ബ്യൂട്ടിപാർലർ വെടിവയ്പ് കേസില്‍ രവി പൂജാരിക്കു പുറമേ കൂടുതൽ പേർ; മംഗളൂരു, കാസർകോട് മേഖലകളിലെ ഗൂണ്ടാസംഘങ്ങൾക്കും വെടിവയ്പ്പിൽ പങ്കെന്ന് രവി പൂജാരി, ലീനയുടെ പക്കൽ വൻ തുക, വെടിവയ്പ്പിന് കൊച്ചിയിൽ ആളെ നിയോഗിച്ചത് മറ്റു ചിലരെന്നും രവി പൂജാരി

ബ്യൂട്ടിപാർലർ വെടിവയ്പ് കേസില്‍ രവി പൂജാരിക്കു പുറമേ കൂടുതൽ പേർ പ്രതികളാകുമെന്ന് റിപ്പോർട്ട്. മംഗളൂരു, കാസർകോട് മേഖലകളിലെ ഗൂണ്ടാസംഘങ്ങൾക്കും വെടിവയ്പ്പിൽ പങ്കെന്ന് രവി പൂജാരി വെളിപ്പെടുത്തുകയുണ്ടായി. ബ്യൂട്ടിപാർലർ ഉടമ ലീന മരിയ പോളിനെക്കുറിച്ചുള്ള വിവരം ശേഖരിച്ചത് ഇവരിലൂടെയെന്നും ലീനയെ ഫോണിൽ വിളിച്ചെന്നും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ രവി പൂജാരി സമ്മതിക്കുകയും ചെയ്തു.
എന്നാൽ ലീനയുടെ പക്കൽ വൻ തുകയുണ്ടെന്ന് വിവരം ലഭിച്ചതിനാലാണ് ഫോണിൽ ഭീഷണി മുഴക്കിയത്. പണം നൽകാൻ തയാറാകാതിരുന്നപ്പോൾ ഭീഷണിപ്പെടുത്താനാണ് വെടിവച്ചത്. വെടിവയ്പ്പിന് കൊച്ചിയിൽ ആളെ നിയോഗിച്ചത് മറ്റു ചിലരെന്നും രവി പൂജാരി വെളിപ്പെടുത്തി.
അതേസമയം, ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനഫാസോയിലെ പാസ്പോര്‍ട്ട് ഉപയോഗിച്ച് ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് പൂജാരി ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നത്. ഇന്ത്യയില്‍ ഇയാള്‍ക്കെതിരെ കൊലക്കേസുകള്‍ അടക്കം ഇരുന്നൂറിലേറെ കേസുകളുണ്ട്. അടുത്തിടെ കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവയ്പ് കേസിലും പൂജാരിക്ക് പങ്കുണ്ട്. കര്‍ണാടക സ്വദേശിയായ പൂജാരി അധോലോക കുറ്റവാളികളായ ഛോട്ടാ രാജന്‍, ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്.
അധോലോക കള്ളക്കടത്ത് തലവന്‍ രവി പൂജാരിയെ ഇന്ത്യയില്‍ എത്തിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സെനഗലില്‍ പിടിയിലായ രവി പൂജാരിയെ കൊണ്ട് വന്ന വിമാനം ആദ്യം ഡല്‍ഹിയിലാണ് എത്തിയത്. മറ്റൊരു വിമാനത്തില്‍ രവി പൂജാരിയെ ബംഗളൂരുവിലേക്ക് എത്തിച്ചിട്ടുണ്ട്. കൊലപാതകം ഉള്‍പ്പടെ 200 ഓളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി. കര്‍ണാടക പൊലീസാണ് ഇയാള്‍ക്ക് ഒപ്പം ഉള്ളത്. നീണ്ട 15 വര്‍ഷക്കാലത്തോളം രവി പൂജാരി ഒളിവിലായിരുന്നു.
ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേയും സെനഗലിലേയും പൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് പൂജാരിയെ പിടികൂടിയത്. ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കര്‍ണാടക പൊലീസ് സംഘവും റോയുടെ ഉദ്യോഗസ്ഥരും സെനഗലിലെത്തിയിരുന്നു. രണ്ടുവര്‍ഷം മുമ്പുവരെ ആസ്ട്രേലിയയില്‍ കഴിയുകയായിരുന്ന പൂജാരി പിന്നീട് സെനഗലില്‍ എത്തി. കഴിഞ്ഞ ജനുവരിയില്‍ സെനഗലില്‍ പിടിയിലായ പൂജാരി ജാമ്യം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha