ശാസ്താംകോട്ടയില്‍ ഭര്‍ത്യഗ്യഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം കൈതോട് സ്വദേശിനി വിസ്മയയുടെയും ഭര്‍ത്താവ് കിരണിന്റെയും ഫെയ്‌സ് ബുക്കില്‍ സംഭവിച്ചതെന്താണ്?

ശാസ്താംകോട്ടയില്‍ ഭര്‍ത്യഗ്യഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം കൈതോട് സ്വദേശിനി വിസ്മയയുടെയും ഭര്‍ത്താവ് കിരണിന്റെയും ഫെയ്‌സ് ബുക്കില്‍ സംഭവിച്ചതെന്താണ്?
ജൂണ്‍ 8 നാണ് വിസ്മയ തന്റെ ഫെയ്‌സ് ബുക്കില്‍ അവസാനത്തെ പോസ്റ്റിട്ടത്. അതില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍. എസിനെ ടാഗ് ചെയ്തിരുന്നു. ഒരു മഴക്കാല കാര്‍ യാത്രയായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ആദം ജോണ്‍ എന്ന ചിത്രത്തിലെ ഗാനമായിരുന്നു വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉണ്ടായിരുന്നത്.
കിരണിന്റെ പേരിനൊപ്പം മഴത്തുള്ളിയും സ്‌നേഹത്തിന്റെ ചിഹ്നവുമൊക്കെ വിസ്മയ ചാര്‍ത്തിയിരുന്നു. സ്വാഭാവികമായും ഒരു മഴക്കാലം പോലെ മനോഹരമായ ഒരു ജീവിതമായിരുന്നിരിക്കണം വിസ്മയ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചാണ്.
വിസ്മയ മരിച്ച വാര്‍ത്ത പുറത്തുവന്നയുടനെ 200 കെ ആണ് വീഡിയോ കണ്ടത്. രാത്രി വൈകുവോളം പതിനായിര കണക്കിനാളുകളാണ് വിസ്മയയുടെയും കിരണിന്റെയും ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളില്‍ കമന്റിട്ടത്.
കിരണിനെതിരെ ജനരോഷം പടര്‍ന്നൊഴുകി. പച്ചതെറിയാണ് ജനങ്ങള്‍ എഴുതിയത്. സ്ത്രീധനത്തിനെതിരെയും ജനരോഷം ജ്വലിച്ചു. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനെ രൂക്ഷമായ ഭാഷയിലാണ് അവര്‍ വിമര്‍ശിച്ചത്.കിരണിനെ ജയിലില്‍ അടയ്ക്കണം എന്ന് ജനങ്ങള്‍ ആക്രോശിച്ചു.
വിസ്മയയുടെ മാതാപിതാക്കള്‍ക്ക് എതിരെയും ജനരോഷം ഇളകി. ജസ്റ്റിസ് ഫോര്‍ വിസ്മയ വി. നായര്‍ എന്ന ഹാഷ് ടാഗുകള്‍ രൂപപ്പെട്ടു. കിരണിന്റെ ചിത്രം പുറത്തുവിടാന്‍ ആദ്യഘട്ടത്തില്‍ പോലീസ് തയ്യാറാകാത്തതിനെയും പ്രതിഷേധം ഇരമ്പി. കിരണിന്റെ ഫോട്ടോ നാട്ടുകാര്‍ തന്നെ പോസ്റ്റ് ചെയ്തു. കിരണിനെ ജീവിക്കാന്‍ അനുവദിക്കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.ഇത്രയധികം വികാരധീനരായി പ്രേക്ഷകര്‍ പ്രതികരിച്ച മറ്റ് സന്ദര്‍ഭങ്ങള്‍ കുറവാണ്.
വിസ്മയയുടെ മരണത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ പിഴവാണ് ചൂണ്ടികാണിക്കപ്പെടുന്നത്. വിസ്മയയുടെ പരാതി നേരത്തെ പൊലീസില്‍ എത്തിയിട്ടും ഒത്തുതീര്‍പ്പാക്കിയതായി പിതാവ് ത്രിവിക്രമന്‍ നായര്‍ സമ്മതിച്ചിട്ടുണ്ട്.
മദ്യപിച്ച് വീട്ടിലെത്തി വിസ്മയയെയും സഹോദരനെയും ഉപദ്രവിച്ചതിന് പിന്നാലെയാണ് ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് പൊലീസ് എഴുതിവാങ്ങി കിരണിനെ വിട്ടയച്ചതായും വിസ്മയയുടെ പിതാവ് പറഞ്ഞു. അന്നേ പോലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ വിസ്മയ മരിക്കില്ലായിരുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ള അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടറാണ് കിരണ്‍. രണ്ട് മാസം മുമ്പാണ് വിസ്മയയെ അവരുടെ വീട്ടില്‍ കൊണ്ടു നിര്‍ത്തിയത്. ബിഎംഎസിന് പന്തളം എന്‍എസ്എസ് കോളജില്‍ പഠിക്കുകയായിരുന്നു വിസ്മയ.
പരീക്ഷയുടെ അവസാന ദിവസമാണ് കിരണ്‍ അയാളുടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയത്. വീട്ടിലെത്തിയെന്നും കുറച്ചുദിവസം കഴിഞ്ഞ് അങ്ങോട്ട് വരാമെന്നും വിസ്മയ അമ്മയെ വിളിച്ചു പറഞ്ഞു. അവന്‍ വിളിക്കാന്‍ സമ്മതിക്കില്ലെന്നും സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കുകയാണെന്നും വിസ്മയ പറഞ്ഞിരുന്നതായി പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.
കാറിന്റെ പേരിലാണ് വിസ്മയയെ കിരണ്‍ നിരന്തരം ഉപദ്രവിച്ചിരുന്നത്. ഒന്നര ഏക്കറോളം ഭൂമിയും 100പവന്‍ സ്വര്‍ണവും വേറെ കൊടുത്തിരുന്നു. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യം. അത് മകള്‍ തന്നോട് പറഞ്ഞു. എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറാണെന്നും വില്‍ക്കാന്‍ കഴിയില്ലെന്നും മകളോട് താന്‍ പറഞ്ഞു. അതോടെ ആ കാര്യം പറഞ്ഞ് മകളെ നിരന്തരം ഉപദ്രവിക്കാന്‍ തുടങ്ങി.
സിസി ഇട്ട് വാങ്ങിയതാണ് കാറെന്ന് അറിഞ്ഞതിന് ശേഷം കഴിഞ്ഞ ജനുവരില്‍ രാത്രി ഒരു മണിയോടെ കിരണ്‍ മകളുമായി വീട്ടില്‍ വന്നു. വണ്ടി വീട്ടില്‍ കൊണ്ടയിട്ടു. മകളെ അവിടെ വെച്ച് അടിച്ചു. തടയാന്‍ ശ്രമിച്ച വിസ്മയയുടെ സഹോദരനെയും അടിച്ചു. അതോടെ പൊലീസ് പരാതി നല്‍കി. ആ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ കിരണ്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. എസ്‌ഐയുടെ വസ്ത്രം കീറുകയും ചെയ്തു.
പരിശോധനയില്‍ കിരണ്‍ മദ്യപിച്ചിരിക്കുകയാണെന്ന് തെളിഞ്ഞു. അവിടത്തെ സിഐ പറഞ്ഞത് അനുസരിച്ച് എഴുതി ഒപ്പിട്ട് നല്‍കിയ ശേഷമാണ് അവനെ വിട്ടയച്ചത്. വീട്ടില്‍ വന്ന് മകനെ അടിച്ച ശേഷം കിരണുമായി സംസാരിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. വീട്ടില്‍ നിര്‍ത്തിയ ശേഷം മകള്‍ എന്നോട് പറയാതെയാണ് കിരണിന്റെ വീട്ടിലേക്ക് തിരികെ പോയത്.
അതുകൊണ്ട് തന്നെ എന്നെ വിളിക്കാറില്ലായിരുന്നു. അമ്മയെ വിളിച്ച് കാര്യങ്ങള്‍ പറയുമെങ്കിലും അവര്‍ എന്നില്‍ നിന്ന് അവരും കാര്യങ്ങള്‍ ഒളിച്ചുവച്ചു. അതാണ് ഒടുവില്‍ ഇത്തരമൊരു ദുരന്തത്തില്‍ കലാശിച്ചതെന്നും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറയുന്നു.
ഏതായാലും കിരണിന്റെ അറസ്റ്റിന് പോലീസിനെ നിര്‍ബന്ധമാക്കിയത് സമൂഹ മാധ്യമങ്ങളുടെ ഇടപെടലാണ്.കിരണിനെ പോലീസ് വിചാരിച്ചാലും രക്ഷിക്കാനാകില്ല. കാരണം സമൂഹ മാധ്യമങ്ങള്‍ പോലീസിന് പിന്നാലെ തന്നെയുണ്ട്.
"
https://www.facebook.com/Malayalivartha

























