പ്രതികരണങ്ങള്‍ ബിജെപിയില്‍ ശക്തമായി. വന്‍ തോതില്‍ പണം ഒഴുക്കിയെന്ന ആരോപണം ശക്തമായതോടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വരവുചെലവ് കണക്ക് പുറത്തുവിടണമെന്ന ആവശ്യവും അണികള്‍ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണു കൊടകരയില്‍ വാഹനാപകടമുണ്ടാക്കി 3.5 കോടി രൂപ കവര്‍ന്ന സംഭവം നടന്നത്.
അതേസമയം കുഴല്‍പണ കവര്‍ച്ചാക്കേസില്‍ നഷ്ടപ്പെട്ട പണം ബിജെപിയുടേതാണെന്നും 3.5 കോടി രൂപയുണ്ടെന്നും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മരാജന്‍ മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി. ബിജെപിക്കു വേണ്ടിയാണു പണം കൊണ്ടുവന്നതെന്നു ധര്‍മരാജന്‍ സമ്മതിച്ചതായാണു വിവരം.
ബിജെപി സംഘടനാ സെക്രട്ടറി എം. ഗണേശന്‍, മധ്യമേഖലാ സെക്രട്ടറി ജി. കാശിനാഥന്‍, ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്താ, സംസ്ഥാന ഓഫിസ് സെക്രട്ടറി ജി. ഗിരീഷ് എന്നിവരുടെ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് ധര്‍മരാജന്‍ ബിജെപി ബന്ധം സമ്മതിച്ചത്.
"
https://www.facebook.com/Malayalivartha