ഒരടി പിന്നോട്ടില്ലാതെ പട്ടേല്‍... പ്രതിഷേധം വക വയ്ക്കാതെ ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി അഡ്മിനിസ്‌ട്രേറ്റര്‍; പുതിയതായി നിര്‍മ്മിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ ബംഗ്ലാവിന്റെ പ്രവൃത്തികള്‍ നേരിട്ട് വിലയിരുത്തി; അയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്ന് ലക്ഷദ്വീപ് പോലീസ്

ലക്ഷദ്വീപില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ അതൊന്നും വകവയ്ക്കാതെ താന്‍ ഏറ്റെടുത്ത കാര്യങ്ങള്‍ മുറപോലെ നടത്തുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. എതിര്‍പ്പുകള്‍ക്കിടെ ലക്ഷദ്വീപ് വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്ക് കവരത്തിയില്‍ തുടക്കമായി.
പുതുതായി നിര്‍മ്മിക്കുന്ന ആയുഷ് ആശുപത്രിയുടെയും നഴ്‌സിംഗ് ഹോമിന്റെയും നിര്‍മ്മാണത്തിന് കവരത്തി തെക്ക് ഭാഗത്താണ് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം അളന്ന് തിരിച്ച് കൊടികള്‍ നാട്ടിയത്. പി.ഡബ്ല്യു.ഡി സ്‌റ്റോര്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഹാര്‍ബര്‍, വൈദ്യുതിവകുപ്പ് ഓഫീസുകള്‍ എന്നിവയ്ക്കു സമീപത്തെ സ്ഥലങ്ങളാണിവ. ആശുപത്രി നിര്‍മ്മാണം ഏതു ഭാഗത്താണെന്ന് അന്തിമ തീരുമാനമായിട്ടില്ല.
ഏറ്റെടുത്ത സ്ഥലങ്ങള്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ സന്ദര്‍ശിച്ചു. പുതിയതായി നിര്‍മ്മിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ ബംഗ്ലാവിന്റെ പ്രവൃത്തികളും നേരിട്ട് വിലയിരുത്തി.
അതേസമയം, ഭൂമി തര്‍ക്കത്തിലുള്ളതാണെന്ന് പറഞ്ഞ് ഇന്നലെ ദ്വീപ് നിവാസികള്‍ രംഗത്തുവന്നു. ഏറ്റെടുത്ത സ്ഥലത്ത് രണ്ട് വീടുകളുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തങ്ങള്‍ക്ക് പതിച്ചു തന്ന ഭൂമിയാണിതെന്നാണ് കൈവശക്കാരുടെ പരാതി.
കടലിനോടു ചേര്‍ന്ന ഇവിടം ആശുപത്രി നിര്‍മ്മാണത്തിന് യോജിച്ചതല്ലെന്ന് ദ്വീപുവാസികള്‍ പറയുന്നു. ഉപ്പുകാറ്റ് ആശുപത്രി ഉപകരണങ്ങള്‍ ദ്രവിപ്പിക്കുമെന്നാണ് വാദം. അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ ഒന്നായിരുന്നു ഭൂമിയേറ്റെടുക്കല്‍. പ്രതിഷേധങ്ങളുണ്ടെങ്കിലും അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനത്തോടെ നടപടികള്‍ വേഗത്തിലായി.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ അഴിമതി നടത്തിയെന്ന ആരോപണമുന്നയിച്ച് കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ദിയുവിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ 12ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 2016 ല്‍ 400 കോടിയുടെ നിര്‍മ്മാണ കരാറുകള്‍ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയെന്നും ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 17.5 കോടി ധൂര്‍ത്തടിച്ചെന്നും പരാതിയിലുണ്ട്. പൊതുമരാമത്ത് വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരുടെയും പേരിലാണ് കത്ത്.
അതേസമയം ലക്ഷദ്വീപില്‍ ബയോവെപ്പണ്‍ (ജൈവായുധം) പ്രയോഗിച്ചെന്ന വിവാദ പരാമര്‍ശത്തിലൂടെ കേന്ദ്ര സര്‍ക്കാരിനെതിരെ ജനങ്ങളില്‍ വിദ്വേഷം വളര്‍ത്താനാണ് ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താന ശ്രമിച്ചതെന്നും അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്നും ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. അയിഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ലക്ഷദ്വീപ് സീനിയര്‍ പൊലീസ് സൂപ്രണ്ടിനു വേണ്ടി അഭിഭാഷകന്‍ എസ്. മനു വിശദീകരണം നല്‍കിയത്.
ലക്ഷദ്വീപുകാര്‍ക്കെതിരെ കൊവിഡിനെ കേന്ദ്രം ബയോവെപ്പണ്‍ ആയി പ്രയോഗിച്ചെന്നാണ് അയിഷ ഒരു ചാനലില്‍ പറഞ്ഞത്. ഇതു കേന്ദ്ര സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വെറുപ്പും വിദ്വേഷവുമുണ്ടാക്കും. ദ്വീപിലെ സമാധാന ജീവിതം തകര്‍ക്കുകയാണ് ലക്ഷ്യം. അതിനാലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ചൈന കൊവിഡ് പടര്‍ത്തിയെന്ന ആരോപണത്തോടാണ് കേന്ദ്ര നടപടികളെ ഹര്‍ജിക്കാരി താരതമ്യം ചെയ്തത്.
അക്രമമുണ്ടായാലേ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കൂ എന്നില്ല. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. വിശദമായി ചോദ്യം ചെയ്യാനാണ് ജൂണ്‍ 20നു ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടാനുള്ള കാരണമൊന്നും ഹര്‍ജിയില്‍ പറയുന്നില്ലെന്നും പബ്‌ളിസിറ്റിക്കു വേണ്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്നും വിശദീകരണത്തില്‍ പറയുന്നു.
ലക്ഷദ്വീപിലെ അഗത്തിയില്‍ ബീച്ച് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ പ്രദേശവാസിയായ കാസ്മി കോയ ഉള്‍പ്പെടെ അഞ്ചുപേര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. ദ്വീപിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും ബീച്ച് റോഡ് അനിവാര്യമാണെന്നും ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയെന്നും വ്യക്തമാക്കി.
" f
https://www.facebook.com/Malayalivartha