അഞ്ച് വര്‍ഷത്തിനിടയില്‍ പിണറായി ശ്വാസം വിട്ടു.... മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ആദ്യമായി ഇടപെട്ട ബജറ്റാണ് കെ.എന്‍. ബാലഗോപാലിന്റെ ഒന്നാം കേരള ബജറ്റ്

മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ആദ്യമായി ഇടപെട്ട ബജറ്റാണ് കെ.എന്‍. ബാലഗോപാലിന്റെ ഒന്നാം കേരള ബജറ്റ്. കഴിഞ്ഞ അഞ്ചു വര്‍ഷം മുഖ്യമന്ത്രിയായിരുന്നെങ്കിലും പിണറായിക്ക് ധന മന്ത്രാലയത്തില്‍ തിരിഞ്ഞുനോക്കാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തെ തോമസ് ഐസക്ക് അതിന് അനുവദിച്ചില്ല എന്നതാണ് സത്യം.
സാമ്പത്തിക വിദഗ്ദ്ധന്‍ എന്ന നിലയില്‍ തോമസ് ഐസക്കിന് ബജറ്റ് എഴുത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെതായ വീക്ഷണകോണുണ്ടായിരുന്നു.ആരും പറയുന്നത് അദ്ദേഹം ഒരു പരിധിക്കപ്പുറം അനുസരിച്ചിരുന്നില്ല.ബജറ്റിന്റെ കാര്യത്തില്‍ കെ.എം മാണിയെ പോലെ തഴക്കവും വഴക്കവും ഐസക്കിന് ഉണ്ടായിരുന്നു. ബജറ്റ് അവതരണത്തിന് തലേന്ന് മുഖ്യമന്ത്രിക്ക് ബജറ്റ് വായിച്ചു കൊടുക്കുമ്പോഴാണ് മുഖ്യന്ത്രി പോലും പല പദ്ധതികളെയും കുറിച്ച് അറിഞ്ഞിരുന്നത്.
ഇത് മുഖ്യമന്ത്രിയുടെ മാത്രം അവസ്ഥയല്ല. സി പി എമ്മിന്റെ സ്ഥിതിയും ഇതു തന്നെയായിരുന്നു.പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെല്ലാം ഐസക്ക് അംഗീകരിച്ചിരുന്നില്ല. അദ്ദേഹത്തിന് അക്കാര്യത്തില്‍ തീര്‍ത്തും വ്യതസ്തമായ അഭിപ്രായമാണുണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് മാത്രമാണ് ഐസക്ക് ഉത്കണ്ഠപ്പെട്ടത്. പാര്‍ട്ടി പറയുന്ന ആവശ്യങ്ങള്‍ നിരാകരിച്ചാല്‍ പോലും പാര്‍ട്ടിക്ക് അഭിപ്രായം പറയാന്‍ കഴിയുമായിരുന്നില്ല. അതായത് ഒരു തരം പ്രൊഫഷണല്‍ ധനകാര്യം.
സ്വന്തം ഗ്ലാമറിനാണ് ഐസക്ക് പ്രാധാന്യം നല്‍കിയിരുന്നത്. ബജറ്റിന്റെ ഒരറ്റത്തും പാര്‍ട്ടിയെയോ ഏതെങ്കിലും നേതാവിനെയോ കൂട്ടി കെട്ടാന്‍ അദ്ദേഹം തയ്യാറായില്ല. സാക്ഷാല്‍ പിണറായിക്ക് പോലും ഐസക്കിനെ തിരുത്താന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം . അങ്ങനെ തിരുത്താന്‍ ശ്രമിച്ചാല്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ ദുരൂഹതകള്‍ ചൂണ്ടി കാണിച്ച് ഐസക്ക് വാതില്‍ അടയ്ക്കും.
സത്യത്തില്‍ കേരളത്തിലെ സി പി എമ്മും പിണറായിയും ശ്വാസം വിടുന്ന ഒരു ബജറ്റാണ് ബാലഗോപാലിന്റെത്. തീര്‍ച്ചയായും ബാല ഗോപാല്‍ പാര്‍ട്ടിക്ക് വിധേയനായി മാത്രം ജീവിക്കുന്ന ഒരാളാണ്.അദ്ദേഹത്തിന് സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലുമൊക്കെ അഗാധമായ പാണ്ഡിത്യം ഉണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കില്ല. അതുകൊണ്ടു കൂടിയാണ് പരസ്പരം പോരടിച്ച് നിന്ന പിണറായിക്കും വി.എസിനുമിടയില്‍ ഒരു പാലമായി അദ്ദേഹത്തിന് നില കൊള്ളാന്‍ കഴിഞ്ഞത്.വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ.എന്‍. ബാലഗോപാല്‍ വി എസിന് മാത്രമല്ല പിണറായിക്കും പ്രിയപ്പെട്ടവനായിരുന്നു.
കോവിഡ് വ്യാപനം മൂലം ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത് എന്നിരിക്കെ, നികുതി വരുമാനത്തില്‍ ഉണ്ടായ ഇടിവ് മറികടക്കാന്‍ വഴി കണ്ടെത്തുക എന്ന വെല്ലുവിളിയാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ മുന്നിലുള്ളത്. എങ്കിലും താന്‍ അവതരിപ്പിക്കുന്ന ജനകീയ ബജറ്റില്‍ ബാലഗോപാലിന് വിശ്വാസമുണ്ട്.കാരണം ബജറ്റിലെ പല പരിഹാരങ്ങളും നിര്‍ദ്ദേശിച്ചത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്.
ജനുവരി 15ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയാണ് കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റ് എന്നാരും കരുതുന്നില്ല.
നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ജി എസ് ടി നഷ്ടപരിഹാരം വേഗത്തിലാക്കുകയും കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ വിഹിതം പിടിച്ചുവാങ്ങുകയുമാണ് മുന്നിലുള്ള പ്രധാന പോംവഴി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലേക്ക് പോകാനാണ് ധനമന്ത്രിയുടെ നീക്കം. അതു കൊണ്ടു തന്നെ ബാലഗോപാല്‍ അവതരിപ്പിക്കുന്നത് ഒരു പൊളിറ്റിക്കല്‍ ബജറ്റായി മാറുന്നു.
കോവിഡ് പ്രതിരോധ ചെലവുകള്‍ കുത്തനെ ഉയരുന്നതാണ് സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി. സാധാരണക്കാരുടെ വരുമാനം പൂര്‍ണമായും ഇല്ലാതാക്കിയ മഹാമാരിക്കിടെ നികുതി കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നില്ല. ആ സാഹചര്യത്തില്‍ അധിക വരുമാനത്തിനായി കേന്ദ്രത്തിനു മുമ്പില്‍ സമ്മര്‍ദ്ദം ശക്തമാക്കുക മാത്രമാണ് ധനമന്ത്രിക്ക് മുന്നിലുളള വഴി. കേന്ദ്രത്തില്‍ നിന്ന് പിടിച്ചുവാങ്ങുക എന്നതായിരിക്കും ബാലഗോപാലിന്റെ നയം.
കോവിഡ് പ്രതിരോധത്തിനും ലോക് ഡൗണ്‍ ആശ്വാസ നടപടികള്‍ക്കും ബജറ്റില്‍ മുന്‍തൂക്കമുണ്ടാകും. വാക്‌സിന്‍ വാങ്ങുന്നതിന് പണം നീക്കിവെയ്ക്കും. കടലാക്രമണത്തില്‍ നിന്ന് തീരദേശത്തെ സംരക്ഷിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചേക്കും.
കടമെടുപ്പ് പരിധി ഇനിയും ഉയര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 5000 കോടിയാണ് കടമെടുത്തത്. ഈ മാസം ഇതുവരെ രണ്ടായിരം കോടി രൂപ സംസ്ഥാനം കടമെടുത്തിട്ടുണ്ട്.
36,800 കോടി രൂപ ഈ വര്‍ഷം കടമെടുക്കാനാണ് നീക്കം. ബി ജെ പിയുമായി യുദ്ധം പ്രഖ്യാപിക്കേണ്ടി വന്നാലും സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത തന്റെ നിയന്ത്രണത്തിലാക്കാനായിരിക്കും ബാലഗോപാലിന്റെ ശ്രമം.
https://www.facebook.com/Malayalivartha