കൊടകര പണം ബി.ജെ.പിയുടേത് തന്നെ... കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്; പണം വന്നത് കര്‍ണാടകയില്‍ നിന്ന്; പണം തിരിച്ചുകിട്ടണമെന്ന ധര്‍മരാജന്റെ ഹര്‍ജി 23 ന് കോടതി വീണ്ടു പരിഗണിക്കാനിക്കെ നിര്‍ണായക നീക്കങ്ങള്‍
കൊടകര കുഴല്‍പണ കേസില്‍ ബിജെപിയെ കുരുക്കിലാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കവര്‍ച്ചാ പണം ബി.ജെ.പിയുടേതാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബി.ജെ.പിയുടെ നേതാക്കള്‍ പറഞ്ഞപ്രകാരം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച ഹവാല പണം ആണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണം തിരിച്ചുകിട്ടണമെന്ന ധര്‍മരാജന്റെ ഹര്‍ജിയില്‍ ഇരുപത്തിമൂന്നിന് കോടതി തീരുമാനം പറയും. ഇതിനിടെയാണ് ബി.ജെ.പി നേതാക്കളെ പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.
കൊടകരയില്‍ കവര്‍ച്ചാ സംഘം തട്ടിയെടുത്ത ഹവാലപ്പണം ബിജെപി നേതാക്കള്‍ പറഞ്ഞപ്രകാരം ആലപ്പുഴയിലെ ജില്ലാ ട്രഷറര്‍ക്കു നല്‍കാനാണ് കൊണ്ടുവന്നതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ഒരു മാസത്തിനിടെ ധര്മരാജന് ഹവാലപ്പണം കര്‍ണാടകത്തില്‍ നിന്ന് കൊണ്ടുവന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
രണ്ടു ലക്ഷം രൂപ മാത്രം കൈവശം വയ്ക്കാനാണ് ചട്ടപ്രകാരം അനുമതി. പക്ഷേ, ധര്‍മരാജന്റെ ഡ്രൈവര്‍ ഷംജീറിന്റെ കൈവശം മൂന്നരക്കോടി രൂപയുണ്ടായിരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതൊന്നും ഇതുവരെ ധര്മരാജന് കാണിച്ചിട്ടില്ല. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകള്‍ ധര്മരാജന് സമര്‍പ്പിച്ചാല്‍തന്നെ അത് പുനപരിശോധിക്കണമെന്നും പൊലീസ് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബിജെപിയുടേതല്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴാണ് ഇതു ശരിയല്ലെന്ന് വ്യക്തമാക്കുന്ന പൊലീസ് റിപ്പോര്‍ട്ട്. ഒരു കോടി നാല്പതു ലക്ഷം രൂപ ഇതിനോടകം കണ്ടെടുത്തു. ബാക്കിയുള്ള പണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിട്ടുണ്ട്.
https://www.facebook.com/Malayalivartha