യു ഡി എഫിന്റെ തോല്‍വിക്ക് കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന് ലീഗ് പറയുന്നത് എന്തു കൊണ്ട് ?

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ യു ഡി എഫിന്റെ തോല്‍വിക്ക് കാരണം പി .കെ. കുഞ്ഞാലിക്കുട്ടിയാണോ? ഇത് പറഞ്ഞത് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ശത്രുക്കളാണെങ്കില്‍ സഹിക്കാമായിരുന്നു.
എന്നാല്‍ ലീഗ് അണികള്‍ തന്നെ ഇങ്ങനെ പറഞ്ഞു തുടങ്ങിയാലോ? മലപ്പുറത്തും കോഴിക്കോട്ടുമുള്ള യൂത്ത് ലീഗുകള്‍ ഇപ്പോള്‍ സ്ഥിരമായി പറയുന്നത് കുഞ്ഞാപ്പയുടെ വരവാണ് യു ഡി എഫിന്റെ തോല്‍വിക്ക് കാരണമെന്നാണ്.
ഇതു കൊണ്ടു തീര്‍ന്നില്ല. ഓഹരി കച്ചവടം നടത്തുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറാണ് പി കെ. കുഞ്ഞാലിക്കുട്ടിയെന്നു വരെ ലീഗുകാര്‍ പറഞ്ഞു നടക്കുന്നു.. യൂത്ത് ലീഗാണ് ആദ്യം കുഞ്ഞാപ്പക്കെതിരെ രംഗത്തെത്തിയത്.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്കുള്ള മടങ്ങി വരവ് പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് യൂത്ത് ലീഗ് പറയുന്നത്. ഓഹരിക്കച്ചവടം നടത്തുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍മാരെ പോലെയാണ് ലീഗ് ഉന്നതാധികാര സമിതിയംഗങ്ങളെന്നും യൂത്ത് ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നടന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ വിമര്‍ശനം.
ലീഗ് ചിലരുടെ സ്വകാര്യ സ്വത്താണെന്നാണ് ചില നേതാക്കള്‍ കരുതുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഉന്നതാധികാര സമിതിക്കാണ്. പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിവേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ഇഷ്ടക്കാരെ തിരുകി കയറ്റിയും പ്രതിഷേധക്കാരെ അനുനയിപ്പിച്ചുമുള്ള രീതി അംഗീകരിക്കാനാവില്ല. കുന്ദമംഗലം, പട്ടാമ്പി ,തിരുമ്പാടി ,പേരാബ്പ്ര സീറ്റുകളുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും യുത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ളവര്‍ യോഗത്തില്‍ കുറ്റപ്പെടുത്തി.
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കുറെ നാളായി ലീഗില്‍ അപസ്വരങ്ങള്‍ ഉയരുന്നുണ്ടായിരുന്നു. പാര്‍ലെമെന്ററി വ്യാമോഹങ്ങളുടെ അപ്പോസ്തലനായി കുഞ്ഞാപ്പ മാറുന്നുവെന്നത് പരാതിയില്‍ കവിഞ്ഞ് ആരോപണമായി ഉയര്‍ന്നുതുടങ്ങിയിരുന്നു.
കഴിഞ്ഞ പാര്‍ലെമെന്റ് തെരഞ്ഞടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിക്കാന്‍ പോയത് കേന്ദ്രത്തില്‍ മന്ത്രിയാകാനാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇത്തവണ നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിച്ചത് കേരളത്തില്‍ മന്ത്രിയാകാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ കേന്ദ്രത്തിലും കേരളത്തിലും ഭരണം കിട്ടാതെ പോയി
ഇത്തവണ ലീഗിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിയാതെ പോയത് കുഞ്ഞാലിക്കുട്ടിയെ പോലുള്ള നേതാക്കള്‍ കാരണമാണെന്നാണ് ലീഗ് അണികള്‍ വിശ്വസിക്കുന്നത്. പി.കെ. ഫിറോസിനെ പോലെ ലീഗിന് വേണ്ടി മരിക്കാന്‍ നിന്നവരെ വിട്ടുവീഴ്ചയുടെ പേരില്‍ ഒതുക്കിയതിന്റെ പാപഭാരവും കുഞ്ഞാലികുട്ടിയുടെ ചുമലിലാണ്.
മുനീറിന്റെ ആശീര്‍വാദം കുഞ്ഞാലിക്കുട്ടിയുടെ എതിര്‍പക്ഷത്തിന് ശക്തമായിട്ടുണ്ട്. അത് തന്നെയാണ് കുഞ്ഞാലികുട്ടിയുടെ ഏറ്റവും വലിയ ഭീഷണി. ഇത്തരം ഭീഷണികള്‍ അദ്ദേഹത്തിന് അതിജീവിക്കാന്‍ കഴിയുമോ എന്ന് കണ്ടറിയണം. കാരണം സുധാകരനാണ് പി സി സി അധ്യക്ഷന്‍.അദ്ദേഹം വിട്ടു വീഴ്ച ചെയ്യുന്ന നേതാവല്ല.ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും കാലം അസ്തമിച്ച് കഴിഞ്ഞു.
https://www.facebook.com/Malayalivartha























