കായലില്‍ കണ്ടെത്തിയ അജ്ഞാത വള്ളം ചാരായം കടത്തുകാരുടേതെന്ന് സൂചന; അന്വേഷണം തുടങ്ങി, രജിസ്ട്രേഷന് രേഖകളില്ലാത്ത തോണി പരവൂര്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി
തെക്കുംഭാഗം കായലില്‍ കണ്ടെത്തിയ അജ്ഞാത വള്ളം ചാരായം കടത്തുകാരുടെതെന്ന് സൂചന. അഞ്ചുതെങ്ങ് ഭാഗത്തുനിന്ന് കടല്‍ വഴി ചാരായം കടത്തി പരവൂരിലും പരിസര പ്രദേശത്തും എത്തിച്ചിരുന്നതാണ് എന്ജിന് ഘടിപ്പിച്ച തോണിയെന്ന് പൊലീസിന് വിവരം ലഭിച്ചു. പരവൂര്‍ തെക്കുംഭാഗം വക്കം നഗറിനടുത്തുള്ള കായലിലാണ് വള്ളം കണ്ടെത്തിയത്.
ഇടവ നടയറ കായലിന്റെ ഭാഗമായ ഇവിടെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കെട്ടിയിട്ട നിലയിലാണ് തോണി കാണപ്പെട്ടത്. പരവൂര്‍ ഇന്‍സ്പെക്ടര്‍ സംജിത് ഖാന്, എസ്.ഐ വിജിത് കെ. നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. കടലില്‍ ഉപയോഗിക്കുന്ന എന്ജിന് ഘടിപ്പിച്ചിട്ടുള്ള രജിസ്ട്രേഷനില്ലാത്ത വ്യാജ തോണിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
ശനിയാഴ്ച രാത്രിയിലാണ് തോണി കെട്ടിയിട്ടിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. സംഭവമറിഞ്ഞെത്തിയ ചാത്തന്നൂര്‍ എക്സൈസ് സംഘം പരിസരത്ത് നടത്തിയ റെയ്ഡില്‍ മൊട്ട ബാബു എന്നയാളിന്റെ വീട്ടില്‍ നിന്ന് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തില്‍ ചാത്തന്നൂര്‍ എക്സൈസ് കേസെടുത്തു. രജിസ്ട്രേഷന് രേഖകളില്ലാത്ത തോണി പരവൂര്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha