ടോമിൻ തച്ചങ്കരിക്കെതിരേ പരേതന്റെ പേരിൽ പരാതി; അന്വേഷണത്തിൽ പരാതിക്കാരൻ ഏഴുവർഷം മുമ്പ് മരിച്ചതാണെന്ന് തെളഞ്ഞു!! പോലീസിൽ നിന്നു തന്നെ പരാതി പോയതെന്ന് ഉദ്യോഗസ്ഥരുടെ സംശയം

സംസ്ഥാന പോലീസ് മേധാവിയാകാനുള്ളവരുടെ പട്ടികയിലുൾപ്പെട്ട ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്കെതിരേ പരേതന്റെ പേരിൽ പരാതി. പോലീസ് മേധാവിമാർക്കുള്ള പട്ടിക തയ്യാറാക്കുന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനാണ് ഇടക്കൊച്ചി സ്വദേശി കെ.ടി. തോമസിന്റെ പേരിൽ പരാതി ലഭിച്ചത്. എന്നാൽ, തോമസ് ഏഴുവർഷം മുമ്പ് മരിച്ചതാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. നിയമനത്തിനു മുന്നോടിയായി നടക്കുന്ന ഉന്നതതല പോലീസ് ചേരിപ്പോരിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തൽ.
തച്ചങ്കരിക്കെതിരായ വിജിലൻസ് കേസും അദ്ദേഹം നേരിട്ട നടപടികളും വിശദീകരിച്ചുള്ളതാണ് പരാതി. ഇത് സംസ്ഥാന ചീഫ് സെക്രട്ടറിക്കു കൈമാറുകയും അത് അന്വേഷണത്തിനായി പോലീസ് മേധാവിക്കു കൈമാറുകയും ചെയ്തിരുന്നു. പരാതിക്കാരനായ കൊച്ചി, വാത്തുരുത്തി, നിലത്തിൽ ഹൗസിൽ കെ.ടി. തോമസ് മരിച്ചയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതേ വിലാസത്തിൽ ഗഫൂർ എന്നയാളാണ് ഇപ്പോൾ താമസിക്കുന്നത്. ഇക്കാര്യം ചീഫ് സെക്രട്ടറി യു.പി.എസ്.സി.യെ അറിയിച്ചു.
ഡി.ടി.പി.യിൽ തയ്യാറാക്കിയ പരാതി സംബന്ധിച്ച് പോലീസിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന സൂചനയുണ്ട്. പോലീസിൽ നിന്നു തന്നെയാണ് പരാതി പോയതെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. സംസ്ഥാനത്തു നിന്ന് യു.പി.എസ്.സി.ക്കു സമർപ്പിച്ച ഒൻപത് പേരുടെ പട്ടികയിൽ നിന്ന് മൂന്നു പേരുകൾ സംസ്ഥാന സർക്കാരിന് നൽകും. അതിൽ നിന്ന് സർക്കാരിന് പോലീസ് മേധാവിയെ നിയമിക്കാം.
https://www.facebook.com/Malayalivartha