വാജി വാഹനം തന്ത്രിക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്ന് റിപ്പോര്‍ട്ട്

ശബരിമലയിലെ വാജി വാഹനം തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരമാണെന്ന് റിപ്പോര്‍ട്ട്. നടപടികള്‍ എല്ലാം നടന്നത് ഹൈക്കോടതിയുടെ അറിവോടെയാണെന്ന് അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 മാര്‍ച്ചിലാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.
നടപടികള്‍ നടന്നത് അഡ്വക്കേറ്റ് കമ്മീഷണറുടെ സാന്നിദ്ധ്യത്തിലാണ്. വാജി വാഹന കൈമാറ്റം അടക്കം എല്ലാം ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും കൊടിമര നിര്‍മ്മാണ പ്രവൃത്തി മാതൃകാപരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അഡ്വക്കേറ്റ് കമ്മീഷണറുടെ പ്രവൃത്തിയെ പ്രശംസിച്ചു എന്നുള്‍പ്പടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്.
ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് വാജിവാഹനം കസ്റ്റഡിയില്‍ എടുത്തത്. അഷ്ടദിക്ക്പാലകര്‍ അടക്കം കൊടിമരത്തിലെ മറ്റ് വസ്തുക്കള്‍ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റിയിരുന്നു. ഇത് തിരുവാഭരണം കമ്മീഷണറുടെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും സാന്നിദ്ധ്യത്തിലാണ്. സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമില്‍ സീല്‍ ചെയ്താണ് ഇവ മാറ്റിയതെന്നും കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ശബരിമലയിലെ പഴയ വാജി വാഹനം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 2017ല്‍ ശബരിമലയില്‍ പുതിയ കൊടിമരം പ്രതിഷ്ഠിച്ചിരുന്നു. ഇതോടെ പഴയ കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാജി വാഹനം, വിശ്വാസപ്രകാരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് തന്ത്രി കണ്ഠരര് രാജീവര് ആവശ്യപ്പെട്ടു.
അന്നത്തെ ദേവസ്വം ബോര്‍ഡ് തന്ത്രിക്ക് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ വാജി വാഹനം തന്റെ വസതിയിലുണ്ടെന്ന് തന്ത്രി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ വാജി വാഹനം തിരിച്ചു നല്‍കാമെന്ന് തന്ത്രി പറഞ്ഞെങ്കിലും കേസ് നടക്കുന്നതിനാല്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാന്‍ തയ്യാറായില്ല.
https://www.facebook.com/Malayalivartha






















