തന്ത്രി കണ്ഠരര് രാജീവ് അറസ്റ്റിലായതോടെ അന്വേഷണം കൂടുതൽ ശക്തമാകുന്നു: തന്ത്രിയുടെ വീട്ടിലേയ്ക്ക് ഇരച്ചെത്തി ബിജെപി നേതാക്കൾ: പിന്നാലെ ചെങ്ങന്നൂരിലെ വീട്ടിൽ പരിശോധനക്കെത്തി എസ്ഐടി; ആരെയും കടത്തിവിടരുതെന്ന് എസ്ഐടിയുടെ കർശന നിർദ്ദേശം...

ശബരിമല സ്വർണക്കൊള്ള കേസിലെ തന്ത്രി കണ്ഠരര് രാജീവ് അറസ്റ്റിലായതോടെ അന്വേഷണം കൂടുതൽ ശക്തമാകുന്നു. ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രിയെ പ്രതിയാക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ചൊവ്വാഴ്ച കോടതിയിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തന്ത്രിക്ക് ദേവസ്വം മാനുവൽ ലംഘനങ്ങളിൽ വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്വർണം ചെമ്പാക്കിയ മഹസ്സറിൽ ഒപ്പിട്ടതിലും, യുബി ഗ്രൂപ്പ് സ്വർണം പൂശിയതിലും തന്ത്രിക്കും പങ്കുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ദേവസ്വം മാന്വലിൽ തന്ത്രിയുടെ ചുമതലകളും അസി. കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥൻമാരെ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വങ്ങളും വ്യക്തമാണെന്നും എസ്ഐടി പറയുന്നു.
ഈ മാസം 23 വരെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇതിനിടെ ബിജെപി നേതാക്കള്‍ തന്ത്രിയുടെ വീട്ടിലെത്തി. സൗഹൃദ സന്ദര്‍ശനമാണെന്ന് ബിജെപി നേതാവ് സന്ദീപ വചസ്പതി പറഞ്ഞു. എന്തുകൊണ്ടാണ് തിടുക്കപ്പെട്ട് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന ചോദ്യം ഉയരുന്നുണ്ടെന്നും സന്ദീപ് വചസ്പതി പറഞ്ഞു. എന്തുകൊണ്ടാണ് ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാത്തത്. മന്ത്രിയെ എന്തുകൊണ്ടാണ് ഒഴിവാക്കിയത്. എല്ലാ കുറ്റങ്ങളും തന്ത്രിയില്‍ ചുമത്തി മന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമാണോ എന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തിലെ പ്രബലമായ കുടംബത്തിലെ അംഗത്തിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ആ നിലയ്ക്കാണ് ഇവിടെ എത്തിയത്. കുടുംബത്തിന് പിന്തുണ അറിയിക്കേണ്ടത് ഞാനല്ല. സംസ്ഥാന നേതൃത്വമാണ്. രാജീവര് തെറ്റുകാരനാണോ ഇല്ലയോ എന്നതെല്ലാം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ. എന്നാല്‍ ഇത്ര തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തത് എന്തിനാണ്? കെ രാധാകൃഷ്ണനും വാസവനും കടകംപള്ളി സുരേന്ദ്രനും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളത്. തന്ത്രിയെ ചാരി മന്ത്രിയെ രക്ഷിക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കുന്നു', സന്ദീപ് വാചസ്പതി പ്രതികരിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ പരിശോധനക്കെത്തി എസ്ഐടി. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. വീട്ടിലേക്ക് എത്തിയ തന്ത്രി കണ്ഠര് രാജീവരരുടെ മരുമകളെ വീട്ടിലേക്ക് കടത്തിവിട്ടില്ല. അഭിഭാഷകയായ മരുമകളെ വീടിന് മുന്നിൽ നിന്നും പോലീസ് മടക്കി അയച്ചു. ആരെയും കടത്തിവിടരുതെന്ന എസ്ഐടിയുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. വീട്ടിലുണ്ടായിരുന്ന അകന്ന ബന്ധുക്കളെയും എസ്ഐടി പുറത്താക്കി.
https://www.facebook.com/Malayalivartha

























