റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗവും സിപിഐ നേതാവുമായ കെ.പി.ശങ്കരദാസിനെ (85) മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു ചികിത്സ മാറ്റാന്‍ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സി.എസ്. മോഹിത് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.
ബുധനാഴ്ച രാത്രി ഏഴു മണിയോടെ ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഇന്നലെ ജഡ്ജി ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. നിലവില്‍ ലഭിക്കുന്ന ചികിത്സ മെഡിക്കല്‍ കോളജില്‍ ലഭ്യമാക്കാനാണ് നിര്‍ദേശം. ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തിയ ജഡ്ജി ചികിത്സയുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടായി വാങ്ങി. ഇതേ ചികിത്സ മെഡിക്കല്‍ കോളജില്‍ നല്‍കുന്നതിന് മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്നു റിപ്പോര്‍ട്ട് വാങ്ങി. ഇതിനു ശേഷം ജയില്‍ ഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ടും ലഭിച്ചശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
ഇപ്പോള്‍ കിട്ടുന്ന ചികിത്സ തന്നെ ലഭ്യമാക്കണമെന്നും മാനസിക സമ്മര്‍ദം ഉണ്ടായി വീണ്ടും പക്ഷാഘാതത്തിന് സാധ്യതയുണ്ടെന്നുള്ള ആശങ്ക ബന്ധുക്കള്‍ ജഡ്ജിയെ അറിയിച്ചിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് സ്‌കാനിങ്ങില്‍ കണ്ടെത്തിയെന്നും കടുത്ത പക്ഷാഘാതം ഉണ്ടായെന്നുമാണ് സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജിലേക്ക് ചികിത്സ മാറ്റുന്നതോടെ ഇനി അവിടെ നിന്നുള്ള റിപ്പോര്‍ട്ടാണ് കോടതി പരിഗണിക്കുക.
https://www.facebook.com/Malayalivartha






















