കച്ചമുറുക്കി കവരത്തി പോലീസ്... രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതിനുപുറമേ ആയിഷ സുല്‍ത്താനയ്ക്ക് കുരുക്കുമുറുക്കി ലക്ഷദ്വീപ് ഭരണകൂടം; ദ്വീപിലെത്തിയിട്ടും ആളായാല്‍ എങ്ങനെ ശരിയാകും; ദ്വീപിലെ ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ഇനി നോക്കിയിരിക്കില്ല; ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യത്തില്‍ ലക്ഷദ്വീപിലെത്തിയ ആയിഷ സുല്‍ത്താന ലക്ഷദ്വീപിലെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ആയിഷ പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവരുമായി സംസാരിച്ചതോടെ പോലീസും നിയന്ത്രണം കടുപ്പിച്ചു.
രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതിനുപുറമേ ആയിഷ സുല്‍ത്താനയ്ക്ക് കുരുക്കുമുറുക്കിയിരിക്കുകയാണ് ലക്ഷദ്വീപ് ഭരണകൂടം. ചോദ്യംചെയ്യലിന് രണ്ടാമതും ഹാജരാകാന്‍ കവരത്തി പോലീസ് നോട്ടീസ് നല്‍കി. ദ്വീപിലെ ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് കളക്ടര്‍ താക്കീത് നല്‍കുകയും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് നോട്ടീസും നല്‍കി.
രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ബുധനാഴ്ച രാവിലെ 10.30ന് വിണ്ടും കവരത്തി പോലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം. ഞായറാഴ്ച ചോദ്യംചെയ്ത് വിട്ടയച്ചപ്പോള്‍ ദ്വീപ് വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റുണ്ടാവുകയാണെങ്കില്‍ ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ആയിഷ ദ്വീപിലെ ഹോം ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് കളക്ടര്‍ എസ്. അസ്‌കര്‍ അലിയാണ് നോട്ടീസ് നല്‍കിയത്. ഞായറാഴ്ച പോലീസ് ചോദ്യം ചെയ്യലിനുശേഷം പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവരുമായി സംസാരിച്ചെന്നാണ് കണ്ടെത്തല്‍.
ആയിഷ ദ്വീപ് പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിച്ചതിന്റെയും അംഗങ്ങളുമായി യോഗം നടത്തിയതിന്റെയും വീഡിയോയും ചിത്രങ്ങളും ഭരണകൂടം ശേഖരിച്ചിരുന്നു. തിങ്കളാഴ്ച ദ്വീപിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രം ആയിഷ സന്ദര്‍ശിച്ചതും കോവിഡ് രോഗികളുമായി സംസാരിച്ചതും ഗുരുതര ചട്ടലംഘനമായാണ് ഭരണകൂടം വിലയിരുത്തുന്നത്. ഹോം ക്വാറന്റീന്‍ ലംഘിക്കുന്നത് ആവര്‍ത്തിച്ചാല്‍ കര്‍ശനനടപടിയുണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച ജര്‍മന്‍ പൗരനെ ജാമ്യവ്യവസ്ഥ തെറ്റിച്ചെന്നാരോപിച്ച് ലക്ഷദ്വീപ് പോലീസ് തടവിലാക്കിയിരുന്നു. ഇയാള്‍ മോചനത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിന് സമാനമായാണ് ആയിഷക്കെതിരേയുള്ള നടപടികളും നീങ്ങുന്നതെന്നാണ് സൂചന.
അതേസമയം ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ വന്നു. ഡയറിഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ്, സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തില്‍ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരങ്ങള്‍ ഒഴിവാക്കുനുള്ള ഉത്തരവുകളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ ലക്ഷദ്വീപ് സ്വദേശി അജ്മല്‍ അഹമ്മദ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ രണ്ട് വിവാദ ഉത്തരവുകളിലും തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതുവരെ തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നാണ് നിര്‍ദേശം. ഇപ്പോള്‍ സ്‌റ്റേ ചെയ്ത രണ്ട് വിവാദ ഉത്തരവുകളെയും കുറിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു.
കേന്ദ്രസര്‍ക്കാരിന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള സാവകാശം കോടതി നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. അതുവരെ ഈ രണ്ട് ഉത്തരവുകളിലും തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
"
https://www.facebook.com/Malayalivartha






















