പൂവച്ചല്‍ ഒരു തേന്‍മഴ പോലെ... പാട്ടെഴുത്തിന് കാലവും സ്ഥലവും സമയവും നോക്കാത്ത പൂവച്ചല്‍ ഖാദറിന്റെ വിട ഒരു വിട തന്നെ; ഈണം മനസില്‍ പതിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഏകാന്തതയിലേക്ക് ഉള്‍വലിയുന്നതാണ് രീതി; പൂവച്ചല്‍ ഖാദര്‍ ഒരു വിസ്മയം

മലയാളത്തിന് മധുരമൂറുന്ന ഗാനങ്ങള്‍ സമ്മാനിച്ച പൂവച്ചല്‍ ഖാദദിന്റെ വിട ചലച്ചിത്ര ഗാനലോകത്തെ ശോകമൂകമാക്കിയിരിക്കുകയാണ്.
വേണ്ടിവന്നാല്‍ എവിടെയിരുന്നും പാട്ടെഴുതും പൂവച്ചല്‍ ഖാദര്‍. ഈണം മനസ്സില്‍ പതിഞ്ഞുകഴിഞ്ഞാല്‍ പിന്നെ ഏകാന്തതയിലേക്ക് ഉള്‍വലിയുന്നതാണ് തന്റെ രീതിയെന്ന് പൂവച്ചല്‍ തന്നെ പറഞ്ഞിട്ടുണ്ട്. ചുറ്റുമുള്ള ബഹളമെല്ലാം അതോടെ ശമിക്കും. ഞാനും എന്റെ ഭാവനയും മാത്രമുള്ള ഒരു ലോകമേയുള്ളൂ പിന്നെ. അവിടെയിരുന്ന് പാട്ടെഴുതാന്‍ എളുപ്പമാണെന്നും പൂവച്ചല്‍ വ്യക്തമാക്കി.
മിന്നല്‍വേഗത്തില്‍ പാട്ടെഴുതാന്‍, വേണമെങ്കില്‍ മാറ്റിയെഴുതാനും ഉള്ള കഴിവാണ് പൂവച്ചലിനെ 1970'80 കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ ഗാനരചയിതാവാക്കി മാറ്റിയത്. 'കായലും കയറും' എന്ന ചിത്രത്തിലെ പാട്ടെഴുത്തിന്റെ കഥ അദ്ദേഹം വിവരിച്ചുകേട്ടിട്ടുണ്ട്. ''സംവിധായകന്‍ പറഞ്ഞുതന്ന സന്ദര്‍ഭത്തിന് അനുയോജ്യമായ വരികള്‍ തന്നെയാണ് എഴുതിയത്. 'രാവിന്‍ കണ്മഷി വീണുകലങ്ങിയ...' എന്ന് തുടങ്ങുന്ന കാവ്യാത്മകമായ ഗാനം. പാട്ട് കൊള്ളാം,
പക്ഷേ, കുറച്ചുകൂടി ജനകീയമാകണം ഈണവും വരികളും എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ഞൊടിയിടയില്‍ സംഗീത സംവിധായകന്‍ കെ.വി. മഹാദേവന്‍ ട്യൂണ്‍ മാറ്റി. അതൊരു വെല്ലുവിളിയായിരുന്നു എനിക്ക്. അതേയിരിപ്പില്‍ പത്തു പതിനഞ്ചു നിമിഷങ്ങള്‍ക്കകം പുതിയ വരികള്‍ എഴുതിക്കൊടുത്തു ഞാന്‍. ഈണത്തിന്റെ സ്‌കെയിലില്‍ പൂര്‍ണമായും ഒതുങ്ങിനില്‍ക്കുന്ന പാട്ട്.
വാശിയോടെ അന്ന് പൂവച്ചല്‍ എഴുതിക്കൊടുത്ത പാട്ട് ഇന്ന് ചരിത്രത്തിന്റെ ഭാഗം 'ശരറാന്തല്‍ തിരിതാണു മുകിലിന്‍ കുടിലില്‍, മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു...' യേശുദാസിന്റെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളില്‍ ഒന്ന്. രചനാജീവിതത്തില്‍ തനിക്ക് വഴിത്തിരിവായത് ആ പാട്ടാണെന്ന് വിശ്വസിച്ചു പൂവച്ചല്‍. കായലും കയറും(1979) എന്ന ചിത്രത്തിലെ മറ്റു പാട്ടുകളും ജനപ്രീതിയില്‍ ഒട്ടും പിന്നിലായിരുന്നില്ല:
'ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍ എത്തിടാമോ പെണ്ണേ ചിറയന്‍കീഴിലെ പെണ്ണേ ചിരിയില്‍ ചിലങ്ക കെട്ടിയ പെണ്ണേ...' (യേശുദാസ്), 'കടക്കണ്ണിലൊരു കടല്‍ കണ്ടു...' (വാണി ജയറാം), 'രാമായണത്തിലെ ദുഃഖം...' (എന്‍.വി.ഹരിദാസ്). പ്രശസ്ത ചിത്രകാരന്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞതോര്‍മയുണ്ട്: ''എന്റെ നാട്ടിലുള്ള സകല പെണ്ണുങ്ങളെയും ഞാന്‍ വരച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ ചിരിയില്‍ ചിലങ്ക കെട്ടിയ പെണ്ണിനെ കണ്ടിട്ടില്ല. താന്‍ എന്നെയും കടത്തിവെട്ടിക്കളഞ്ഞല്ലോ എന്ന്.''
പൂവച്ചല്‍ ആദ്യമായി ഒരു മുഴുനീള ഗാനമെഴുതിയത് റവ. സുവിശേഷമുത്തു സംവിധാനംചെയ്ത 'കാറ്റു വിതച്ചവന്‍'(1973) എന്ന ചിത്രത്തിനുവേണ്ടിയാണ്. പീറ്റര്‍ റൂബന്റെ സംഗീതത്തില്‍ മേരി ഷൈല പാടിയ ആ ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രിസ്തീയ ഭക്തിഗാനമായി ഇന്നും നിലനില്‍ക്കുന്നു. 'നീയെന്റെ പ്രാര്‍ഥന കേട്ടു, നീയെന്റെ മാനസം കണ്ടു...'' അതേ ചിത്രത്തിലാണ് യേശുദാസ് ശബ്ദം നല്‍കിയ ആ മനോഹരപ്രണയഗാനവും. 'മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു...' മലയാള സിനിമാ സംഗീതചരിത്രത്തിന്റെ ഭാഗമായി മാറിയ ജൈത്രയാത്ര തുടങ്ങിയിരുന്നതേയുള്ളൂ പൂവച്ചല്‍.
'ഏതോ ജന്മകല്പനയില്‍...' (പാളങ്ങള്‍), 'ഇതിലേ ഏകനായ്...' (ഒറ്റപ്പെട്ടവര്‍), 'ഋതുമതിയായ് തെളിമാനം...' (മഴനിലാവ്), 'അനുരാഗിണീ ഇതായെന്‍...' (ഒരു കുടക്കീഴില്‍), 'സിന്ദൂര സന്ധ്യക്ക് മൗനം...' (ചൂള), 'രാജീവം വിടരും നിന്‍ മിഴികള്‍...' (ബെല്‍റ്റ് മത്തായി), പണ്ടൊരു കാട്ടിലൊരാണ്‍സിംഹം (സന്ദര്‍ഭം), 'കരളിലെ കിളി പാടി...' (അക്കച്ചീടെ കുഞ്ഞുവാവ), 'മന്ദാരച്ചെപ്പുണ്ടോ...' (ദശരഥം), 'പൂമാനമേ...' (നിറക്കൂട്ട്) ' പൊന്‍വീണേ...' (താളവട്ടം), 'കിളിയേ കിളിയേ...' (ആ രാത്രി), 'കായല്‍ക്കരയില്‍ തനിച്ചുവന്നത്...' (കയം).... മലയാളികള്‍ ഇന്നും ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന പാട്ടുകള്‍. എ.ടി. ഉമ്മറാണ് പൂവച്ചലിന്റെ ഏറ്റവുമധികം രചനകള്‍ക്ക് ഈണംപകര്‍ന്നത്. തൊട്ടുപിന്നില്‍ ശ്യാം, ജോണ്‍സണ്‍, രവീന്ദ്രന്‍ തുടങ്ങിയവരും.
"
https://www.facebook.com/Malayalivartha

























