കോവിഡ് ബാധിതരായ നിരവധിപേരെ സ്വന്തം ഓട്ടോയിൽ ആശുപത്രിയിലെത്തിച്ച രക്ഷകൻ; മരണപ്പെട്ടത് ഉറ്റവരെയും ഉടയവരെയും കാണാതെ! മകൾ വിജി, ഭാര്യ ലില്ലി, അശോകൻ പരസ്പരം കാണാതെ മൂന്നുപേരും വിടവാങ്ങി, അമ്മിഞ്ഞപാലിന്റെ മധുരം നുണയാതെ 18 ദിവസം മാത്രമായ കുഞ്ഞോമനയെയും ഒറ്റക്കാക്കി അവർ യാത്രയായി: നാട്ടുകാർക്ക് ഈ മുഖങ്ങൾ ഇനി കണ്ണീരോർമ്മ

കോവിഡ് മഹാമാരിയിൽ അനേകം പേരെ സ്വന്തം ജീവൻ പോലും കണക്കിലെടുക്കാതെ ആശുപത്രിയിൽ എത്തിച്ച വലിയവിളയിലെ അശോകൻ വാർത്തകളിൽ നിറഞ്ഞതായിരുന്നു. ഒടുവിൽ കോവിഡിനെതിരെ പോരാടിയ അശോകന്റെ പരാജയം പൂർണമായി. ഭാര്യയെയും മകളെയും മരണം കൊണ്ടുപോയി.
മകൾ വിജി മരിച്ചത് രണ്ടു ദിവസം മുൻപാണ്. വിജിയുടെ മകൾ 18 ദിവസം മാത്രമായ അനയ ഇപ്പോൾ പിതാവ് അഭിഷേകിന്റെ സംരക്ഷണയിലാണ്. കോവിഡിനെ തുടർന്നു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഓട്ടോ റിക്ഷാ തൊഴിലാളി വലിയവിള പണിയിൽ നല്ലിയൂർക്കോണത്ത് ടി.അശോകന്റെ(57)ഭാര്യ ലില്ലിക്കുട്ടി(50)യാണ് ഇന്നലെ രാവിലെ മരണപെട്ടു.
അശോകൻ കഴിഞ്ഞ മാസം 30 ന് മരിച്ചു. മകൾ വിജി(28) 12 നും.ആശുപത്രിയിലെത്തിയ ശേഷം ഇവർക്ക് പരസ്പരം കാണുവാൻ കഴിഞ്ഞിട്ടില്ല. ഉറ്റവർ വിട്ടു പോയ വിവരവും മൂന്നു പേരും അറിഞ്ഞതുമില്ല. കോവിഡ് ഗുരുതരമായതോടെ പ്രസവാനന്തരം വിജിയെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ലില്ലിക്കുട്ടി ന്യൂമോണിയ ബാധിച്ചതിനാൽ വെന്റിലേറ്ററിലായിരുന്നു.
വലിയവിള ജങ്ഷനിലെ പൂവിൽപ്പനക്കാരിയായിരുന്നു. അഭിഷേകിന്റെ അമ്മ ജലജയ്ക്കും, വിജിയുടെ 18 ദിവസം പ്രായമുള്ള പെൺകുഞ്ഞിനും കോവിഡ് ബാധിച്ചതിനെ തുടർന്ന് എസ്‍യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരെ ഒരാഴ്ച മുൻപ് ബാലരാമപുരം കട്ടച്ചൽക്കുഴിയിലെ അഭിഷേകിന്റെ വീട്ടിലേക്കു മാറ്റി, ഇപ്പോൾ ഹോം ക്വാറന്റീനിലാണ്.
ലില്ലിക്കുട്ടിയുടെ സഹോദരനും കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. കോവിഡ് ബാധിതരായ ഒട്ടേറെ പേരെ സ്വന്തം ഓട്ടോയിൽ ആശുപത്രിയിലെത്തിച്ച് രക്ഷിച്ച അശോകൻ ഒടുവിൽ കോവിഡിനു കീഴടങ്ങിയത് നാട്ടുകാരെയെല്ലാം ദുഖത്തിലാഴ്ത്തിയിരുന്നു..
പിന്നാലെ മകളും ഭാര്യയും അതേ വഴിയിലൂടെ യാത്രയായി. ഒരു വർഷം മുൻപ്, കോവിഡിനെ വക വയ്ക്കാതെ ജീവിക്കാനായി ഓട്ടോയുമായി റോഡിലിറങ്ങിയ അശോകനെക്കുറിച്ച് വാർത്തകളിൽ നിറഞ്ഞതായിരുന്നു.
അച്ഛനും അമ്മയും സഹോദരിയും വിട പറഞ്ഞതോടെ അശോകന്റെ മകൻ വിപിൻ അനാഥനായി. വീടു പണയത്തിലാണെന്നതിനാൽ വൻ സാമ്പത്തിക ബാധ്യത മാത്രമാണ് ഇപ്പോൾ വിപിനുള്ളത്.
https://www.facebook.com/Malayalivartha

























