അരുണാചൽ പ്രദേശിലെ തവാങ്ങിൽ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു...ഇറങ്ങരുതെന്ന് ബോർഡ് കണ്ടിട്ടും ഇറങ്ങി..ഒരാളെ കാണാതായി..ഏഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും..

എത്രയൊക്കെ പറഞ്ഞാലും അനുസരിക്കില്ല ചിലർ പക്ഷെ ഒടുവിൽ മരണമായിരിക്കും സംഭവിക്കുക . അരുണാചൽ പ്രദേശിലെ തവാങ്ങിൽ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു. കൊല്ലം സ്വദേശി ദിനുവാണ് (26) മരിച്ചത്. ദിനുവിനൊപ്പമുണ്ടായിരുന്ന മാധവ് മഹാദേവിനെ കാണാതായി. ഗുവാഹത്തി വഴി തവാങ്ങിൽ കൊല്ലത്ത് നിന്ന് വിനോദയാത്രയ്‌ക്കെത്തിയ ഏഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ചുപേർ രക്ഷപ്പെട്ടു.തവാങ്ങിലെ തണുത്തുറഞ്ഞ സേല തടാകത്തിലൂടെ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തടാകത്തിൽ മുങ്ങിയ ഒപ്പമുണ്ടായിരുന്നയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദിനുവും മാധവും വെള്ളത്തിൽ വീണത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. പൊലീസും ദുരന്തനിവാരണ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ദിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വെളിച്ചക്കുറവ് കാരണം മാധവിനായുള്ള തെരച്ചിൽ വൈകിട്ടോടെ നിർത്തിവച്ചിരുന്നു.ദിനുവിന്റെ മൃതദേഹം ജാംഗ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. രക്ഷപ്പെട്ട അഞ്ചുപേർ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
മഞ്ഞുമൂടിയ ഹിമാലയൻ മലനിരകൾക്ക് നടുവിൽ കണ്ണാടി പോലെ കിടക്കുന്ന സേലാ തടാകം വർഷത്തിൽ മിക്കവാറും സമയങ്ങളിലും മഞ്ഞുമൂടിയാണ് കിടക്കുന്നത്. തടാകത്തിൽ ഇറങ്ങുന്നതിന് വിനോദസഞ്ചാരികൾക്ക് അനുമതിയില്ല.തടാകത്തിന് ചുറ്റിലും കോൺക്രീറ്റ് നടപ്പാതയുണ്ട്.സംഘത്തിലെ ഒരാൾ തണുത്തുറഞ്ഞ തടാകത്തിലേക്ക് വഴുതി വീണതോടെയാണ് അപകടമുണ്ടായത്. ഇവരെ രക്ഷിക്കാനായി ദിനുവും മഹാദേവും തടാകത്തിലേക്ക് ഇറങ്ങി. വീണയാൾ സുരക്ഷിതമായി പുറത്തുവന്നെങ്കിലും മറ്റു രണ്ടു പേർ മഞ്ഞുകട്ടകൾക്കിടയിലെ തണുത്ത വെള്ളത്തിനടിയിലേക്ക് ഒലിച്ചു പോവുകയായിരുന്നുവെന്ന് എസ്.പി പറഞ്ഞു.
ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും തുടർന്ന് ജില്ലാ പോലീസ്, കേന്ദ്ര സേന, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) എന്നിവരുടെ സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചതായും എസ്പി പറഞ്ഞു. ദുഷ്‌കരമായ കാലാവസ്ഥയും കുറഞ്ഞ കാഴ്ച പരിധിയും ഉണ്ടായിരുന്നിട്ടും, ഒരു വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെടുത്തു. ഇരുട്ടും കഠിനമായ സാഹചര്യവും കാരണം കാണാതായ വ്യക്തിക്കായുള്ള തിരച്ചിൽ നിർത്തിവയ്ക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















