അടുത്തത് കോണ്‍ഗ്രസിനുള്ളില്‍... സുധാകരനെതിരെയുള്ള യുദ്ധ പ്രഖ്യാപനം താത്ക്കാലികമായി അവസാനിപ്പിച്ച് സിപിഎം; സുധാകരന്‍ പറയാന്‍ പാടില്ലാത്തതു പറഞ്ഞു; അതിനു മറുപടി നല്‍കി; അതോടെ അത് അവസാനിച്ചു; സുധാകരന്‍ കോണ്‍ഗ്രസിനെ അഴിച്ച് പണിയാന്‍ തുടങ്ങി

മൂന്നാല് ദിവസമായി നീണ്ടുനിന്ന മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും തമ്മിലുള്ള വെല്ലുവിളികള്‍ അവസാനിച്ചതായി സൂചന. കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ഏറ്റുമുട്ടല്‍ തുടരില്ലെന്നു സിപിഎമ്മും എല്‍ഡിഎഫും സൂചന നല്‍കി. സുധാകരന്‍ പറയാന്‍ പാടില്ലാത്തതു പറഞ്ഞു. അതിനു മറുപടി നല്‍കി. അതോടെ അത് അവസാനിച്ചു എന്നാണ് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവന്‍ വ്യക്തമാക്കിയത്.
ഉയര്‍ന്നുവരുന്ന വിഷയങ്ങളോടു പ്രതികരിക്കുക എന്നതാണു പാര്‍ട്ടിയുടെ നിലപാട്. അല്ലാതെ എല്ലാ ദിവസവും പറയുന്നതിനു മറുപടി നല്‍കുക എന്ന രീതിയില്ല. നാല്‍പാടി വാസു, സേവറി നാണു കേസുകളില്‍ പുനരന്വേഷണം വേണോ എന്നതെല്ലാം നിയമപരമായ കാര്യങ്ങളാണെന്നും സര്‍ക്കാര്‍ പരിശോധിക്കുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
അതേസമയം തുടങ്ങിയതും അവര്‍, നിര്‍ത്തിയതും അവര്‍, കൂടുതലൊന്നും പറയാനില്ല എന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം. വാക്‌പോര് പ്രയോജനപ്പെട്ടതു സുധാകരനാണെന്നു സിപിഎമ്മില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. പഴയ ക്യാംപസ് ഏറ്റുമുട്ടല്‍ അയവിറക്കിയുള്ള വാക്‌പോര് കോവിഡ് കാലത്തു ഇരുവരുടെയും പദവിക്കു ചേര്‍ന്നതല്ലെന്ന അഭിപ്രായവും ഉയര്‍ന്നു. സുധാകരന്റെ മറുപടിക്കു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാന്‍ മുതിര്‍ന്നതുമില്ല.
ഈ വിവാദങ്ങളില്‍ പെട്ടു പോയത് സുധാകരനാണ്. പഴയ കേസുകള്‍ പൊങ്ങി വരുമോയെന്ന ആശങ്കയുണ്ട്. നഗരത്തിലെ സേവറി ഹോട്ടലിനുനേരെയുണ്ടായ ബോംബേറില്‍ തൊഴിലാളി കെ. നാണു കൊല്ലപ്പെട്ട സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പ്രതിയാക്കി തുടരന്വേഷണം നടത്തണമെന്നു നാണുവിന്റെ ഭാര്യ എ.ഭാര്‍ഗവി ആവശ്യപ്പെട്ടു. നാണുവിനെ കോണ്‍ഗ്രസുകാര്‍ അബദ്ധത്തില്‍ കൊലപ്പെടുത്തിയതാണെന്നു സുധാകരന്‍ ശനിയാഴ്ച പറഞ്ഞിരുന്നു. അദ്ദേഹം ഡിസിസി പ്രസിഡന്റായിരിക്കെ 1992 ജൂണ്‍ 13നായിരുന്നു സംഭവം.
അതേസമയം സുധാകന്‍ പാര്‍ട്ടി അഴിച്ചുപണിയിലേക്ക് കടന്നു. പാര്‍ട്ടിയുടെ പുനഃസംഘടനാ ചര്‍ച്ചയിലേക്കാണ് കോണ്‍ഗ്രസ് കടന്നിരിക്കുന്നത്. നാളെ രാഷ്ട്രീയകാര്യ സമിതി യോഗം മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യും. കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ സ്ഥാനമേറ്റ ശേഷമുളള ആദ്യ രാഷ്ട്രീയകാര്യ സമിതിയാണു നാളെ ചേരുന്നത്. കെപിസിസി, ഡിസിസി അഴിച്ചു പണിയാണു സുധാകരന്റെ ആദ്യ സംഘടനാ ദൗത്യം.
കെപിസിസിയിലും ഡിസിസിയിലും നിലവിലെ ജംബോ സമിതി ഇനി ഉണ്ടാകില്ലെന്നു സുധാകരന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പാര്‍ട്ടിയിലെ പൊതു വികാരവും അതാണെങ്കിലും ഭാരവാഹികളാകാന്‍ കൊതിക്കുന്നവരുടെ വന്‍ സമ്മര്‍ദം നേതാക്കള്‍ നേരിടുന്നു. കെപിസിസിക്കു നിര്‍വാഹക സമിതി അടക്കം 51 അംഗ സമിതി രൂപീകരിക്കാനാണു സുധാകരന്‍ ഉദ്ദേശിക്കുന്നത്. വൈസ് പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരുമായി പത്തില്‍ താഴെ പേര്‍ മതിയെന്നും അദ്ദേഹം കരുതുന്നു. ഡിസിസികളിലും അതേ മാതൃക തുടരുകയാണു ലക്ഷ്യം. 96 സെക്രട്ടറിമാരെയാണു മുല്ലപ്പള്ളി നിയമിച്ചതെങ്കില്‍ ഇത്തവണ സെക്രട്ടറിമാര്‍ തന്നെ വേണോ എന്ന സന്ദേഹത്തിലാണു സുധാകരന്‍.
താഴേത്തട്ടില്‍ കുടുംബ യൂണിറ്റുകള്‍ രൂപീകരിക്കാനുള്ള സുധാകരന്റെ നിര്‍ദേശം നാളത്തെ യോഗം പരിഗണിക്കും. 20-30 വീടുകള്‍ക്ക് ഒരു യൂണിറ്റ് എന്നതാണ് അദ്ദേഹത്തിന്റെ ആശയം. രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അഭാവം പരിഹരിക്കാന്‍ പാര്‍ട്ടി സ്‌കൂള്‍, കെപിസിസിക്കു മൂന്നു മേഖലാ ഓഫിസുകള്‍ തുടങ്ങിയ ആശയങ്ങളും അദ്ദേഹം അവതരിപ്പിച്ചേക്കും. പിണറായി വിജയനുമായുള്ള ഏറ്റുമുട്ടല്‍ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തെ കൂടുതല്‍ ശക്തനാക്കിയെന്നാണു വിലയിരുത്തല്‍. സുധാകരന് എ,ഐ ഗ്രൂപ്പുകള്‍ നല്‍കുന്ന പിന്തുണ സംബന്ധിച്ച സൂചനകള്‍ നാളത്തെ യോഗത്തോടെ വ്യക്തമാകും.
https://www.facebook.com/Malayalivartha

























