കുട്ടിയെ കഴുത്ത് നെരിച്ച് കൊന്നശേഷം മാമോദിസ മുക്കുന്നു... ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം; ഓര്‍ഡിനന്‍സില്‍ ഭേദഗതി ആലോചിക്കാമെന്ന് മന്ത്രി; മൂന്നിന നിര്‍ദ്ദേശവുമായി വിഡി സതീശന്‍

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിഷയം അടിയന്തരപ്രമേയമായി സഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സില്‍ ഭേദഗതി ആലോചിക്കാം എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു അറിയിച്ചു. യുജിസി അംഗീകാരം ഇല്ലാത്തത് കൊണ്ട് കോഴ്‌സ് തുടങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സര്‍വകലാശാലക്ക് യുജിസി അംഗീകാരം ഉണ്ട് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.
ഒക്ടോബര്‍ മാസത്തില്‍ ആണ് വിദൂര വിദ്യാഭ്യാസ പ്രവേശന നടപടി തുടങ്ങുക. 20 ബിരുദ കോഴ്‌സുകളും 7 പി ജി കോഴ്‌സും സര്‍വകലാശാലക്ക് കീഴില്‍ തുടങ്ങും. ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കും. ഇതിനായി ബജറ്റില്‍ 10 കോടി അധികമായി വക ഇരുത്തിയിട്ടുണ്ട്. കൊവിഡ് കാരണം ആണ് കോഴ്‌സിന് അപേക്ഷിക്കാന്‍ ഉള്ള പോര്‍ട്ടല്‍ തുറക്കാന്‍ കഴിയാത്തതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ഈ വര്‍ഷവും കോഴ്‌സ് തുടങ്ങാന്‍ കഴിയില്ലെന്നും സ്ഥാപനത്തില്‍ ഒരു സൗകര്യവും ഒരുക്കിയിട്ടില്ലെന്നും കെ ബാബു ആരോപിച്ചു. നിയമനങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സര്‍ക്കാരിന് താല്‍പര്യമുള്ള ആളുകളെ നിയമിച്ചു. എന്തുകൊണ്ടാണ് സര്‍വകാലാശാലാ നിയമനങ്ങള്‍ പിഎസ്എസിക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് മനസിലാകുന്നില്ല. ഫിഷറീസ് സര്‍വകലാശാലയില്‍ ബന്ധു നിയമനം ആണ് നടന്നത്. അമ്മിക്കല്ലിന് കാറ്റ് പിടിച്ച പോലുള്ള ഈ ഇരിപ്പ് അവസാനിപ്പിക്കണമെന്ന കെ ബാബുവിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ ഭരണപക്ഷ നിര ബഹളം വച്ചു.
വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ തിരക്കിട്ട നടപടികളാണ് സര്‍വകലാശാലയുടെ ദുരവസ്ഥക്ക് കാരണമെന്നും കെ ബാബു ആരോപിച്ചു. ഈ വര്‍ഷം വിദൂര വിദ്യാഭ്യാസ രംഗത്ത് നില നില്‍ക്കുന്നത് വലിയ അനിശ്ചിതത്വമാണ്. മറ്റ് സര്‍വകലാശാലകള്‍ക്ക് വിദൂര പഠനം തുടങ്ങാന്‍ അനുമതി നല്‍കണം. അതേസമയം പോര്‍ട്ടല്‍ തുറക്കാന്‍ താമസിക്കുന്നത് മാത്രമാണ് പ്രശ്‌നമെന്നും അതിനിയും നീണ്ടു പോകുകയാണെങ്കില്‍ മറ്റ് സര്‍വകലാശാലകള്‍ക്ക് വിദൂര വിദ്യാഭ്യാസ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി ആവര്‍ത്തിച്ചു.
എന്നാല്‍ മറ്റ് സര്‍വകലാശാലകള്‍ക്ക് വിദൂര പഠനം നടത്താനുള്ള അവകാശം നിയമം മൂലം സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെന്നിരിക്കെ എങ്ങനെയാണ് മന്ത്രി മറ്റു സര്‍വകാല ശാലകള്‍ വഴി പഠനത്തിന് അവസരം നല്‍കും എന്ന് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ചോദ്യം. യുജിസി അംഗീകാരം കൊണ്ട് മാത്രം കോഴ്‌സ് തുടങ്ങാന്‍ ആകില്ല. കുട്ടിയെ കഴുത്ത് നെരിച്ച് കൊന്നശേഷം മാമോദിസ മുക്കുന്നുതുപോലെയാണ് സര്‍ക്കാരിന്റെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
യുജിസിയുടെ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ സെന്ററിന്റെ അംഗീകാരം വേണം. യുജിസി മാര്‍ഗ നിര്‍ദേശത്തിനു വിരുദ്ധം ആണ് ശ്രീ നാരായണ സര്‍വകലാശാല നിയമനം. വിസി, പ്രോ വിസി, രജിസ്ട്രാര്‍ എന്നിവരെ പിരിച്ച് വിടണം. നിയമം ഭേദഗതി ചെയ്ത് എല്ലാ സര്‍വകലാശാലകള്‍ക്കും വിദൂര പഠനത്തിന് അവസരം നല്‍കണം. എന്നീ മൂന്ന് നിര്‍ദ്ദേശങ്ങളും വിഡി സതീശന്‍ മുന്നോട്ട് വച്ചു.
പ്രസംഗിക്കുന്നതിനിടെ എഎന്‍ ഷംസീര്‍ സംസാരിക്കാന്‍ ശ്രമിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചൊടിപ്പിച്ചു. എന്തും പറയാനുള്ള അവകാശം സ്പീക്കര്‍ ഷംസീറിന് കൊടുത്തിട്ടുണ്ടോ എന്ന സതീശന്റെ ചോദ്യത്തിന് സ്പീക്കര്‍ പറയുന്നത് മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നായിരുന്നു എംബി രാജേഷിന്റെ മറുപടി.
ഇതിനിടെ മുന്‍ മന്ത്രി കെടി ജലീല്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജലീല്‍ ഇപ്പോള്‍ മന്ത്രിയല്ലല്ലോ എന്ന കാരണം ചൂണ്ടിക്കാട്ടി വിഡി സതീശന്‍ വഴങ്ങിയില്ല. മന്ത്രി ആയിരുന്ന ആള്‍ ഇങ്ങിനെ ബഹളം ഉണ്ടാക്കാമോ എന്നും സതീശന്‍ ചോദിച്ചു. പ്രതിപക്ഷ നേതാക്കള്‍ സംസാരിക്കുമ്പോള്‍ ഭരണ പക്ഷത്തു നിന്നും ആര് എഴുന്നേറ്റാലും വഴങ്ങാറുണ്ടെന്നും പുതിയ പ്രതിപക്ഷ നേതാവ് അതിന് തയ്യാറാകുന്നില്ലെന്നും പറഞ്ഞ കെടി ജലീല്‍ സഭയില്‍ ക്രമപ്രശ്‌നവും ഉന്നയിച്ചു.
https://www.facebook.com/Malayalivartha